കൊട്ടാരക്കര: കൊട്ടാരക്കരയിൽ പക്ഷാഘാതം ബാധിച്ച മാതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മകനാണ് പെറ്റമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ മകൻ അറസ്റ്റിലായി. പവിത്രേശ്വരം ചെറുപൊയ്ക കോരായ്‌ക്കോട് സതീഷ് ഭവനത്തിൽ പത്മിനിയമ്മ (61) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഈ കേസിൽ മകൻ സതീഷി (37) നെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മദ്യപിച്ചുവന്ന് മാതാപിതാക്കളെ ഉപദ്രവിക്കുന്ന സ്വഭാവക്കാരനായിരുന്നു സതീഷ്. ഗൾഫിലായിരുന്ന ഇയാൾ കഴിഞ്ഞവർഷം നവംബറിലാണ് നാട്ടിൽ എത്തിയിരുന്നു. ഗൾഫിൽ നിൽക്കെ ഇയാൾ സമ്പാദിച്ച സ്വർണവും പണവും അമ്മയെ ഏൽപ്പിച്ചിരുന്നു. ഇത് ഇയാൾ തിരികെ ചോദിച്ചു.

നാട്ടിൽ വന്നപ്പോൾ അമ്മയുടെ കൈവശം ഇത് ഉണ്ടായിരുന്നില്ല. തുടർന്ന് സാമ്പത്തിക പ്രയാസത്തിലായ സതീഷ് ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിൽ ജനുവരിയിൽ വിവാഹിതനായി. പത്മിനി അമ്മയും മരുമകളും തമ്മിലുള്ള തർക്കം മൂലം ഒരാഴ്ച മുമ്പ് മരുമകൾ സതീഷുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു.

ഇതിനിടെ സതീഷിന്റെ നിരന്തര ഉപദ്രവം മൂലം കഴിഞ്ഞ ഏഴിന് പിതാവ് ശശിധരൻപിള്ള നാടുവിട്ടുപോയിരുന്നു. വെള്ളിയാഴ്ച രാത്രി മാതാവുമായി തർക്കമുണ്ടായി. തുടർന്ന് കട്ടിലിൽ കിടക്കുകയായിരുന്ന പത്മിനിയമ്മയെ മദ്യലഹരിയിലായിരുന്ന പ്രതി ക്രൂരമായി മർദിച്ചു. കട്ടിലിൽനിന്ന് പിടിച്ചു തറയിലിട്ട് തല തറയിൽ ഇടിക്കുകയും വാരിയെല്ലിന് ചവിട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മരണം സംഭവിക്കുകയായിരുന്നു.

മരണത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിൽ പ്രതി കിടന്ന കട്ടിലിലെ ഷീറ്റിലും ധരിച്ചിരുന്ന ഷർട്ടിലും ശരീരത്തും ചെരിപ്പിലും രക്തക്കറ കണ്ടെത്തിയിരുന്നു. ഇതോടെ പ്രതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ശാസ്താംകോട്ട ഡിവൈ.എസ്‌പി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ പുത്തൂർ സിഐ സുഭാഷ് കുമാർ, എസ്‌ഐമാരായ ജയേഷ്, രമേശൻ, എഎസ്ഐ സന്തോഷ്, എസ്.സി.പി.ഒമാരായ സജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.