- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവെപ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി; റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു; രത്നഗിരിയിലേക്ക് പോയത് പുലർച്ചെ ടിക്കറ്റ് എടുക്കാതെ ജനറൽ കമ്പർട്ട്മെന്റിൽ; ട്രെയിനിൽ അക്രമം നടത്തിയത് തന്റെ കുബുദ്ധി കൊണ്ടും'; ഷാരൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി ഇങ്ങനെ
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു. പ്രതി എങ്ങനെയാണ് മഹാരാഷ്ട്രയിലേക്ക് കടന്നത് എന്ന ചോദ്യത്തിനാണ് ഉത്തരമാകുന്നത്. തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ വ്യക്തമാക്കിയിരിക്കുന്നത്. സംഭവശേഷം റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്ളാറ്റ് ഫോമിൽ ഒളിച്ചിരുന്നെന്നും ഇയാൾ പറഞ്ഞു. ഇത് ട്രെയിനിലെ സുരക്ഷകളെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതാണ്.
പുലർച്ചയോടെയാണ് രത്നഗിരിയിലേക്ക് പോയത്. ജനറൽ കമ്പർട്ട്മെന്റിൽ യാത്ര ചെയ്തത് ടിക്കറ്റ് എടുക്കാതെയാണ്. കേരളത്തിൽ എത്തുന്നത് ആദ്യമായാണെന്നും ഷാരൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ' കുബുദ്ധി' കൊണ്ടെന്നാണ് പ്രതിയുടെ മറുപടി. ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അക്രമം നടത്തിയ ട്രെയിനിൽ തന്നെയാണ് രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണ്. പൊലീസ് ഇയാൾക്കായി പരിശോധന നടത്തുമ്പോഴെല്ലാം ട്രെയിനിലും റെയിൽവേസ്റ്റേഷനിലുമായി ഇയാൾ ഉണ്ടായിരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.
കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായുള്ള വിവരവും പുറത്തുവന്നിരുന്നു. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഡൽഹിയിൽ നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് ഷാരൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. ഇയാളെ യാത്രയിലാണ് പരിചയപ്പെട്ടത്. ഷാരുഖ് സെയ്ഫിയെ ഇപ്പോൾ കോഴിക്കോട് എ ആർ ക്യാമ്പിലാണ് എത്തിച്ചിരിക്കുന്നത്.
കോഴിക്കോട്ടേക്കുള്ള ജനറൽ ടിക്കറ്റ് ആണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഏത് സ്റ്റേഷനിൽ ഇറങ്ങി എന്നറിയില്ല. ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ പമ്പിൽ പോയി മൂന്ന് കുപ്പി പെട്രോൾ വാങ്ങി. തൊട്ടടുത്ത ട്രെയിനിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ കരുതിയ ലൈറ്റർ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞതായാണ് വിവരം.
മഹാരാഷ്ട്രയിൽ വച്ചാണ് ഷാരൂഖ് സെയ്ഫി പിടിയിലായത്. തുടർന്ന് ഷഹീൻബാഗ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ ഒമ്പതരയോടെ കേരളത്തിൽ നിന്നുള്ള തീവ്രവാദ വിരുദ്ധസേന അന്വേഷണത്തിന് എത്തി. പ്രാദേശിക പൊലീസിന്റെ സഹായം അന്വേഷണ സംഘം തേടി. തുടർന്ന് എടിഎസിൽ നിന്നും ഡിവൈഎസ്പി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം ഷഹീൻബാഗിലെ ഷാരൂഖ് സെയ്ഫിയുടെ വീട്ടിൽ എത്തി.
പ്രതിയുടെ മുൻകാല പ്രവർത്തനങ്ങൾ കണ്ടെത്താനും ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ശേഖരിക്കാനും ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യംചെയ്തു. വീടിനുള്ളിൽ ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് തീവ്രവാദ വിരുദ്ധ സേന പരിശോധന നടത്തിയത്. സമീപവാസികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. മാർച്ച് 31ന് കാണാതായ യുവാവ് തന്നെയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മഹാരാഷ്ട്രയിൽ വെച്ച് പൊലീസ് പിടികൂടിയത് തന്റെ മകനെ തന്നെ ആണെന്ന് ഷാരൂഖിന്റെ പിതാവും വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് ഇന്നേവരെ പുറത്ത് പോകാത്ത ഷാരൂഖ് കേരളത്തിൽ എത്തിയിട്ടുണ്ട് എങ്കിൽ മറ്റാരെങ്കിലും മകനെ കൊണ്ടുപോയതാകും എന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇത് ആരാണെന്ന് കണ്ടെത്തണമെന്നും മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നുമാണ് പിതാവിന്റെ നിലപാട്. തീവ്രവാദ വിരുദ്ധ സേനയ്ക്ക് പുറമെ കേരള പൊലീസ് അംഗങ്ങളും പരിശോധനയ്ക്ക് എത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.
മറുനാടന് മലയാളി ബ്യൂറോ