- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒൻപത് വർഷം മുമ്പ് തുടങ്ങിയ ഒരുമിച്ച് ജീവിതം; ജൂലൈ ആറിന് വിവാഹ രജിസ്ട്രേഷൻ; കല്ല്യാണ ശേഷമുള്ള സംശയത്തിൽ ആസിഡ് ആക്രമണം; അകത്തായ ഭർത്താവിനെ പുറത്തിറക്കിയതും ഭാര്യ; സിജിയെ കൊന്നത് ജാമ്യത്തിൽ ഇറങ്ങിയ സനീഷ് ജോസഫ്; മാടപ്പള്ളിയിൽ സംഭവിച്ചത്
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് ജാമ്യത്തിൽ ഇറങ്ങി. മാടപ്പള്ളി അറയ്ക്കൽ വീട്ടിൽ സനീഷാണ് ഭാര്യ സിജിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്. സനീഷിന്റെ രണ്ടാം ഭാര്യയാണ് സിജി. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. മുൻപ് സിജിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ ആയിരുന്ന സനീഷ് ജാമ്യത്തിൽ പുറത്തിറങ്ങിയാണ് കൊലപാതകം നടത്തിയത്.
കൊലപാതകത്തിന് ശേഷം ഇയാളെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 7:30-നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സനീഷിന്റെ വീടിനു സമീപത്തെ ഇടവഴിയിൽ നിന്ന് ബഹളം കേട്ട് അയൽക്കാർ എത്തിയപ്പോഴാണ് സിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 'കൊന്നു ഇനി പൊലീസിനെ വിളിച്ചോ' എന്ന് നാട്ടുകാരോട് പറഞ്ഞശേഷം പ്രതി സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി.
ഇവരുടെ വീടിന് സമീപത്തുനിന്ന് ഒച്ചയും ബഹളവും കേട്ടതോടെ നാട്ടുകാരെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ സിജിയെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം തൃക്കൊടിത്താനം പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം സംഭവ സ്ഥലത്ത് നിന്നും നീക്കി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണം. സനീഷിനും സിജിക്കും ഒരു കുട്ടിയും ഉണ്ട്.
ഒൻപത് വർഷം മുമ്പ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതാണ്. ജൂലൈ ആറിനായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. സനീഷിന് ആദ്യ വിവാഹത്തിൽ 19ഉം 13ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ആദ്യ ഭാര്യ വിദേശത്തും. സ്വകാര്യ ടെക്‌സ്റ്റൈൽ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു സിജി. സനീഷ് വിവിധ സ്ഥാപനങ്ങളിൽ ഡ്രൈവറും. ആസിഡ് ആക്രമണത്തിന് ശേഷം 41 ദിവസം ജയിലിൽ കിടന്നു. സനീഷിനെ സിജി തന്നെയാണ് ജാമ്യത്തിൽ ഇറക്കിയത്.
സനീഷിന്റെ പീഡനം സഹിക്ക വയ്യാതെയാണ് ആദ്യ ഭാര്യ വിവാഹ മോചനം നേടിയതെന്നും സൂചനയുണ്ട്. ഇതിന് ശേഷമാണ് സിജിയുമായുള്ള ബന്ധം തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ