- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിൽ അകത്തായപ്പോൾ പുറത്തിറക്കാൻ വൈകിയതിൽ അരിശം; വന്നയുടൻ അമ്മയെ നിലത്തിട്ട് ചവിട്ടി വലിച്ചിഴച്ചു; അവണാംകുഴിയിൽ വയോധികയ്ക്ക് നേരേ നടന്നത് ക്രൂരപീഡനം; അമ്മയുടെ കൊലപാതകത്തിൽ പ്രതിയായ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കടുത്ത്അവണാകുഴിയിൽ വയോധികയായ വീട്ടമ്മയെ, ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കസ്റ്റഡിയിലെടുത്ത മകൻ ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി കാഞ്ഞിരംകുളം പൊലീസ്. അവണാകുഴി പെരിങ്ങോട്ടുകോണം വരിക്കപ്ലാവിള പുത്തൻവീട്ടിൽ പരേതനായ സോമന്റെ ഭാര്യ ലീല എന്നു വിളിക്കുന്ന പത്മിനി (65) ആണ് മരിച്ചത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഇവരുടെ മകൻ ബിജു ആണ് പൊലീസ് കസ്റ്റഡിയിൽ വെച്ച് കുറ്റം സമ്മതിച്ചത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. പോക്സോ കേസിൽ പ്രതിയായ ബിജു, 4 ദിവസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ബിജുവിനെ ജാമ്യത്തിൽ ഇറക്കാൻ പോയത് അമ്മ തന്നെയായിരുന്നു. എന്നാൽ ജാമ്യം കിട്ടാൻ വൈകിയതിലെ അരിശം കഴിഞ്ഞ ദിവസം മുതൽ ബിജു പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ചയും ഇക്കാര്യം പറഞ്ഞ് ബിജു അമ്മയെ മർദ്ദിച്ചു.
കരാറുകാരനിൽ നിന്നും അഡ്വാൻസ് പണം വാങ്ങി മദ്യപിച്ച ശേഷം വീട്ടിലെത്തിയ ബിജു ആദ്യം അമ്മയെ കമ്പ്എടുത്ത് അടിച്ചോടിക്കുകയായിരുന്നു. പിന്നീട് ചവിട്ടി വീഴ്ത്തി മർദനം സഹിക്ക വയ്യാതെ അമ്മ നിലവിളിക്കുന്നത് അയൽവാസികൾ കേട്ടുവെങ്കിലും ബിജുവിന്റെ സ്വഭാവം അറിയാവുന്നതിനാൽ ആരും പ്രശ്നത്തിൽ ഇടപെടില്ല. മർദ്ദനത്തിനൊടുവിൽ കുഴഞ്ഞു വീണ അമ്മയെ തറയിലിട്ടു ചവിട്ടിയ ശേഷം വലിച്ചിഴച്ചു കൊണ്ട് പോയി.
പത്മിനിയുടെ 3 മക്കളിൽ മൂത്ത മകനാണ് ബിജു. ഇയാളും മാതാവും ഒരുമിച്ചായിരുന്നു താമസം. ബിജു തന്നെയാണ് മാതാവ് മരിച്ചുവെന്ന വിവരം സഹോദരങ്ങളെയും സുഹൃത്തുക്കളെയും വിളിച്ചു അറിയിച്ചത്. വീടിന്റെ ഉള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. വസ്ത്രങ്ങൾ ഭാഗികമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ ശരീരത്തിൽ കാര്യമായ മുറിവുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം തലയിൽ ഒരു ചെറിയ മുഴയുണ്ട്. വീഴ്ചയിൽ പറ്റിയതാകാൻ ആണ് സാധ്യത. തറയിൽ വലിച്ചിഴച്ചതിന്റെ പാടും കാണാൻ കഴിയും. മുറിവുകൾ ഉണ്ടായിരുന്നില്ലെങ്കിലും ശരീരത്തിലും തറയിലും രക്തക്കറ കാണപ്പെട്ടതായും പൊലീസ് തയാറാക്കിയ റിപ്പോർട്ടിലുണ്ട്.
അയൽവാസിയായ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ആണ് ബിജു ജയിലിൽ പോയത്. അമ്മ തന്നെയാണ് മകനെ ജാമ്യത്തിൽ ഇറക്കിയതും. അതിനെ ചൊല്ലി വീട്ടിൽ ബഹളം നടന്നിരുന്നതായി പ്രദേശവാസികളും പറയുന്നു. ബിജുവിനെ കൂടാതെ ബിനു, അനി എന്നിവരും പത്മിനിയുടെ മക്കളാണ്
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്