- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസിൽ മികച്ച മാർക്ക്; പ്ലസ് ടുവിൽ കൂട്ടുകെട്ടുകൾ വഴി തെറ്റിച്ചു; പഠനം നിർത്തി ടൈൽ പണിക്കാരനായി; മയക്കുമരുന്ന് താളം തെറ്റിച്ചു; ഗുരുവായൂരിൽ പോയ ഷൈൻ തിരികെ വീട്ടിലേക്കുള്ള വഴി മറന്നു; പൊലീസ് വീട്ടിലെത്തിച്ചപ്പോൾ അക്രമാസക്തനായി; ആ അച്ഛനേയും അമ്മയേയും പൊലീസ് രക്ഷിച്ചത് വെടിയുതിർത്ത്; എരഞ്ഞിപ്പാലത്തെ വില്ലനും എംഡിഎംഎ
കോഴിക്കോട് : ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിക്കുന്നു, അതിസഹാസികമായി പൊലീസ് രക്ഷപ്പെടുത്തുന്നു. സിനിമയിലാണെന്ന് കരുതിയെങ്കിൽ തെറ്റി. കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടന്ന സംഭവമാണിത്. മണിക്കൂറുകളോളം വീട്ടിലും പരിസരത്തുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്പ്പെടുത്താൻ പൊലീസിന് ഒടുവിൽ വെടിവെയ്ക്കേണ്ടിവന്നു. എരഞ്ഞിപ്പാലം സ്വദേശി ഷൈൻ കുമാറാണ് (27) മാതാപിതാക്കളായ ഷാജി (50) ഭാര്യ ബിജി (48) എന്നിവരെ കുത്തിപ്പരിക്കേൽപ്പിച്ചത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ശനിയാഴ്ച ഗുരുവായൂർ ദർശനത്തിന് പോയ ഷൈൻ ഞായറാഴ്ച വൈകീട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് അമ്മ ബിജി വിളിച്ചപ്പോൾ വഴി ഓർമയില്ല എന്നായിരുന്നു മറുപടി. പൊലീസിന്റെ സഹായത്തോടെ വൈകീട്ട് 6.30 ഓടെ ഷൈൻ വീട്ടിലെത്തി. എത്തിയപ്പോഴേ അക്രമാസക്തനായ ഷൈൻ വീട്ടിലെ മാരകായുധങ്ങൾ തപ്പി നടന്നിരുന്നു. അതിനുശേഷം ഭക്ഷണം കഴിച്ച് വീട്ടിലെ ലൈറ്റുകൾ ഓഫാക്കാൻ തുടങ്ങി. തുടർന്ന് ബിജി പ്രശ്നം എന്താണെന്ന് ചോദിച്ചതോടെ ഷൈൻ കൂടുതൽ അക്രമാസക്തനായി ബഹളംവെച്ചു.
ബഹളം കേട്ട് അയൽക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. കത്തിമുനയിൽ മാതാപിതാക്കളെ നിർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി അട്ടഹസിക്കുന്ന ഷൈനെ പിന്തിരിപ്പിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചു. ഇടയ്ക്ക് ശാന്തനായപ്പോൾ ഒരു മുറിയിൽ പൂട്ടിയിടാൻ പൊലീസിനായി. മാതാപിതാക്കളോട് പൊലീസ് കാര്യങ്ങൾ സംസാരിക്കുന്നതിനിടെ മുറിയിൽ നിന്ന് ഷൈൻ വീണ്ടും പുറത്തുകടന്നു. തുടർന്ന് ആദ്യം മുന്നിൽ കണ്ട അമ്മയെ പിന്നിലൂടെ കുത്തി വീഴ്‌ത്തി.
മുതുകിൽ കുത്തേറ്റ വിജിയെ പൊലീസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ അച്ഛൻ ഷാജിയുടെ മുറിയിൽ ഷൈൻ കയറി വാതിലടയ്ക്കുകയും കത്തിവെച്ച് ഭീഷണി തുടരുകയും ചെയ്തു. നേരത്തെ മകന്റെ അക്രമത്തെ തുടർന്ന് കാലിന് പൊട്ടലേറ്റ് പ്ലാസ്റ്ററിട്ട് കിടപ്പിലായിരുന്ന ഷാജിക്ക് അക്രമം തടുക്കാൻ സാധിച്ചില്ല. ഇതിനിടെ പൊലീസിനെ വെല്ലുവിളിച്ച് ഷൈൻ ഷാജിയുടെ നെഞ്ചിലും കഴുത്തിലും ആഞ്ഞുകുത്തി. ശേഷം നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷ് മുറിക്കുള്ളിൽ രണ്ടുതവണ വെടിവച്ചാണ് ഷൈനിനെ കീഴടക്കിയത്. പ്രതിയെ കീഴടക്കുന്നതിനിടെ പൊലീസിന് ഷോക്കേൽക്കുകയും നടക്കാവ് എസ്‌ഐയുടെ കൈയിൽ പോറലേൽക്കുകയും ചെയ്തു.
മുമ്പും രണ്ട് കുത്തുകേസിൽ പ്രതിയാണ് ഷൈൻ. ഇയാൾ എം.ഡി.എം.എ ഉപയോഗിച്ചതായാണ് പൊലീസ് നിഗമനം. മുമ്പും വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എന്നാൽ ആശുപത്രികിടക്കയും ഞങ്ങളുടെ മകന്റെ അസുഖം എങ്ങനെ എങ്ങനെയെങ്കിലും മാറ്റിത്തരണമെന്നാണ് അമ്മ ബിജി പറയുന്നത്. രണ്ടാഴ്ചയായി അവൻ പഴയ ആളല്ല. ഭയന്ന് അലറുകയും അക്രമാസക്തനുമാകുന്ന അവനെ കാണുമ്പോൾ നെഞ്ചിൽ തീയാണ്. ഇതൊന്നും ചെയ്യുന്നത് അവനല്ലെന്ന് അറിയാം അവൻ വീണുപോയ ലഹരിയാണെന്നും അവർ പറയുന്നു.
ലഹരിക്കടിമപ്പെട്ട മകന്റെ അക്രമണങ്ങളിൽ ഭയന്നാണ് എരഞ്ഞിപ്പാലത്തെ വാടകവീട്ടിൽ ഷാജിയും ഭാര്യ ബിജിയും കഴിയുന്നത്. സമാധാനത്തോടെ ഉറങ്ങാൻ പല രാത്രികളിലും ഇവർക്ക് സാധിക്കാറില്ല. നന്നായി പഠിച്ചിരുന്ന ഷൈൻ പ്ലസ് ടു കഴിഞ്ഞതോടെ പഠനം മതിയാക്കി ടൈൽസ് പണിക്ക് പോയിത്തുടങ്ങി. പിന്നീട് പല കൂട്ടുകെട്ടിലും പെട്ട് ലഹരിക്കടിമയായി മാറി. കഴിഞ്ഞ ഒരു മാസമായി ഇയാൾ വളരെയധികം അക്രമാസക്തനാണ്. ഒരു തവണ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയിട്ടും ഫലമുണ്ടായിട്ടില്ല.
മകനെ ലഹരിയിൽ നിന്ന് എങ്ങനെയെങ്കിലും മോചിപ്പിക്കണമെന്നാണ് ഇവർ പറയുന്നത്. മകന്റെ പ്രശ്നം മൂലം താമസിക്കുന്ന വാടകവീട് ഒഴിഞ്ഞുകൊടുക്കേണ്ടി വരുമോ എന്ന പേടിയിലാണിവർ. രണ്ടുമക്കളാണ് ഇവർക്ക് ഷൈനിനെ കൂടാതെ മകളുമുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്