- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് ഗൾഫിൽ; കൂട്ടുകാരന് കൊടുത്തത് മൂന്ന് ലക്ഷം; കടംകൊടുത്ത തുക തിരിച്ചു കിട്ടാൻ ഭർത്താവും ഭാര്യയും പൊലീസിൽ പരാതി നൽകിയത് വൈരാഗ്യമായി; പണം കൊടുക്കേണ്ടതിന് ദിവസങ്ങൾക്ക് മുമ്പ് കൂട്ടുകാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ബിജുവിന്റെ ആത്മഹത്യ; അഞ്ചൽ നടുക്കത്തിൽ
കൊല്ലം: ഭർതൃമതിയായ യുവതിയെ കിടപ്പുമുറിയിൽ വലിച്ചുകയറ്റി പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം സുഹൃത്തും തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ സൗഹൃദത്തിൽ സാമ്പത്തിക തർക്കമുണ്ടാക്കിയ വൈരാഗ്യം.
തടിക്കാട് പൂവണത്തും മൂട്ടിൽ വീട്ടിൽ ഉദയകുമാറിന്റെ ഭാര്യ സിബി മോൾ (37), തടിക്കാട് പാങ്ങലിൽ വീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. സിബിയുടെ വീട്ടിലായിരുന്നു സംഭവം. കിടപ്പുമുറിയിലാണ് ഇരുവരും തീപ്പൊള്ളലേറ്റു മരിച്ചത്. സിബിയെ പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ബിജുവുമായി സിബി ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. പിന്നീട് സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഇവർ പിണങ്ങി. പൊലീസിൽ പരാതിയും എത്തി. ഇതിന്റെ തുടർച്ചയായിരുന്നു സംഭവങ്ങൾ.
സിബിയുടെ ഭർത്താവ് ഉദയകുമാർ വിദേശത്താണ്. രണ്ടുമാസം മുൻപാണു വന്നു പോയത്. ബിജുവുമായുള്ള സൗഹൃദത്തിൽ എതിർപ്പ് ഉണ്ടായിരുന്നതിനാൽ ബന്ധുക്കൾ പലരും സിബിയുമായി അകൽച്ചയിലാണ്. രണ്ടു പേരുടെയും മൃതദേഹങ്ങൾ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഈ സമയം വേലക്കാരി മാത്രമാണ് വീടിന് ഉള്ളിൽ ഉണ്ടായിരുന്നത്. മക്കൾ 13 വയസ്സുകാരായ ഇരട്ടക്കുട്ടികൾ വീടിനു പുറത്തു നിൽക്കുകയായിരുന്നു.
ബിജുവും സിബിമോളുമായി വഴക്ക് ഉണ്ടാകുന്നത് കേട്ട് വീട്ടുവേലക്കാരി എത്തിയപ്പോഴേക്കും ബിജു, സിബിയെ ബലം പ്രയോഗിച്ചു മുറിയിൽ അടച്ച് പെട്രോൾ ഒഴിച്ചു കത്തിക്കുക ആയിരുന്നു. മുറിയുടെ ജനാലച്ചില്ല് പൊട്ടിച്ചു സിബിയെ രക്ഷിക്കാൻ ശ്രമിച്ച മകന്റെ കൈക്ക് പരുക്കേറ്റു. പരിക്ക് സാരമുള്ളതല്ല. കുട്ടികളുമായി വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു സിബി. ഇരുചക്രവാഹനത്തിൽ എത്തിയ ബിജു വാഹനം വീടിന് സമീപത്തെ വഴിയിൽ വെച്ചശേഷം വീട്ടിലേക്കു പെട്ടെന്ന് കടന്നുകയറി. തുടർന്ന് കുട്ടികളെ പുറത്താക്കുകയും സിബിയെ വീടിനകത്തേക്ക് പിടിച്ച് വലിച്ചുകൊണ്ട്പോയി പെട്രോൾ ഒഴിച്ച് തീകത്തിക്കുകയുമായിരുന്നു. തുടർന്ന് ബിജുവും സ്വയം പെട്രോളൊഴിച്ച് തീ കത്തിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തീ ആളിക്കത്തുന്നത് കണ്ട് അയൽവാസികളും സിബിയുടെ ഭർത്താവിന്റെ ജ്യേഷ്ഠനും കുട്ടികളും ചേർന്ന് ജനാല ചില്ലുകൾ അടിച്ചുപൊട്ടിച്ച് തീ കെടുത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മരിച്ചു. സിബിയുടെ പക്കൽനിന്നും ബിജു വാങ്ങിയ മൂന്നു ലക്ഷം രൂപ തിരികെ ലഭിക്കാതായതോടെ സിബിയും ഭർത്താവും ചേർന്ന് അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. ആറു മാസത്തിനുള്ളിൽ പണം തിരികെ കൊടുക്കാമെന്നു എഴുതി വെച്ച് പ്രശ്നം ഒത്തുതീർപ്പ് വരുത്തി.
പണം തിരികെ കൊടുക്കുന്നതിനുള്ള കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജു അതിക്രമം കാണിച്ചത്. അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ