- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരായ ഗൂഢാലോചന കേസ് പ്രത്യേക സംഘം അന്വേഷിക്കും; കണ്ണൂർ എസ്‌പിയുടെ നേതൃത്വത്തിൽ ഉള്ള സംഘത്തിൽ സൈബർ വിദഗ്ധരും; ഇരുവർക്കും എതിരെ കേസെടുത്തത് തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ പരാതിയിൽ
കണ്ണൂർ : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും ഇടനിലക്കാരനെന്ന് സ്വപ്‌ന ആരോപിക്കുന്ന വിജേഷ് പിള്ളക്കുമെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് കണ്ണൂർ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. കണ്ണൂർ സിറ്റി എസിപി രത്‌നകുമാർ, തളിപ്പറമ്പ് ഡിവൈഎസ്‌പി എംപി വിനോദ്, തളിപ്പറമ്പ് വനിതാ സെൽ എസ്‌ഐ ഖദീജ അടക്കമുള്ളവരാണ് സംഘത്തിലുള്ളത്. സൈബർ വിദഗ്ധരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് അവർക്കെതിരെ ചുമത്തിയത്. സ്വപ്നക്ക് എതിരെ വിജേഷ് പിള്ള നൽകിയ പരാതിയും പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് കണ്ണൂർ യൂണിറ്റ് കേസിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറി. സ്വപ്ന ബ്ലാക് മെയിൽ ചെയ്യുകയാണെന്നാണ് വിജേഷ് പിള്ള നൽകിയ പരാതിയിൽ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ സ്വപ്ന സുരേഷ് ഫേയ്‌സ് ബുക്ക് ലൈവിലൂടെ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരായ പരാതികൾ പിൻവലിക്കാൻ എം വി ഗോവിന്ദന്റെ ദൂതനായി വിജേഷ് പിള്ള തന്നെ വന്ന് കണ്ടുവെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തുവെന്നുമാണ് സ്വപ്ന ആരോപിച്ചത്. ഇതനുസരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എം വി ഗോവിന്ദന് വേണ്ടി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.
ഇത്തരം ആരോപണം ഉന്നയിച്ചത് അത്യന്തം സംശയകരമാണ്. സത്യവിരുദ്ധവും കുടിലവുമായ ഈ ആരോപണത്തിന് പിന്നിൽ ചില സമൂഹ വിരുദ്ധ ശക്തികളുടെ വൻ ഗൂഢാലോചനയും സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ തളിപ്പറമ്പിലെ അഭിഭാഷകനായ നിക്കോളാസ് ജോസഫ് മുഖേനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വപ്നാ സുരേഷിനെതിരെ മാനനഷ്ട കേസ് നൽകിയിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ