- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിനെതിരെയും പരാതിക്കാരി സിബിഐക്കു മൊഴി നൽകി; സിബിഐ റിപ്പോർട്ടിൽ പൊലീസ് ഉന്നതർക്കെതിരേയും വെളിപ്പെടുത്തലുകൾ; സോളാറിൽ നടന്നത് ഉന്നത ഗൂഢാലോചന തന്നെ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡനപരാതിയുടെ അന്വേഷണത്തിനിടെ, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിനെതിരെയും പരാതിക്കാരി സിബിഐക്കു മൊഴി നൽകിയെന്ന് മനോരമ റിപ്പോർട്ട്. സോളർ സാമ്പത്തികത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ ഒത്തുതീർപ്പാക്കാൻ അന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അജിത് കുമാർ ഇടപെട്ടെന്നാണു മൊഴി. ഗുരുതര ആരോപണമാണ് പരാതിക്കാരി ഉന്നയിക്കുന്നത്.
സിബിഐ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിക്കെതിരെ വ്യക്തമായ ക്രിമിനൽ ഗൂഢാലോചന നടന്നെന്നു തെളിഞ്ഞ സാഹചര്യത്തിൽ റിപ്പോർട്ടിന്മേൽ സമഗ്രമായ അന്വേഷണം വേണമെന്നു യുഡിഎഫ് സംസ്ഥാന ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു. സർക്കാർ തയാറല്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും കെ.ബി.ഗണേശ്‌കുമാറും ഉൾപ്പെടെയുള്ളവർ ഗൂഢാലോചനയിൽ പങ്കാളികളാണെന്നു വ്യക്തമായതായി യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. അതിനിടെയാണ് പൊലീസിനെതിരേയും പരമാർശം പുറത്തു വരുന്നത്.
'വലിയ തുകകളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാനുള്ള ചർച്ചകൾ കമ്മിഷണറുടെ ഓഫിസിലാണു നടന്നത്. അന്ന് 'ടീം സോളർ' കമ്പനിയിൽ പങ്കാളിയായിരുന്ന ബിജു രാധാകൃഷ്ണൻ ഓഫിസിൽ വരാതെയും ഫോൺ വിളിച്ചാൽ എടുക്കാതെയും ആയതോടെ അദ്ദേഹത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കമ്മിഷണർക്കു രേഖാമൂലം പരാതി നൽകി. എന്നാൽ പരാതി നൽകുന്നത് കമ്പനിയുടെ പ്രതിഛായയെ ദോഷകരമായി ബാധിക്കുമെന്നും ഇടപാടുകാരുമായി ഒത്തുതീർപ്പിലെത്താനുമായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം' മൊഴിയിൽ പറയുന്നു.
ഉമ്മൻ ചാണ്ടിക്കെതിരെ എഡിജിപിക്കു നൽകിയ പീഡനപരാതിയുടെ അന്വേഷണഘട്ടത്തിൽ പരാതിക്കാരി സഹകരിച്ചില്ലെന്നും അന്വേഷണം നീട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമമെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‌പി എ.ഷാനവാസും സിബിഐയോടു വ്യക്തമാക്കി. പല തവണ നോട്ടിസ് നൽകിയിട്ടും പരാതിക്കാരി ഹാജരായില്ലെങ്കിലും അവരെ ബുദ്ധിമുട്ടിക്കരുതെന്നും പരാതിക്കാരിയുടെ സൗകര്യം അനുസരിച്ചു മാത്രം അന്വേഷണം നടത്തിയാൽ മതിയെന്നും ഉന്നത ഉദ്യോഗസ്ഥർ ഷാനവാസിനോടു നിർദ്ദേശിച്ചിരുന്നതായും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ഇതും ഗൗരവമുള്ള വെളിപ്പെടുത്തലാണ്.
സാക്ഷിമൊഴികളൊന്നും പരാതിക്കാരി പറയുന്നതുമായി പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നും ഒരു തെളിവും അവർക്കു ഹാജരാക്കാനായില്ലെന്നും വ്യക്തമാക്കിയ ഷാനവാസ്, പരാതിയിൽ പറയുന്ന രീതിയിലുള്ള സംഭവങ്ങൾ നടന്നിട്ടില്ലെന്നാണ് അന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്നും സിബിഐക്കു മൊഴി നൽകി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടും പരാതി വ്യാജമെന്നു വ്യക്തമാക്കുന്നതായിരുന്നുവെന്നതാണ് വസ്തുത.
സ്വന്തം ഏജൻസിയുടെ ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണു കേസ് സിബിഐ അന്വേഷണത്തിനു വിടാൻ സർക്കാർ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ കുടുക്കാൻ നടന്ന ശ്രമങ്ങൾ വ്യക്തമാക്കുന്ന സിബിഐ റിപ്പോർട്ട് ഒടുവിൽ സർക്കാരിനു തന്നെ തിരിച്ചടിയാവുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ