മലപ്പുറം: കണ്ണൂർ പാനൂരിൽ ഇരുപത്തിമൂന്ന് വയസുകാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയിൽ വീട്ടിൽ കയറികൊന്ന കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് ഇടക്കാലത്ത് കമ്പ്യൂട്ടർ കോഴ്സ് ചെയ്യുന്നതിനിടയിൽ പരിചയപ്പെട്ട സഹപാഠികൾക്ക് ശ്യാംജിത്തിനെ കുറിച്ചു പറയാനുള്ളത് നല്ലത് മാത്രം. മറ്റുള്ള പെൺകുട്ടികളുടെ മുഖത്തുപോലും നോക്കില്ല. പരിചയപ്പെടുന്നവരോടൊക്കെ മാന്യമായ പെരുമാറ്റം. ഇതിനിടയിൽ പലപ്പോഴായി സഹപാഠികളോട് വിഷ്ണുപ്രിയയെ കുറിച്ചു പറഞ്ഞിട്ടുമുണ്ട് ശ്യാംജിത്ത്.

അന്ന് വിഷ്ണുപ്രിയയുടെ ഫോണിൽ വാട്സ്ആപ്പില്ലാത്ത സമയമായിരുന്നു. ഈ സമയത്ത് താൻ അവളുടെ ബന്ധുവായ പെൺകുട്ടിയുടെ വാട്സ്ആപ്പിലേക്കാണ് മെസ്സേജ് അയക്കുന്നതെന്നും ഫോൺ വിഷ്ണുപ്രിയയുടെ അടുത്തുണ്ടാകുമെന്നും സഹപാഠികളോട് പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ ക്ലാസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലും പുറത്തുപോയി വിഷ്ണുപ്രിയയുമായി സംസാരിക്കും. പുറത്തുഫോൺ വിളിക്കാൻപോയി തിരിച്ചുവരുമ്പോൾ ചോദിക്കുമ്പോഴാണ് ഇക്കാര്യങ്ങളെല്ലാം സഹപാഠികളോട് പറഞ്ഞിരുന്നത്. ഇരുവരുടേയും ബന്ധുക്കൾ പരസ്പരം സുഹൃത്തുക്കൾ ആയിരുന്നുവെന്നും ഇങ്ങിനെയാണ് ബന്ധമുണ്ടായതെന്നുമാണ് ശ്യാംജിത്ത് സഹപാഠികളോട്് പറഞ്ഞിരുന്നതെന്നും ശ്യാംജിത്തിന്റെ സുഹൃത്ത് മറുനാടനോട് പറഞ്ഞു.

പിന്നീട് പൊന്നാനി സ്വദേശിയായ ആൺ സുഹൃത്തുമായി അടുപ്പത്തിലായതോടെ സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ അംഗമായ തന്നെ ഒഴിവാക്കാൻ വിഷ്ണുപ്രിയ ശ്രമിക്കുന്നുവെന്ന ധാരണയാണ് കൊലപാതകത്തിന് പ്രതി ശ്യാംജിത്തിനെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയതിന് പിന്നാലെ പൊന്നാനിയിലെ ആൺ സുഹൃത്തിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സഹപാഠികളുടേയും നാട്ടുകാരുടേയും പാവം പയ്യൻ എങ്ങനെ ക്രൂരനായി എന്ന ചോദ്യം പൊലീസിനേയും കുഴക്കുന്നുണ്ട്.

വിഷ്ണുപ്രിയയുമായി അഞ്ചു വർഷക്കാലത്ത പ്രണയം ഉണ്ടായിരുന്നതായാണ് ഇയാൾ പറയുന്നത്. എന്നാൽ അഞ്ചു മാസം മുൻപ് മറ്റൊരാൾ ഇരുവർക്കുമിടെയിൽ കടന്നുവന്നതോടെ തന്നെ ഒഴിവാക്കാൻ വിഷ്ണു പ്രിയ അകലുന്നുവെന്ന സംശയം അയാളെ പിടികൂടിയിരുന്നു.സോഷ്യൽ മീഡിയയിലൂടെയാണ് വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ ആൺ സുഹൃത്തുമായി അടുപ്പത്തിലാകുന്നത്. ഇവർ തമ്മിൽ നിരന്തരം വീഡിയോ ചാറ്റ് ചെയ്തിരുന്നു. സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലുള്ള തന്നെ മറ്റൊരാളെ കിട്ടിയപ്പോൾ വിഷ്ണു പ്രിയ ഒഴിവാക്കാൻ ശ്രമിക്കുന്നതിന്റെ വൈരാഗ്യം അണയാത്ത കനലുപോലെ ശ്യാംജിത്തിന്റെ ഉള്ളിൽ പകയായി എരിഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ അവിടേക്ക് പോകാൻ പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

സംഭവ ദിവസം അച്ഛമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന തറവാട്ടു വീട്ടിൽ നിന്നും വസ്ത്രം മാറാനെന്ന വ്യാജേനെ വിഷ്ണു പ്രിയ വീട്ടിലെക്ക് വന്നത് പൊന്നാനിയിലെ സുഹൃത്തിന് വീഡിയോ കോൾ ചെയ്യാനായിരുന്നു.ഇതിനിടെയാണ് കൊല നടത്താൻ ശ്യാംജിത്ത് കയറി വരുന്നത് അപ്രതീക്ഷിതമായി ഈയാളെ വീട്ടിനകത്തു വെച്ചു കണ്ടതിന്റെ ഞെട്ടലോടെ വിഷ്ണു പ്രിയ ശ്യാംജിത്ത് എന്നു വീഡിയോ കോളിലൂടെ പറയുന്നതും ശ്യാംജിത്ത് അരികെയെത്തിയതും പൊന്നാനി സ്വദേശിയായ യുവാവ് കണ്ടിരുന്നു. അപ്പോഴെക്കും വിഷ്ണുപ്രിയയുടെ തലയ്ക്ക് ചുറ്റിക കൊണ്ടു അയാൾ ആഞ്ഞടിച്ചിരുന്നു. ഇതോടെ ഫോൺ തെറിച്ചു വീണ് കോൾ കട്ടായി. ഉടൻ പൊന്നാനി സ്വദേശിയായ യുവാവ് കൊളവല്ലൂർ പൊലിസ് സ്റ്റേഷനിലേക്കും വിഷ്ണുപ്രിയയുടെ ബന്ധുക്കളെയും വിളിച്ച് അവിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അവർ ഓടി വീട്ടിലെത്തിയത്.

അപ്പോഴെക്കും ഒന്നുമറിയാത്ത മട്ടിൽ ശ്യാംജിത്ത് അവിടെ നിന്നും കടന്നിരുന്നു. മെയിൻ റോഡിലേക്ക് ഇടവഴിയിലൂടെ നടന്ന് എത്തിയ ഇയാൾ ബൈക്കിൽ മാനന്തേരിയിലെ വീടിനരികെ എത്തുകയും ആയുധങ്ങൾ കുളത്തിൽ താഴ്‌ത്തി ചോരക്കറയുള്ള വസ്ത്രങ്ങളും മാറ്റി ഒന്നുമറിയാത്തതു പോലെ പിതാവിനെ ഹോട്ടലിൽ സഹായിക്കാനെത്തുകയും ചെയ്തു. വിഷ്ണു പ്രിയ അവസാനമായി ചെയ്ത വാട്സ് ആപ്പ് വിഡിയോ കോളാണ് കൊലയ്ക്കു പിന്നിൽ ശ്യാംജിത്താണെന്ന തെളിവ് പൊലിസിന് ലഭിക്കാൻ കാരണമായത്.

ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തു. എന്തു തന്നെയായാലും പൊലീസ് തന്നെ പിടികൂടുമെന്ന് അയാൾക്ക് അറിയാമായിട്ടു കൂടി സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്യാംജിത്ത് ശ്രമിച്ചില്ല. പൊലീസ് ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും പൂർണമായി സഹകരിക്കുകയും ചെയ്തു.