ആലപ്പുഴ: ദേവസ്വം ബോർഡിലും ബവ്റിജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളിലൊരാളായ ചെട്ടികുളങ്ങര കടവൂർ പത്മാലയം പി.രാജേഷിനെതിരെ (34) പണം തട്ടിയ കേസിൽ പരാതി ഉണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപണത്തിൽ വഴിത്തിരിവ്. കേസ് ഒത്തുതീർപ്പാക്കിയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണ സംഘത്തിൽ നിന്ന് പുറത്താക്കുകയും സ്ഥലംമാറ്റുകയും ചെയ്ത എസ.ഐ മുഹ്സിൻ മുഹമ്മദിനെ കണ്ടിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

മാവേലിക്കര പ്രിൻസിപ്പൽ എസ്‌ഐ. മൊഹ്സീൻ മുഹമ്മദിനെ എറണാകുളം റൂറലിലേക്കാണ് സലംമാറ്റിയിരുന്നത്. മറ്റൊരു പൊലീസുകാരനാണ് കേസ് ഒത്തുതീർപ്പാക്കാനായി തന്നെ സമീപിച്ചതെന്നും പരാതിക്കാരി പറഞ്ഞു. മാവേലിക്കര കൊയ്‌പ്പള്ളികാരാഴ്മ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെ പണം തിരികെ വാങ്ങി നൽകി ഒത്തുതീർപ്പാക്കിയത്. 2021 ജൂണിലാണ് രാജേഷിന് പരാതിക്കാരി പണം നൽകുന്നത്. 3 മാസത്തേക്കു നൽകിയ പണം ഒരു വർഷത്തോളമായിട്ടും തിരികെ ലഭിച്ചില്ലെന്നു കാണിച്ച് മേയിലാണ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഒരു മാസത്തോളം നീണ്ട അന്വേഷണത്തിൽ പൊലീസ് രാജേഷിനെ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തെങ്കിലും കേസുമായി മുന്നോട്ടുപോകാതെ പണം തിരികെ വാങ്ങി നൽകുകയായിരുന്നു. പരാതി നൽകിയതിന്റെ രസീതും പണം തിരികെ വാങ്ങിയപ്പോൾ ഉണ്ടാക്കിയ ധാരണാപത്രവും അടക്കം മാവേലിക്കര സ്റ്റേഷനിലെ ഒരു എസ്ഐ പിന്നീട് വീട്ടിലെത്തി വാങ്ങിയെന്നും ഇപ്പോൾ പരാതിയുമായി ബന്ധപ്പെട്ട് കയ്യിൽ രേഖകൾ ഒന്നും തന്നെയില്ലെന്നും പരാതിക്കാരി പറയുന്നു. അന്ന് വീട്ടിൽ എത്തിയ എസ്ഐ തന്ന പേപ്പറിൽ വായിച്ചു നോക്കാതെ ഒപ്പിട്ടു നൽകിയെന്നും പരാതിക്കാരി പറഞ്ഞു.

കേസ് ഒത്തുതീർപ്പാക്കിയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണ സംഘത്തിൽ നിന്ന് പുറത്താക്കിയ എസ്ഐ മുഹ്സിൻ മുഹമ്മദിനെ കുടുക്കാൻ സ്റ്റേഷനിലെ മറ്റൊരു എസ്‌ഐയാണ് പ്രവർത്തിച്ചതെന്നാണു ഉയർന്നിട്ടുള്ള ആരോപണം. കഴിഞ്ഞ മെയ്‌ മാസത്തിൽ തെലുങ്കാനയിൽ എസ..ഐമാർക്കുള്ള സപെഷ്യൽ ട്രെയ്നിംഗിൽ ആയിരുന്നു മുഹ്സിൻ. ഈസമയത്താണ് സ്റ്റേഷനിൽ സിഐക്കു പരാതി വന്നത്. തിരിച്ചു വന്ന ശേഷം ജൂൺമാസത്തിൽ പ്രതിയെ പിടിച്ചകൊണ്ടുവരാൻ മുഹ് സിനോട് സിഐ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്ന ശേഷം സിഐയാണ് ചോദ്യംചെയ്തതെന്നാണ് ഇതുസംബന്ധിച്ച അന്വേഷണത്തിൽ ലഭിച്ച മൊഴി.

ഈ സമയത്ത് പ്രതിയുടെ ബന്ധുക്കളും പരാതിക്കാരും പുറത്തുവെച്ചു ഒത്തുതീർപ്പായി. പരാതിക്കാരി പരാതിയില്ലെന്ന് സിഐയെ അറിയിച്ചു തിരിച്ചു പോയി. പിന്നീട് മുഹ്സിനെ കുടുക്കണമെന്ന ഉദ്യേശത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നതെന്നാണ് വിവരം. മുഹ്സിൽ ഇയാളുടെ വിവാഹത്തിന് അവധിയെടുത്ത ഓഗസ്റ്റ് മാസത്തിൽ സ്റ്റേഷനിലെ ദേവസ്വം ബോർഡിലെ തട്ടിപ്പുസംബന്ധിച്ചു ദേവസ്വംകമ്മീഷണറുടെ പരാതിയും സ്റ്റേഷനിൽ ലഭിച്ചു. ഈ കേസ് രജിസ്റ്റർചെയ്ത സ്റ്റേഷനിലെ മറ്റൊരു എസ്‌ഐ മഹ്സിനെ കുടുക്കണമെന്ന ഉദ്ദേശത്തോട്കൂടി മുമ്പു സിഐ ഒത്തുതീർപ്പാക്കിയ പരാതി മുഹ്സിനാണ് ഒത്തുതീർപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയുടെ വീട്ടിൽപോയതായാണ് പരാതിക്കാരിയുടെ തന്നെ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളിൽ പറയുന്നത്. പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന രേഖകളെല്ലം വാങ്ങിച്ചു മകനെ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തുകയും അല്ലെങ്കിൽ എസ്‌ഐക്കെതിരെ മൊഴികൊടുക്കണമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിക്കാരിയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുസംബന്ധിച്ച പരാതിക്കാരുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

നേരത്തെ ചെട്ടികുളങ്ങര കേന്ദ്രീകരിച്ചുനടന്ന കോടികളുടെ നിയമനത്തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ. ആർ. ആനന്ദകുമാറിനെ സസ്പെൻഡുചെയ്തിരുന്നു. മാവേലിക്കര പ്രിൻസിപ്പൽ എസ്‌ഐ. മൊഹ്സീൻ മുഹമ്മദിനെ എറണാകുളം റൂറലിലേക്കു സ്ഥലംമാറ്റി. മറ്റൊരു സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥനായ ശിവപ്രസാദിനെയും എറണാകുളം ജില്ലയിലേക്കു മാറ്റിയിട്ടുണ്ട്

എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്തയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ. ആയിരുന്ന ആനന്ദകുമാർ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയും ഗുരുതരമായ വീഴ്ചവരുത്തുകയും അച്ചടക്കമില്ലായ്മ കാട്ടുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു. നിയമനത്തട്ടിപ്പു കേസിലെ പ്രതികളുമായി അനാവശ്യബന്ധം സൂക്ഷിച്ചു, കേസിന്റെ വിവരങ്ങൾ പ്രതികൾക്കു ചോർത്തിക്കൊടുത്തു, വാദികളുടെ പരാതി പരിഹരിക്കാൻ ഇടനിലനിന്നു, വിവരങ്ങൾ മേലധികാരികളെ അറിയിക്കാതിരുന്നു, മുഖ്യപ്രതി വിനീഷ് രാജിന്റെ പെറ്റ് ഷോപ്പിൽനിന്ന് പട്ടിക്കുഞ്ഞുങ്ങളെയും പട്ടിക്കുള്ള ഭക്ഷണവും വാങ്ങി, ഇറച്ചിയും മീനും സൗജന്യമായി കൈപ്പറ്റി എന്നീ കുറ്റങ്ങളും നടപടിക്കു കാരണമായി.

വകുപ്പുതല അന്വേഷണച്ചുമത അമ്പലപ്പുഴ ഡിവൈ.എസ്‌പി.ക്കാണ്. ആരോപണമുയർന്നപ്പോൾത്തന്നെ ആനന്ദകുമാറിനെ വള്ളികുന്നത്തേക്കും ശിവപ്രസാദിനെ ഹരിപ്പാട്ടേക്കും മാറ്റിയിരുന്നു. തുടർന്നാണ് ആനന്ദകുമാറിനെ സസ്പെൻഡുചെയ്തത്. പരാതിയിൽ കേസെടുക്കാതെ ഒത്തുതീർപ്പാക്കിയതിനാണു എസ്‌ഐ. മൊഹ്സീൻ മുഹമ്മദിനെ എറണാകുളം റൂറലിലേക്കു മാറ്റിയിരുന്നത്. ഇതിലെ ഇടപെടലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടർന്ന് പ്രത്യേകാന്വേഷണസംഘത്തിൽനിന്നു നേരത്തേ എസ്‌ഐ. മുഹ്സിൻ മുഹമ്മദിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

ദേവസ്വംബോർഡ്, കരിയിലക്കുളങ്ങര സഹകരണ സ്പിന്നിങ്മിൽ എന്നിവയിലടക്കം ജോലി വാഗ്ദാനംചെയ്ത് മുഖ്യപ്രതിയും കൂട്ടരും കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായാണ് കേസ്.