- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
22 വർഷത്തിന് ശേഷം സിമി നേതാവ് അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യത്തെ നിരോധിത സംഘടനയായ 'സിമി'യുടെ പ്രധാന പ്രവർത്തകൻ 22 വർഷത്തിന് ശേഷം ഡൽഹി പൊലീസിന്റെ വലയിൽ. സിമിയുടെ മാഗസിൻ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് വർഷങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലെ ബുസാവലിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിടികിട്ടി പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഇയാൾ പലയിടങ്ങളിൽ ഒളിവിൽ കഴിയുകയാരിരുന്നു. സിമിയുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന ഷെയ്ഖിനെതിരെ നേരത്തെ യു.എ.പി.എയും ചുമത്തിയിരുന്നു,
2001-ൽ ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയും കേസെടുക്കുകയുണ്ടായി. 2002-ലാണ് ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചത്. കേരളത്തിൽ ഉൾപ്പെടെ സിമി യോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചയാളാണ് ഹനീഫ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, കർണാടക എന്നിവിടങ്ങളിലും ഇയാൾ സിമി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഡിപ്ലോമ വിദ്യാഭ്യാസമുള്ള ഹനീഫ് ഷെയ്ഖ് 1997-ലാണ് സിമിയിൽ അംഗമാകുന്നത്. പിന്നാലെ മുഴുവൻസമയ സിമി പ്രവർത്തകനായി. നിരവധി യുവാക്കളെയാണ് ഇയാൾ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തത്. 2001-ൽ സിമി തലവനായിരുന്ന സാഹിദ് ബദർ ഇയാളെ സിമി പ്രസിദ്ധീകരണമായ 'ഇസ്ലാമിക് മൂവ്മെന്റി'ന്റെ എഡിറ്ററായി നിയമിച്ചു. മാഗസിന്റെ ഉർദു എഡിഷനായിരുന്നു ഹനീഫ് കൈകാര്യംചെയ്തിരുന്നത്. തുടർന്ന് വിദ്വേഷമുയർത്തുന്ന നിരവധി ലേഖനങ്ങൾ ഹനീഫ് പ്രസിദ്ധീകരിച്ചു. ഡൽഹിയിലെ സിമി ആസ്ഥാനത്ത് ഹനീഫിനായി പ്രത്യേകമുറിയും അനുവദിച്ചിരുന്നു.
2001-ൽ സിമി നിരോധനത്തിന് പിന്നാലെ പൊലീസ് വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും ഹനീഫ് ഷെയ്ഖ് അടക്കമുള്ള ചിലർ ഒളിവിൽപോയി. പിന്നീട് പൊലീസിനെ വെട്ടിച്ച് പലയിടങ്ങളിലായാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. സിമിയുടെ നിരോധനത്തിന് ശേഷം ചില പ്രവർത്തകർ ചേർന്ന് മറ്റുചില സംഘടനകൾ രൂപവത്കരിച്ചിരുന്നു. പൊലീസിനെ വെട്ടിച്ച് ഒളിവിൽകഴിഞ്ഞിരുന്ന ഹനീഫ്, ഇക്കാലയളവിൽ ഈ സംഘടനകളിലും പ്രവർത്തിച്ചു. മഹാരാഷ്ട്രയിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
സിമി മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്ന 'ഹനീഫ് ഹുദായി' എന്ന പേര് മാത്രമായിരുന്നു ഇയാളെക്കുറിച്ച് പൊലീസിന് കിട്ടിയ പ്രാഥമികവിവരം. അതിനാൽത്തനെ ഇയാളെ തിരിച്ചറിയാനും പൊലീസ് ഏറെ പണിപ്പെട്ടു. കഴിഞ്ഞ നാലുവർഷമായി പൊലീസ് ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് മുഹമ്മദ് ഹനീഫ് എന്ന പേരിൽ ബുസാവലിൽ താമസിക്കുന്നതായി വിവരം ലഭിച്ചത്. പ്രതി ബുസാവലിലെ ഉർദുമീഡിയം സ്കൂളിൽ അദ്ധ്യാപകനായി ജോലിചെയ്യുകയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഫെബ്രുവരി 22-ാം തീയതിയാണ് പ്രതിയെ തന്ത്രപൂർവം പൊലീസ് പിടികൂടിയത്.
സിമി അടക്കമുള്ള സംഘടനകളുടെ നിരോധനം അടുത്തിടെ കേന്ദ്രസർക്കാർ വീണ്ടും നീട്ടിയിരുന്നു. തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിത സംഘടനയായി പ്രഖ്യാപിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അധികാരം നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു.
ജനുവരി 29ന് കേന്ദ്ര സർക്കാർ സിമിയുടെ മേൽ ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. തീവ്രവാദ സംഘടനയുടെ നിരോധനം നീട്ടുന്നതിനിടയിൽ, തീവ്രവാദം വളർത്തുന്നതിനും രാജ്യത്ത് സമാധാനവും സാമുദായിക സൗഹാർദവും തകർക്കുന്നതിലും സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ടിന്റെ (1967ലെ 37) സെക്ഷൻ 42 പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വിജ്ഞാപനത്തിൽ പറഞ്ഞു, സെക്ഷൻ 7 പ്രകാരം എല്ലാ അധികാരങ്ങളും വിനിയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശിക്കുന്നു. നിയമവിരുദ്ധമായ സംഘടനയായ സിമിയുമായി ബന്ധപ്പെട്ട് പ്രസ്തുത ആക്ടിലെ സെക്ഷൻ 8 സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും പ്രയോഗിക്കേണ്ടതാണ്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ 10 സംസ്ഥാന സർക്കാരുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വ്യവസ്ഥകൾ പ്രകാരം സിമിയെ പ്രതിരോധ നിയമം (യുഎപിഎ) പ്രകാരം 'നിയമവിരുദ്ധ സംഘടന' ആയി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയി സർക്കാർ അധികാരത്തിലിരുന്ന 2001-ലാണ് സിമിയെ ആദ്യമായി നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്, അതിനുശേഷം നിരോധനം കാലാകാലങ്ങളിൽ നീട്ടുകയാണ് ചെയ്തിട്ടുള്ളത്.
സിമി തങ്ങളുടെ അട്ടിമറി പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇപ്പോഴും ഒളിവിൽ കഴിയുന്ന പ്രവർത്തകരെ പുനഃസംഘടിപ്പിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു. വർഗീയതയും അസ്വാരസ്യവും സൃഷ്ടിച്ചും ദേശവിരുദ്ധ വികാരങ്ങൾ പ്രചരിപ്പിച്ചും വിഘടനവാദം വളർത്തിയും തീവ്രവാദത്തെ പിന്തുണച്ചും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ മനസ്സിനെ മലിനമാക്കി രാജ്യത്തിന്റെ മതേതര ഘടനയെ തകർക്കുകയാണ് സിമിയെന്നും വിജ്ഞാപനം വ്യക്തമാക്കി.