കട്ടപ്പന: ഉപ്പുതറയിൽ യുവതിഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിന് പിന്നിൽ സ്ത്രീധന പീഡനം മൂലമെന്ന് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പന്റെ മകൾ എം.കെ. ഷീജ, ഭർത്താവ് വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

10 മാസം മുൻപാണ് ജോബീഷും, ഷീജയും വിവാഹിതരായത്. എട്ടു പവൻ സ്വർണം 2 ലക്ഷം രൂപയുമാണ് ജോബീഷിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഷീജയുടെ കുടുംബം ഇതിൽ ഒന്നര ലക്ഷം രൂപയും 6 പവനും നൽകി.
വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ബാക്കി തുകയും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും ചേർന്ന് ഷീജയെ ശല്യം ചെയ്തിരുന്നെന്നും ഇത് താങ്ങാനാവാത്ത വിഷമത്തിലാണ് കടുംകൈയ്ക്ക് മുതിർന്നതെന്നുമാണ് പിതാവ് കുട്ടപ്പനും മാതാവ് ചിന്നമ്മയും സഹോദരൻ അരുണും ഉൾപ്പെടെ ഉറ്റവർ പൊലീസിന് മുമ്പാകെ മൊഴി നൽകിയത്.

മദ്യപിച്ചെത്തി ജോബീഷ് തന്നെ മർദ്ദിക്കുമായിരുന്നെന്നും എങ്ങനെയെങ്കിലും സ്ത്രീധന പ്രശ്നം പരിഹരിക്കാൻ സഹോദരൻ അരുണിനോട് പറയണമെന്ന് ഷീജ ആവശ്യപ്പെട്ടിരുന്നതായി സഹോദരി സിനി പൊലീസിനോട് പറഞ്ഞു. പണവും സ്വർണ്ണവുമായിട്ടല്ലാതെ വീട്ടിലേയ്ക്ക് വരണ്ടെന്നും പറഞ്ഞ് കഴിഞ്ഞ മാസം 6-ന് ഷീജയെ ഏലപ്പാറയിലെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. ഓണദിവസം വന്ന് തിരികെ കൂട്ടിക്കൊണ്ടുപോയെന്നും പിറ്റേന്ന് ഷീജയുടെ മരണവാർത്തയാണ് കേട്ടതെന്നും സിനി വ്യക്തമാക്കി. സഹോദരിയുടെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെ ഒരനുഭവം ഉണ്ടാവരുത്, സിനി പറഞ്ഞു.

ഇന്ന് പീരുമേട് ഡി വൈ എസ് പി ജെ കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷീജയുടെ വീട്ടിലെത്തി മാതാപിതാക്കളുടെുയും സഹോദരങ്ങളുടെയും മൊഴി രേഖപ്പെടുത്തി. സാധ്യമായ എല്ലാരീതിയിലും തെളിവുകൾ ശേഖരിക്കുമെന്നും മാതാപിതാക്കളുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഡി വൈഎസ് പി മറുനാടനോട് വ്യക്തമാക്കി.

സ്ത്രീധനത്തിന്റെ ബാക്കി നൽകാനുള്ള 50000 രൂപ ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും മകളെ നിരന്തരം മാനസികമായി സമ്മർദ്ദത്തിലാക്കിയിരുന്നെന്നും ഇത് താങ്ങാനാവാതെയാണ് മകൾ ആത്മഹത്യചെയ്തതെന്നുമാണ് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്തു. ഇന്നലെ വരെ സി ഐ ബാബു ഇ ആണ് കേസ് അന്വേഷിച്ചിരുന്നത്.ഐ പി സി 306, 498,306 A എന്നീ വകുപ്പുകൾ ചേർത്താണ് ഭർത്താവ് ജോബീഷിനെതിരെ കേസ് എടുത്തിട്ടുള്ളത്. നാളെ ഭർത്താവ് ജോബീഷിന്റെ വീട്ടിലെത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇതിന് ശേഷമേ തുടർ നടപടികൾ ഉണ്ടാവുകയൊള്ളു എന്നാണ് സൂചന. എസ് ഐ ആന്റിണി ജോസഫ്, എ എസ് ഐ ജേക്കബ്ബ് ജോൺ, സി പി ഒ മാരായ സതീഷ് ഷിനാസ് എന്നിവരും ഡിവൈഎസ്‌പിക്കൊപ്പം എത്തിയിരുന്നു.