- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായുള്ള വഴക്ക് അതിരുവിട്ട് അക്രമമായി; സമാധാനം പറയാൻ ചെന്ന ഭാര്യാ പിതാവിനെ കുത്തി കൊലപ്പെടുത്തി മരുമകൻ; കൊലയ്ക്ക് പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി; 70 കാരൻ കൊല്ലപ്പെട്ടത് മലപ്പുറം വഴിക്കടവിൽ
മലപ്പുറം: ഭാര്യാപിതാവിനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നാലെ പ്രതി സ്വയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മലപ്പുറം വഴിക്കടവ് മരുത മദ്ദളപ്പാറ ആനടിയിലാണ് സംഭവം. 70വയസ്സുകാരനായ മദ്ദളപ്പാറ ആനടി പ്രഭാകാരനെയാണ് മരുമകനായ മനോജ് കൊലപ്പെടുത്തിയത്. ഇന്നു രാവിലെ 9.30 നാണ് സംഭവം.
കുറച്ച് നാളുകളായി മനോജും ഭാര്യയും തമ്മിലുള്ള കുടുംബ വഴക്കുകൾ നടന്നിരുന്നു. തുടർന്നു കഴിഞ്ഞ നാലു ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ പ്രശ്നത്തെ തുടർന്ന് വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ എത്തി ഒത്തു തീർപ്പ് ചർച്ച നടത്തുകയും ചെയ്തിരുന്നു. പ്രതിയായ മനോജും ഭാര്യയും തമ്മിലുള്ള പ്രശ്നമാണ് ഭാര്യാ പിതാവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതി ഇളയ മകൾ പുഷ്പയുടെ ഭർത്താവാണ്. കൊല നടത്തിയ ശേഷം പ്രതി വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മൃതദേഹം വൈകിട്ട് പൊലീസ് നടപടികൾ പൂർത്തിയാക്കി സംഭവ സ്ഥലത്ത് നിന്നും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രഭാകരന്റെ ഭാര്യ പാർവ്വതി. മക്കൾ: ഗിരിജ, ഉണ്ണിക്കൃഷ്ണൻ, ഗിരീഷ് കുമാർ, ഗണേശ്, ഗീത, മോഹൻദാസ്, പുഷ്പ.
സംഭവത്തെ കുറിച്ചു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വഴിക്കടവ് സി ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലാണു ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. കൂടുതൽ ബന്ധുക്കളുടെ മൊഴികൾ ഉടൻ രേഖപ്പെടുത്തും. പൊലീസ് സ്റ്റേഷനിൽ നേരത്തെ നടന്ന അനുനയച്ച ചർച്ച പാലിക്കാതെ നടന്ന ബഹളമാണു അക്രമത്തിലേക്കും മരണത്തിലേക്കും കലാശിച്ചതെന്നു ഇവരുടെ ബന്ധുക്കൾ പറയുന്നത്.
സമാനമായി ഈസ്റ്റർ ദിനത്തിലും ഇടുക്കി വെൺമണിയിലും മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചിരുന്നു. തുടർന്നു പ്രതി വെൺമണി തെക്കൻതോണി സ്വദേശി പുത്തൻപുരയ്ക്കൽ അലക്സിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ കൊലപാതകത്തിന് ഉപയോഗിച്ച് കത്തി ഇയാളുടെ തെക്കൻ തോണിയിലുള്ള വീടിന്റെ വിറകുപുരയിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ഏപ്രിലിൽ കഞ്ഞിക്കുഴി പൊലീസ് വെണ്മണിയിൽ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് സംഭവ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് പ്രതിയായ അലക്സ് തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ശ്രീധരന്റെ മകളുടെ ഭർത്താവായ അലക്സ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനെ തുടർന്ന് അലക്സിന്റെ ഭാര്യ സൗമ്യ പിതാവ് ശ്രീധരോടൊപ്പമാണ് താമസിച്ചിരുന്നത്. ഈസ്റ്റർ പ്രമാണിച്ച് കുടുംബക്കാർ എല്ലാവരും തെക്കൻതോണിയിലെ ശ്രീധരന്റെ ഭാര്യ സഹോദരന്റെ വീട്ടിൽ ഒത്തുചേർന്ന സമയത്താണ് മദ്യപിച്ച് മരുമകൻ അലക്സ് അവിടേക്ക് എത്തിയത്. തുടർന്ന് കുടുംബാംഗങ്ങളുമായി വഴക്കിടുകയും തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ശ്രീധരനെ അലക്സ് കുത്തി വീഴ്‌ത്തുകയുമായിരുന്നു. തുടർന്നു തൊടുപുഴ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ശ്രീധരൻ മരണപ്പെട്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്