- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്നേഹയാണ് ആദ്യം പ്രണയാഭ്യർഥന നടത്തിയത്; അവൾ എന്റെ ജീവിതത്തിലേക്ക് വന്നതോടെ എല്ലാം മാറി; കോളേജിലെ ജീവനക്കാരനുമായി അടുപ്പത്തിലായി; അവൾ ശിക്ഷിക്കപ്പെടേണ്ടവളാണ്'; പെൺസുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയ സഹപാഠിയുടെ വീഡിയോ പുറത്ത്
ന്യൂഡൽഹി: ഒന്നരവർഷത്തോളം അടുപ്പത്തിലായിരുന്ന സഹപാഠിയായ പെൺസുഹൃത്തിനെ കോളേജ് കാമ്പസിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ വിദ്യാർത്ഥി അവസാനമായി ചിത്രീകരിച്ച വീഡിയോ കണ്ടെടുത്ത് അന്വേഷണ സംഘം. നോയിഡയിലെ ശിവ് നാഡാർ സർവകലാശാലയിലെ മൂന്നാംവർഷ ബി.എ. വിദ്യാർത്ഥിയായ അനൂജ് സിങ് സഹപാഠിയായ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്.
കുറ്റകൃത്യം നടത്തുന്നതിന് തൊട്ടുമുൻപ് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറുന്നുപറഞ്ഞാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇയാളുടെ ജിമെയിൽ അക്കൗണ്ടിൽനിന്നാണ് പൊലീസ് സംഘം വീണ്ടെടുത്തത്. 23 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കൊല്ലപ്പെട്ട സ്നേഹയെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും താൻ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചുമെല്ലാം അനൂജ് വിശദീകരിച്ചിരിക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശിവ് നാഡാർ സർവകലാശാല കാമ്പസിലെ വിദ്യാർത്ഥിനിയായ സ്നേഹ ചൗരാസിയയെ സഹപാഠിയായ അനൂജ് സിങ് വെടിവെച്ച് കൊലപ്പെടുത്തിയത്. കാമ്പസിലെ ഡൈനിങ് ഹാളിന് പുറത്തുവച്ചായിരുന്നു സംഭവം. ആലിംഗനം ചെയ്തതിന് പിന്നാലെയാണ് കൈയിൽ കരുതിയിരുന്ന നാടൻതോക്ക് ഉപയോഗിച്ച് അനൂജ് സ്നേഹയെ വെടിവെച്ച് കൊന്നത്. പിന്നാലെ അനൂജിനെ ഹോസ്റ്റൽ മുറിയിൽ സ്വയം വെടിയുതിർത്ത് മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.
സഹപാഠികളായിരുന്ന അനൂജും സ്നേഹയും ഒന്നരവർഷത്തോളം അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്നവിവരം. അടുത്തിടെ ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായി. ഇതോടെയാണ് അനൂജ് സ്നേഹയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നും ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി കമ്മീഷണർ സാദ് മിയാഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
''ഞാൻ ദേശീയതലത്തിലുള്ള കായികതാരമാണ്. കോളേജിൽചേർന്നതിന് ശേഷമാണ് ഞാൻ സ്നേഹയെ കാണുന്നത്. അവൾ എന്റെ ജീവിതത്തിലേക്ക് വന്നതോടെ എല്ലാം മാറി''- അനൂജ് വീഡിയോയിൽ പറഞ്ഞു. തനിക്ക് ബ്രെയിൻ ട്യൂമറാണെന്നും അധികകാലം ജീവിച്ചിരിക്കില്ലെന്നുമാണ് അനൂജ് അവകാശപ്പെടുന്നത്. സ്നേഹയ്ക്ക് കോളേജിലെ ഒരു ജീവനക്കാരനുമായി അടുപ്പമുണ്ടെന്നും ഇയാൾ ആരോപിക്കുന്നു.
സ്നേഹ വന്നതോടെ തന്റെ ജീവിതം പൂർണമായി മാറിയെന്നും സ്നേഹയാണ് തന്നോട് ആദ്യം പ്രണയാഭ്യർഥന നടത്തിയതെന്നുമാണ് വീഡിയോയിൽ പറയുന്നത്. കോളേജിലെ ഒരു ജീവനക്കാരനുമായി സ്നേഹ അടുപ്പത്തിലായെന്നും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും അവൾ ശിക്ഷിക്കപ്പെടേണ്ടവളാണെന്നും യുവാവ് വീഡിയോയിൽ പറഞ്ഞിരുന്നു.
സഹോദരിയെ അവരുടെ ഭർത്താവ് തീകൊളുത്തി കൊന്നതായും ഭാര്യ മറ്റൊരാൾക്കൊപ്പം പോയതോടെ അമ്മാവൻ ഹൃദയാഘാതം വന്ന് മരിച്ചതായും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.. നേരത്തെ അനുഭവിച്ച മാനസികപ്രയാസങ്ങളിൽനിന്നെല്ലാം മുക്തമാകാൻ ശ്രമിക്കുന്നതിനിടെയാണ് സ്നേഹയെ കണ്ടത്. അവളുടെ വ്യക്തിപരമായ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ സഹായിച്ചു. ഇതിലൂടെ തങ്ങൾക്കിടയിലുള്ള ബന്ധം വളരുകയും സ്നേഹ തന്നോട് പ്രണയാഭ്യർഥന നടത്തുകയുമായിരുന്നു.
താൻ അനുഭവിക്കുന്ന മാനസികപ്രയാസങ്ങൾ കാരണം സ്നേഹയുടെ പ്രണയാഭ്യർഥന സ്വീകരിക്കാൻ ആദ്യം മടിച്ചു. എന്നാൽ പിന്നീട് പ്രണയാഭ്യർഥന സ്വീകരിക്കുകയായിരുന്നു. എന്നാൽ ഇരുവരും അടുപ്പത്തിലായെങ്കിലും വൈകാതെ തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങളും തുടങ്ങി. രണ്ടുപേരും തമ്മിൽ വഴക്കിടുന്നതും പതിവായി. അമ്മാവന്റെ മരണവിവരമറിഞ്ഞ് താൻ വീട്ടിൽപോയതിന് ശേഷമാണ് സ്നേഹ തന്നെ വഞ്ചിക്കാൻ തുടങ്ങിയതെന്നും അനൂജ് പറയുന്നു.
അമ്മാവന്റെ മരണത്തെത്തുടർന്ന് താൻ വീട്ടിലേക്ക് പോയിരുന്നു. ഇതിനുശേഷമാണ് സ്നേഹ തന്നെ വഞ്ചിക്കാൻ തുടങ്ങിയത്. താൻ ഉറങ്ങിയതിന് ശേഷം അവൾ പതിവായി കോളേജിലെ ഒരു ജീവനക്കാരനെ കാണാൻ പോയി. നിങ്ങൾക്ക് വേണമെങ്കിൽ സിസിടിവി പരിശോധിക്കാം. തന്നെ കാണാൻ വരുമ്പോൾ അവൾ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്യും. ഇത് തന്നെ പൂർണമായും തകർത്തു. അവൾ തന്നെയാണ് വേർപിരിയാനുള്ള തീരുമാനമെടുത്തത്.
എന്നാൽ മറ്റൊരാളുമായുള്ള അടുപ്പത്തിന് പകരം താൻ വിഷാദത്തിലാണെന്നായിരുന്നു അവൾ കാരണമായി പറഞ്ഞത്. അത് തന്നെ ഏറെ വേദനിപ്പിച്ചതായും യുവാവ് പറയുന്നു. സ്നേഹയുടെ മാതാപിതാക്കളോടും സ്വന്തം മാതാപിതാക്കളോടും അനൂജ് വീഡിയോയിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ കാമുകനെയും സ്നേഹ ഉപേക്ഷിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു.
അതേസമയം, അനൂജ് എവിടെനിന്നാണ് നാടൻതോക്ക് സംഘടിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. തോക്കുമായി എങ്ങനെയാണ് കാമ്പസിനകത്തേക്ക് പ്രവേശിച്ചതെന്നും വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ചെല്ലാം അന്വേഷണം തുടരുകയാണെന്നും യുവാവിന്റെ മുറിയിൽനിന്ന് ലഭിച്ച ബാഗും മറ്റുവസ്തുക്കളും ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ