- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകനെ കൊന്നു കെട്ടിത്തൂക്കിയതെന്ന് മാതാപിതാക്കൾ
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവി എസ്സി വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥിന്റെ ആത്മഹത്യയിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ. മകന്റെ മരണത്തിലേക്ക് നയിച്ചത് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ പീഡനങ്ങൾ ആയിരുന്നു എന്നാണ് ആക്ഷേപം. മകൻ ആത്മഹത്യ ചെയ്തതല്ല, കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
"ഞാൻ അങ്ങോട്ടു വരുന്നമ്മേ. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത്തവണ അമ്മയെ ഞാൻ കൊണ്ടുപോകാം." ഇതായിരുന്നു വയനാട്ടിൽ നിന്നുള്ള സിദ്ധാർഥിന്റെ അവസാനത്തെ വാക്കുകൾ. ഒന്നര മണിക്കൂർ കഴിഞ്ഞ് ഒരു സീനിയർ വിദ്യാർത്ഥി വിളിച്ചു പറഞ്ഞു: "അവൻ പോയി"
"അവൻ അങ്ങനെ ചെയ്യില്ല. ഞങ്ങളുടെ പൊന്നുമോനെ അവരെല്ലാം ചേർന്ന് അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണ്. അവൻ കൊല്ലപ്പെടുന്നതിനു 2 മണിക്കൂർ മുൻപ് ഫോണിൽ സംസാരിച്ചതാണ്. അവന്റെ സംസാരത്തിൽ ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ പോകുന്നതിന്റെ ഒരു സൂചനയും ഇല്ലായിരുന്നു" -മാതാപിതാക്കൾ പറയുന്നു.
18ന് ഹോസ്റ്റൽ ഡോർമിറ്ററിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർഥിന്റെ, സഹപാഠികളുടെയും അദ്ധ്യാപകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും വാക്കുകൾ ചേർത്തു വായിക്കുമ്പോൾ അതു കൊലപാതമാണെന്ന ഉറച്ച വിശ്വാസത്തിലാണ് അച്ഛൻ ടി.ജയപ്രകാശും അമ്മ എം.ആർ.ഷീബയും ബന്ധുക്കളും.
"14ന് വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർത്ഥിനികൾക്കൊപ്പം സിദ്ധാർഥ് നൃത്തം ചെയ്തതിന്റെ പേരിൽ മർദിച്ചു. നൂറോളം വിദ്യാർത്ഥികൾ നോക്കിനിൽക്കെ വിവസ്ത്രനാക്കി അടിച്ചു. ബെൽറ്റ് കൊണ്ടു പലവട്ടം അടിച്ചു. 3 ദിവസം ഭക്ഷണമോ വെള്ളമോ നൽകിയില്ല" സിദ്ധാർഥിന്റെ അമ്മ പറഞ്ഞു. എസ്എഫ്‌ഐ പ്രവർത്തകർക്കെരിയാണ് ആരോപണം ശക്തമായിരിക്കുന്നത്.
അക്രമികൾക്ക് പാർട്ടിയുടെ സംരക്ഷണമുണ്ടെന്നും ഇവർ രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ അറസ്റ്റ് എത്രയും വേഗം വേണമെന്നുമാവശ്യപ്പെട്ട് രക്ഷിതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നിവേദനം നൽകി. ഇക്കഴിഞ്ഞ 18-നാണ് സിദ്ധാർഥിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സിദ്ധാർഥിന് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. സംഭവത്തിൽ 12 വിദ്യാർത്ഥികളെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പ്രണയനൈരാശ്യം മൂലമാണ് സിദ്ധാർഥ് ആത്മഹത്യ ചെയ്തതെന്നാണ് കോളേജിൽനിന്ന് രക്ഷിതാക്കളെ അറിയിച്ചത്.
സിദ്ധാർഥിനെ 20-ൽ അധികം ആളുകൾ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. ബെൽറ്റ്, കേബിൾ വയർ എന്നിവകൊണ്ട് മർദ്ദിച്ചതിന്റെ പാടുകൾ സിദ്ദാർഥിന്റെ ദേഹത്തുണ്ടായിരുന്നു. പുറത്തും കൈയിലും നെഞ്ചിലും താടിയിലും കാലിലുമെല്ലാം മർദനത്തിന്റെ പാടുകളുണ്ട്. സിദ്ധാർഥിന്റെ ദേഹത്തെ പാടുകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പരാമർശിച്ചിട്ടുണ്ട്. 15-ന് വീട്ടിലേക്ക് പോകാനായി എറണാകുളം വരെയെത്തിയ സിദ്ധാർഥിനെ സഹപാഠികളിൽ ചിലർ ഹോസ്റ്റലിലേക്ക് തിരികെ വിളിപ്പിച്ചിരുന്നെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. ഹോസ്റ്റലിൽവെച്ച് ക്രൂരമായി മൂന്നുദിവസം മർദിച്ചെന്നും ഭക്ഷണവും വെള്ളവും നൽകിയിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. സിദ്ധാർഥിനെ മർദിക്കുന്ന വിവരം സഹപാഠികൾ പുറത്തുപറയാതെ മറച്ചുവെച്ചുവെന്ന ഗുരുതര ആരോപണവും ഇവർ ഉന്നയിച്ചിട്ടുണ്ട്.
തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും മൂന്നുദിവസത്തോളം പഴക്കമുള്ള മർദനത്തിന്റെ പാടുകൾ ശരീരത്തിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നത്. മാത്രമല്ല സീനിർ വിദ്യാർത്ഥികൾ സിദ്ധാർഥിനെ മർദിച്ചെന്ന് ചില വിദ്യാർത്ഥികൾ ബന്ധുക്കളോട് പറഞ്ഞപ്പോൾ മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് കോളേജ് അധികൃതർ ആദ്യം നിലപാടെടുത്തത്. ഇതെല്ലാം സംശയത്തിന് ആക്കം കൂട്ടുന്നതാണെന്ന് ഇവർ പറയുന്നു.
മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സിദ്ധാർഥിന്റെ രക്ഷിതാക്കൾ. മകൻ മരിച്ച വിവരം കോളേജിൽ നിന്ന് ഔദ്യോഗികമായി വിളിച്ച് പറഞ്ഞിരുന്നില്ലെന്നും അവിടെത്തന്നെ പി.ജിക്ക് പഠിക്കുന്ന മറ്റൊരു ബന്ധുവാണ് ഇക്കാര്യം അറിയിച്ചതെന്നും സിദ്ധാർഥിന്റെ ബന്ധുക്കൾ പറയുന്നു. മാത്രമല്ല, സിദ്ധാർഥിന്റെ മരണത്തിന് ശേഷം കോളേജിലെ ചില വിദ്യാർത്ഥികൾ പറയുന്നത് ഇതൊരു കൊലപാതകമെന്നാണ്. സിദ്ധാർഥിനെ സീനിയറായിട്ടുള്ള വിദ്യാർത്ഥികളും അതേ ബാച്ചിലെ വിദ്യാർത്ഥികളും ക്രൂരമായി മർദിച്ച് കൊന്നതാണെന്നാണ് അവർ പറഞ്ഞത്.
ഫെബ്രുവരി 16 മുതൽ തന്നെ കോളേജിന് സമീപത്തുള്ള ഉയർന്ന പാറയുടെ മുകളിൽ വെച്ചും കോളേജിന്റെ വാട്ടർ ടാങ്കിന് അടുത്തുവെച്ചുമൊക്കെ പലദിവസങ്ങളിലായി ഈ വിദ്യാർത്ഥികൾ മർദിച്ചിട്ടുണ്ട്. മാത്രമല്ല 130-ഓളം വരുന്ന വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് പരസ്യ വിചാരണ നടത്തിയതായും ബന്ധുക്കൾ പറഞ്ഞു.
പ്രണയദിനത്തിൽ നടന്ന പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിലാണ് മർദനമെന്നാണ് സൂചന. സിദ്ധാർഥിനെ മർദ്ദിച്ച് അവശനാക്കിയത് പോരാഞ്ഞ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മരിച്ചനിലയിൽ കാണപ്പെട്ട ദിവസം പകലും സിദ്ധാർഥിനെ 13 പേർ മർദിച്ചിരുന്നുവെന്നാണ് വിവരം. ഇതിന് ശേഷമാണ് ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.