- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ആയിരുന്നപ്പോൾ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചെന്നും ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് അയച്ചുക്ഷണിച്ചുവെന്നും ഉള്ള ആരോപണങ്ങൾക്ക് തെളിവില്ല; സോളാർ കേസിൽ അടൂർപ്രകാശ് എംപിക്ക് ക്ലീൻ ചിറ്റ് നൽകി സിബിഐ; റിപ്പോർട്ട് സമർപ്പിച്ചത് തിരുവനനന്തപുരം സിജെഎം കോടതിയിൽ; കെട്ടിച്ചമച്ച പരാതിയെന്നും അന്വേഷണ ഏജൻസി
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അടൂർപ്രകാശ് എംപിക്ക് ക്ലീൻ ചിറ്റ് നൽകി സിബിഐ റിപ്പോർട്ട്. എംപിക്കെതിരെ തെളിവില്ലെന്ന് സിബിഐ വ്യക്തമാക്കി, തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. 2018ലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. നേരത്തെ ഹൈബി ഈഡൻ എംപിക്കും ക്ലീൻ ചിറ്റ് നൽകിയിരുന്നു.
അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽവച്ചു പീഡിപ്പിച്ചെന്നും ബെംഗളൂരുവിലേക്കു വിമാന ടിക്കറ്റ് അയച്ചു ക്ഷണിച്ചുവെന്നുമാണു പരാതിക്കാരിയുടെ ആരോപണം. എന്നാൽ ഇവ അടിസ്ഥാനരഹിതമാണെന്നും ബെംഗളൂരുവിൽ അടൂർ പ്രകാശ് റൂം എടുക്കുകയോ ടിക്കറ്റ് അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഹൈബി ഈഡനെതിരായ സോളാർ കേസ് പ്രതിയുടെ പരാതി. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസിനാവശ്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനാൽ ഹൈബിക്ക് സിബിഐ ക്ലീൻചിറ്റ് നൽകുകയായിരുന്നു.
ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സിബിഐ വിലയിരുത്തൽ. ബെംഗളൂരുവിൽ അടൂർ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല. അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങൾ ചേർത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്.
ഹൈബി ഈഡന് എതിരായ കേസിൽ, പരാതിക്കാരിയെ കൂട്ടി എംഎൽഎ ഹോസ്റ്റലിലെ നിളാ ബ്ലോക്കിൽ 32-ാം മുറിയിൽ സിബിഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകാനാകും വിധം തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലൊന്നും പരാതിക്കാരിക്ക് നൽകാനായില്ലെന്നുമാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ. എപി അനിൽകുമാർ, എപി അബ്ദുള്ളക്കുട്ടി തുടങ്ങിയവർക്കെതിരായ കേസുകളിലാണ് ഇനി റിപ്പോർട്ട് നൽകാനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ