കണ്ണൂർ: മാഹിയിലെ ലോഡ്ജിൽ സ്ത്രീക്കൊപ്പം താമസിച്ചു വ്യാജപീഡനപരാതി നൽകി തട്ടിപ്പിനിറങ്ങിയ നിരവധി മോഷണ കേസിലെ പ്രതിയെ മാഹി കോടതി റിമാൻഡ് ചെയ്തത് നിർണ്ണായക അന്വേഷണത്തിലൂടെ. കാഞ്ഞങ്ങാട് മടിക്കൈ കാരാക്കോട് സ്വദേശി വട്ടപ്പള്ളി ഹൗസിൽ മനുപട്ടറെന്നു വിളിക്കുന്ന മുഹമ്മദ് ഇക്‌ബാലെന്ന ശിവശങ്കരനെയാ(61)യാണ് മാഹി പൊലിസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്.

വ്യാജപീഡന പരാതിയുമായി കൂടെയുള്ള അറുപത്തിമൂന്നുകാരിയായ നീലേശ്വരം സ്വദേശിനിയെ കൊണ്ടു വ്യാജപരാതി കൊടുപ്പിച്ചു ലോഡ്ജുടമയിൽ നിന്നും പണംതട്ടാൻ ശ്രമിച്ചതിനാണ് ഇയാളെ മാഹി പൊലിസ് അറസ്റ്റു ചെയ്തത്. പലസ്ഥലങ്ങളിലായി നിരവധി പേരുകളിലാണ് രേഖകളിൽ ഇയാൾ അറിയപ്പെട്ടിരുന്നത്. മോഷണം നടത്തി പൊലിസ് പിടിയിലായാൽ വ്യാജ മേൽവിലാസവും പേരും നൽകുകയാണ് പതിവ്. ദിവസങ്ങൾക്ക് മുൻപ് മാഹിയിലെ സാറാ ഇൻ ലോഡ്ജിൽ മുറിയെടുക്കുകയും അവിടെ മൂന്ന് ദിവസം താമസിക്കുകയും ഭാര്യയെന്ന വ്യാജേനെ കൂടെയാണ്ടായിരുന്ന സ്ത്രീയെ റൂംബോയ് പീഡിപ്പിച്ചതാായി മാഹി പൊലിസ് സ്റ്റേഷൻനിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ഇയാളുടെ പരാതിയിൽ കേസെടുത്ത പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്നും ലോഡ്ജ് ഉടമയിൽ നിന്നും ഹണിട്രാപ്പ് മോഡൽ പണം തട്ടാനുള്ള ശ്രമമായിരുന്നുവെന്നും തി്രിച്ചറിഞ്ഞത്. കൂടെ വന്നയാൾ പോക്കറ്റടി കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ പൊലിസ് ശിവങ്കരൻ എന്നയാൾ സ്ത്രീയുടെ ഭർത്താവല്ലെന്നും സ്ത്രീയുടെ യഥാർത്ഥ ഭർത്താവിനെ കുറച്ചു കാലമായി കാണാതായിട്ടുണ്ടെന്നും രഹസ്യാന്വേഷണത്തിലൂടെ മനസിലാക്കുകയായിരുന്നു.

രക്ഷകനെന്ന വ്യാജേനെ സ്ത്രീയോട് അടുപ്പം കാണിച്ചു ഭയപ്പെടുത്തിയും മാനസികമായി ശാരീരികമായും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു ഇയാൾ. തന്റെ ഇംഗിതത്തിന് ഉപയോഗിക്കുകയും ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നുവെന്നും ചോദ്യം ചെയ്തപ്പോൾ മനസിലായത്. ഈ സ്ത്രീയെ ഉപയോഗിച്ചു പണംതട്ടാൻ സമാനമായ രീതിയിൽ പരാതികൾ മുൻപും ചില സ്ഥലങ്ങളിൽ കൊടുക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ശിവശങ്കരനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലിസിന് ലഭിച്ചത്. കേരളത്തിലെ മിക്ക ജില്ലകളിലും ഇയാൾക്കെതിരെ മോഷണ കേസുകളുണ്ട്.

ചില കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. വ്യാജപരാതി നൽകി പണം തട്ടാൻ ഉണ്ടാക്കിയ ഈ പീഡനക്കേസ് ആസൂത്രിതമായി നടത്തിയതാണെന്നും പൊലിസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാഹി സൂപ്രണ്ട് ഓഫ് പൊലിസ് രാജശങ്കർ വെള്ളാട്ട് നൽകിയ നിർദ്ദേശത്തെ തുടർന്ന് മാഹി സർക്കിൾ ഇൻസ്പെകടർ ആർ. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയത്. ഇയാൾക്കെതിരെ ബേക്കൽ, കാഞ്ഞങ്ങാട്, നീലേശ്വരം, കണ്ണൂർ, തളിപറമ്പ്, തൃശൂർ, എർണാകുളം, ആലുവ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ പേരുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.

സ്ഥിരം മദ്യപാനിയായ ഇയാൾ കൂടെയുണ്ടായിരുന്ന സ്ത്രീയെ നിരവധി തവണ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. സി.,സി.ടി.വിയും ഫിംഗർ പ്രിന്റും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരനും മോഷ്ടാവുമായ പ്രതിയെ അറസ്റ്റു ചെയ്തത്. പൊലിസ് സംഘത്തിൽ മാഹി എസ്. ഐ സി.വി റെനിൽകുമാർ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ. എസ്. ഐ കിഷോർകുമാർ, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ, എ. എസ്. ഐ സുനിൽകുമാർ, പി.ബീന, ഹെഡ് കോൺസ്റ്റബിൾ വിനീഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.