- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോണത്തിന് നാട്ടുകാരെ കാണിക്കാൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയെങ്കിലും പീഡനം തുടർന്നു; സ്ത്രീധന തുകയിൽ ബാക്കി കൊടുക്കാനുള്ള രണ്ടുപവനും 50,000 രൂപയ്ക്കും ആയി പൊതിരെ തല്ലും ചീത്തവിളിയും; ഉപ്പുതറയിൽ ഷീജയുടെ സ്ത്രീധന പീഡന മരണ കേസിൽ ഭർത്താവ് ജോബീഷ് അറസ്റ്റിൽ
കട്ടപ്പന: സ്ത്രീധന പീഡനത്തെ തുടർന്ന് ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പന്റെ മകൾ ഷീജ (28) യുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ഭർത്താവ് വളകോട് പുത്തൻ വീട്ടിൽ ജോബീഷ് അറസ്റ്റിൽ. പീരുമേട് പൊലീസാണ് ഇന്ന് ഉച്ചയോടെ ജോബീഷിനെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭർതൃ ഗൃഹത്തിൽ ഷീജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സത്രീധത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചതാണ് മരണം കാരണമെന്ന് ഉപ്പുതറ പൊലീസിൽ ഷീജയുടെ വീട്ടുകാർ മൊഴി നൽകിയിരുന്നു
ഇതിന്റെ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ കഴമ്പുണ്ടന്ന് കണ്ടെത്തുകയും പീരുമേട് ഡി വൈ എസ് പി കേസ് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ ഷീജയുടെ വീട്ടിലെത്തി ഡിവൈഎസ്‌പി വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് ഉണ്ടായത്.
സ്ത്രീധന പീഡനം, സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ പ്രകാരമാണ് ജോബീഷിനെതിരെ കേസെടുത്തിട്ടുളത്. കേസിലെ ഒന്നാം പ്രതിയാണ് ജോബീഷ്. സ്ത്രീധനത്തെ ചൊല്ലി പീഡനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ജോബീഷിനെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പീരുമേട് ഡിവൈഎസ്‌പി ജെ കുര്യാക്കോസ് പറഞ്ഞു.
രണ്ടും മൂന്നും പ്രതികളാണ് ജോബീഷിന്റെ മാതാപിതാക്കൾ. കൂടുതൽ അന്വേഷണത്തിന് ശേഷം ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന . അറസ്റ്റ് ചെയ്ത ജോബീഷിനെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡി വൈ എസ് പി ജെ കുര്യാക്കോബിനോടൊപ്പം സി ഐ ബാബു ഇ,എസ് ഐ ആന്റെണി ജോസഫ്, എ എസ് ഐ ജേക്കബ്ബ് ജോൺ, സി പി ഒ മാരായ സതീഷ് ഷിനാസ് എന്നിവർ കേസ് അന്വോഷണത്തിൽ പങ്കാളികളായി.
സ്വർണവും പണവും പോരാഞ്ഞ് പീഡനം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എം.കെ. ഷീജ, ഭർത്താവ് വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. 10 മാസം മുൻപാണ് ജോബീഷും, ഷീജയും വിവാഹിതരായത്. എട്ടു പവൻ സ്വർണം 2 ലക്ഷം രൂപയുമാണ് ജോബീഷിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഷീജയുടെ കുടുംബം ഇതിൽ ഒന്നര ലക്ഷം രൂപയും 6 പവനും നൽകി. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ബാക്കി തുകയും സ്വർണ്ണവും ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും ചേർന്ന് ഷീജയെ ശല്യം ചെയ്തിരുന്നെന്നും ഇത് താങ്ങാനാവാത്ത വിഷമത്തിലാണ് കടുംകൈയ്ക്ക് മുതിർന്നതെന്നുമാണ് പിതാവ് കുട്ടപ്പനും മാതാവ് ചിന്നമ്മയും സഹോദരൻ അരുണും ഉൾപ്പെടെ ഉറ്റവർ പൊലീസിന് മുമ്പാകെ മൊഴി നൽകിയത്.
മദ്യപിച്ചെത്തി ജോബീഷ് തന്നെ മർദ്ദിക്കുമായിരുന്നെന്നും എങ്ങനെയെങ്കിലും സ്ത്രീധന പ്രശ്‌നം പരിഹരിക്കാൻ സഹോദരൻ അരുണിനോട് പറയണമെന്ന് ഷീജ ആവശ്യപ്പെട്ടിരുന്നതായി സഹോദരി സിനി പൊലീസിനോട് പറഞ്ഞു. പണവും സ്വർണ്ണവുമായിട്ടല്ലാതെ വീട്ടിലേയ്ക്ക് വരണ്ടെന്നും പറഞ്ഞ് കഴിഞ്ഞ മാസം 6-ന് ഷീജയെ ഏലപ്പാറയിലെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. ഓണദിവസം വന്ന് തിരികെ കൂട്ടിക്കൊണ്ടുപോയെന്നും പിറ്റേന്ന് ഷീജയുടെ മരണവാർത്തയാണ് കേട്ടതെന്നും സിനി വ്യക്തമാക്കി. സഹോദരിയുടെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെ ഒരനുഭവം ഉണ്ടാവരുത്, സിനി പറഞ്ഞു.
സ്ത്രീധനത്തിന്റെ ബാക്കി നൽകാനുള്ള 50000 രൂപ ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും മകളെ നിരന്തരം മാനസികമായി സമ്മർദ്ദത്തിലാക്കിയിരുന്നെന്നും ഇത് താങ്ങാനാവാതെയാണ് മകൾ ആത്മഹത്യചെയ്തതെന്നുമാണ് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
മറുനാടന് മലയാളി ലേഖകന്.