തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച കേസിൽ നിർണ്ണായക വിവരം പുറത്ത്. എക്‌സൈസിന് വ്യാജ വിവരം നൽകിയയാളെ കണ്ടെത്തി. ഇയാളും കേസിൽ പ്രതിയാണ്.

ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണദാസാണ് ഷീല സണ്ണിയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്‌സൈസിന് വിവരം നൽകിയത്. ഇയാളെ പൊലീസ് കേസിൽ പ്രതി ചേർത്തു. ചോദ്യംചെയ്യലിനു ഹാജരാകാൻ നാരായണദാസിന് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിന്റെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു.

ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്‌റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗിൽനിന്ന് എക്‌സൈസ് പിടിച്ചത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എൽഎസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്‌സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്.

ലഹരി വസ്തുക്കൾ കയ്യിൽ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്‌ക്കോടതികളിൽനിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മെയ്‌ 10നാണ് ഷീല പുറത്തിറങ്ങിയത്. ഫെബ്രുവരി 27ന് വൈകീട്ട് ഷീലയുടെ സ്‌കൂട്ടറിൽനിന്ന് എക്‌സൈസ് സംഘം 12 എൽ.എസ്.ഡി സ്റ്റാമ്പ് പിടികൂടിയതായാണ് കേസ്.

കാക്കനാട്ടെ റീജനൽ കെമിക്കൽ എക്സാമിനഴ്സ് ലാബിൽനിന്ന് ലഭിച്ച റിപ്പോർട്ടിൽ പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞതോടെ ഷീല സണ്ണി നൽകിയ ഹരജിയിൽ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ലഹരിമരുന്നു പിടികൂടുന്നതിന്റെ തലേദിവസം മരുമകളും സഹോദരിയും തന്റെ സ്‌കൂട്ടർ ഉപയോഗിച്ചിരുന്നുവെന്ന ഷീലയുടെ ആരോപണത്തെ തുടർന്ന് ലഹരിമരുന്നു കേസ് കെട്ടിച്ചമച്ചവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിർദ്ദേശവും കോടതി നൽകിയിരുന്നു.