- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2008ൽ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായിക്ക് ക്ലീൻ ചിറ്റ് നൽകിയത് ആർ മോഹൻ; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുള്ള നാലാമൻ അതേ മോഹൻ ആണോ എന്ന് സംശയം; പിണറായിയ്ക്കെതിരെ കൂടുതൽ ആരോപണവുമായി ഷോൺ ജോർജ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ഷോൺ ജോർജ്. 2008ൽ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ. മോഹനെ ലക്ഷ്യമിട്ടാണ് ആരോപണം. മോഹൻ ഉദ്യോഗസ്ഥൻ നിലവിൽ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു.
വർഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുൻ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്നും ഷോൺ ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഇടം ലഭിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയ്ക്കാണെന്ന് ഷോൺ പറഞ്ഞു. സംഭവത്തിൽ കേന്ദ്രസർക്കാരിനു പരാതി നൽകുമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷോൺ ജോർജ് വ്യക്തമാക്കി. മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സഹോദരനാണ് ആർ മോഹൻ. മോഹൻ സ്റ്റാഫിൽ എത്തിയതോടെയാണ് നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഈ കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ സൂചിപ്പിച്ചപ്പോഴാണ് ഇതേക്കുറിച്ച് അന്വേഷിച്ചതെന്നും, തികച്ചും അവിചാരിതമായാണ് ആർ. മോഹന്റെ പേര് ശ്രദ്ധയിൽപ്പെട്ടതെന്നും ഷോൺ ജോർജ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലെ അംഗങ്ങളുടെ പേര് ഉൾപ്പെടുന്ന ലിസ്റ്റുമായിട്ടായിരുന്നു ഷോണിന്റെ വാർത്താ സമ്മേളനം. ലാവ്ലിൻ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച ക്ലീൻ ചിറ്റിന്റെ രേഖയും ഷോൺ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന്റെ പട്ടികയിലെ നാലാം പേരുകാരനായ ആർ. മോഹൻ, വർഷങ്ങൾക്കു മുൻപ് മുഖ്യമന്ത്രിക്കു ക്ലീൻ ചിറ്റ് നൽകിയ അതേ ആർ.മോഹനാണെന്നാണ് ഷോണിന്റെ ആരോപണം. ആദായ നികുതി വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗ്സഥനാണ് മോഹൻ. സ്വർണ്ണ കടത്തിൽ കുടുങ്ങിയ എം ശിവശങ്കറാണ് മോഹനെ പേഴ്സണൽ സ്റ്റാഫിൽ എടുത്തതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. ലാവ്ലിൻ കേസിൽ സുപ്രീംകോടി മെയ് ഒന്നിന് വാദം കേൾക്കും. ഇതിനിടെയാണ് പുതിയ ആരോപണം എത്തുന്നത്.
എക്സാലോജിക്കിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർത്തുന്നതും ഷോൺ ജോർജാണ്. മകളുടെ കമ്പനി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഷോൺ ജോർജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണ് വീണ കമ്പനിതുടങ്ങിയതെന്ന വാദം തെറ്റാണെന്നാണ് എക്സാലോജികിന്റെ ബാലൻസ് ഷീറ്റ് പുറത്തുവിട്ടുള്ള ആരോപണം. വീണാ വിജയൻ കമ്പനിയിലേക്ക് 78 ലക്ഷം രൂപ വായ്പയായി നൽകിയെന്നാണ് രേഖയിൽ. ഇതിന് പിന്നാലെയാണ് ആർ മോഹനേയും പ്രതിക്കൂട്ടിൽ നിർത്തുന്നത്.
മകളുടെ കമ്പനിയുടെ പ്രവർത്തനം സുതാര്യമെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണത്തിൽ പൊരുത്തകേടുകളുണ്ടെന്നാണ് ഷോൺ ജോർജിന്റെ ആരോപണം. എക്സാലോജികിന്റെ ബാലൻസ് ഷീറ്റ് തന്നെയാണ് ഷോൺ ആയുധമാക്കുന്നതും. ബാലൻഷീറ്റ് പ്രകാരം ഒരു ലക്ഷം രൂപയാണ് എക്സാലോജികിന്റെ മൂലധനം. എന്നാൽ 78 ലക്ഷം രൂപ കമ്പനി ഡയറക്ടർ വീണാ വിജയനിൽ നിന്നുള്ള ദീർഘകാല വായ്പയാണെന്നും ബാലൻസ് ഷീറ്റിലുണ്ട്. ഈ തുക സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ഷോണിന്റെ ആവശ്യം.
സ്കൂൾ അദ്ധ്യാപികയായി വിരമിച്ച മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ലഭിച്ച പെൻഷൻ തുക സംബന്ധിച്ചും വ്യക്തത വരണം. സഭ പ്രിവിലേജ് കമ്മിറ്റിക്ക് രേഖകൾ വിളിച്ചുവരുത്താമെന്നും പ്രതിപക്ഷം ഇതിനായി സമ്മർദം ചെലുത്തണമെന്നുമാണ് ഷോണിന്റെ ആവശ്യം. കരിമണൽ കമ്പനിയായ സി.എം.ആർ.എലും എക്സാലോജികുമായുള്ള ഇടപാടിലെ പരാതിക്കാരനാണ് ഷോൺ.
മറുനാടന് മലയാളി ബ്യൂറോ