- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഗൻ നിറയൊഴിച്ചത് സ്‌കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് ആരോപിച്ച്; വെടിവച്ചത് ബേബി എയർ പിസ്റ്റൾ ഉപയോഗിച്ച്; ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് തോക്കുവാങ്ങിയത് പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങിയ പണം സ്വരുക്കൂട്ടി വച്ച്
തൃശൂർ: തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിത്ത ജഗനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ രണ്ട് വർഷം മുമ്പാണ് ഈ സ്‌കൂളിൽ പഠിച്ചത്. അന്നുമുതൽ പ്രശ്‌നക്കാരനായിരുന്നു എന്ന് അദ്ധ്യാപകർ പറയുന്നു. പഠിക്കുന്ന സമയത്ത് അദ്ധ്യാപകരെ അസഭ്യം പറഞ്ഞത് അടക്കമുള്ള സംഭവമുണ്ടായിട്ടുണ്ട്. തുടർന്ന് പരീക്ഷ പോലും എഴുതാതെ പഠനം അവസാനിപ്പിച്ച് ഇയാൾ സ്‌കൂൾ വിട്ടതായും അദ്ധ്യാപകർ വ്യക്തമാക്കുന്നു.
ഇയാൾ ഇന്ന് സ്‌കൂളിൽ വെടിവയ്പ് നടത്തിയത് ബേബി എയർ പിസ്റ്റൾ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ചു. 1500 രൂപ വില വരുന്ന ബേബി എയർ പിസ്റ്റൾ 177 മുളയം സ്വദേശി ജഗൻ സെപ്റ്റംബർ 28 ന് അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്നാണ് വാങ്ങിയത്. പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാൾ നൽകിയ മൊഴി. നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ച യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 2020 മുതൽ ഇയാൾ മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് യുവാവിന്റെ മാതാപിതാക്കൾ പറയുന്നത്.
സ്‌കൂളിൽ നിന്ന് പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് പോയ വിദ്യാർത്ഥിയാണ് ജഗനെന്നാണ് വിദ്യോദയം സ്‌കൂളിലെ അദ്ധ്യാപിക വിശദീകരിച്ചത്. സ്‌കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു നിറ ഒഴിച്ചതെന്നും അദ്ധ്യാപിക വിശദീകരിച്ചു. 2021 ൽ ഒരു വർഷം സ്‌കൂളിൽ വന്നിരുന്നു. പിന്നെ സ്‌കൂളിൽ വന്നില്ല. പരീക്ഷയെഴുതാനും വന്നില്ല. തോക്ക് കണ്ടപ്പോഴാണ് പൊലീസിനെ അറിയിച്ചത്. സ്‌കൂളിൽ നിന്നും പോകുന്ന വഴിയിൽ വെച്ചും ക്ലാസ് റൂമിൽ വെച്ചും നിറയൊഴിച്ചു. പക്ഷേ കുട്ടികൾക്ക് നേരെയൊന്നും നിറയൊഴിച്ചിട്ടില്ലെന്നു അദ്ധ്യാപക വിശദീകരിച്ചു. പൊലീസിനെ കണ്ടപ്പോൾ ഓടി മതിൽ ചാടി കടന്നു. നാട്ടുകാർ ചേർന്നാണ് പിടിച്ച് പൊലീസേൽപ്പിച്ചത്.
സ്‌കൂളിലെത്തിയ ജഗൻ ആദ്യം ഓഫിസ് മുറിയിലേക്കാണ് എത്തിയതെന്ന് അദ്ധ്യാപകർ പറയുന്നു. തുടർന്ന് ക്ലാസ് മുറികളിൽ കയറി. ജഗൻ സ്വബോധത്തിലായിരുന്നില്ലെന്നാണ് അദ്ധ്യാപകർ നൽകുന്ന വിവരം. അദ്ധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ ഇയാൾ ക്ലാസിൽ കയറി വാതിലടച്ചു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ സ്‌കൂളിൽ പഠിച്ചിരുന്ന മറ്റൊരു അദ്ധ്യാപകനെ ഇയാൾ അന്വേഷിച്ചു. ആ അദ്ധ്യാപകൻ ഏത് ക്ലാസിലാണെന്ന് ചോദിക്കുകയും ചെയ്തു.സംഭവം പ്രാങ്കാണെന്ന് തെറ്റിദ്ധരിച്ച വിദ്യാർത്ഥികൾ ഈ സമയത്ത് ചിരിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ തോക്ക് എടുത്ത് മുകളിലേക്ക് വെടിയുതിർത്തെന്നാണ് അദ്ധ്യാപിക പറയുന്നത്. സംഭവത്തിന് ശേഷം കുട്ടികൾ എല്ലാവരും ഭയന്ന അവസ്ഥയിലായിരുന്നു. ഇയാൾ ഈ ക്ലാസിൽ നിന്ന് ഇറങ്ങിയതിന് ശേഷം മറ്റ് ക്ലാസുകളിലും കയറി വെടിവച്ചിട്ടുണ്ട്.




