- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊതുകിനെ തുരത്താനുള്ള ഗുഡ്നൈറ്റ് മെഷീനുള്ളിൽ ഒളിക്യാമറ; ഹോട്ടലിൽ ദമ്പതിമാരുടെ സ്വകാര്യ ദൃശ്യം പകർത്തി ബ്ലാക്മെയിലിങ്; കോഴിക്കോട്ട് നിരവധി ദമ്പതികളുടെ ദൃശ്യങ്ങൾ എടുത്തു; ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ വാങ്ങി വിലസിയ 35കാരനെ പൊലീസ് പൊക്കിയത് തന്ത്രപൂർവം
മലപ്പുറം: ഹോട്ടൽ മുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യം പകർത്തി ബ്ലാക്ക് മെയിലിങ് നടത്തിയ കേസിൽ തിരൂരിൽ അറസ്റ്റിലായ 35കാരനായ പ്രതി ചില്ലറക്കാരനല്ല. റൂമിലെ ഗുഡ്നൈറ്റ് മെഷീനിനുള്ളിൽ ഒളിക്യാമറവെച്ചു ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ബ്ലാക്ക് മെയിലിങ് നടത്തി പ്രതി ആവശ്യപ്പെട്ടത് 1.45ലക്ഷം രൂപ. സമാനമായി കോഴിക്കോട്ടെ ഹോട്ടലിൽ റൂമെടുത്ത നിരവധി ദമ്പതികളുടെ ദൃശ്യങ്ങളാണു പ്രതി ഒളിക്യാമറ വെച്ചു പകർത്തിയതെന്നു പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീർ(35) എന്നയാളെയാണ് കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം തിരൂർ പൊലീസ് പിടികൂടിയത്.
കോഴിക്കോട് പാരമൗണ്ട് ഹോട്ടലിൽ കഴിഞ്ഞ ഏപ്രിൽ 20നാണു ദമ്പതികൾ റൂമെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസർ രൂപത്തിലുള്ള ക്യാമറയും പൊലീസ് കണ്ടെടുത്തു. തിരൂർ സിഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്‌ഐ വിപിൻ. കെ.വി സി.പി.ഒ മാരായ ധനീഷ്‌കുമാർ, അരുൺ, ദിൽജിത്ത്, സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊതുകുകളെ തുരത്താൻ വൈദ്യൂതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഗുഡ്നൈറ്റിൽ മെഷീൻ മോഡലിലുള്ള വസ്തുവിലാണു ഇയാൾ ഒളിക്യാമറ വെച്ചിരുന്നത്. ഓൺലൈനിൽ നിന്നും ഇതു 7500രൂപക്കു വാങ്ങിച്ചതാണെന്നാണു പൊലീസിനു ലഭിച്ച വിവരം. അതേ സമയം ദമ്പതികളെ ആദ്യംതന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയപ്പോൾ തന്നെ യുവാവ് തിരൂർ പൊലീസിലെത്തി പരാതി നൽകിയിരുന്നു. എന്നാൽ പ്രതിക്കെതിരെ തെളിവുവേണമെന്നതിനാൽ തന്നെ ഇയാൾ ആവശ്യപ്പെട്ടപ്രകാരം പണത്തിന്റെ അഡ്വാൻസായി 2000 രൂപ യുവാവ് ഗൂഗിൾപേയിൽ അയച്ചുകൊടുത്തു. ബാക്കി തുക ഉച്ചയ്ക്കു നൽകാമെന്നു പറഞ്ഞു. തുടർന്നു ഉച്ചയ്ക്കു വിളിച്ചപ്പോൾ പണം ആയില്ലെന്നും ഭാര്യയുടെ സ്വർണം വിറ്റശേഷം വൈകിട്ടാകുമ്പോഴേക്കും പണമെത്തിക്കാമെന്നു പറഞ്ഞു. തുടർന്നു വൈകിട്ട് ഇയാൾ വിളിച്ചപ്പോൾ സ്വർണം വിൽക്കാൻ സാധിച്ചില്ലെന്നും ഞായറാഴ്‌ച്ച ആയതിനാൽ സ്വർണക്കടയില്ലെന്നും പറഞ്ഞു. വേണമെങ്കിൽ കയ്യിലുള്ള സ്വർണവുമായി വരാമെന്നു പറഞ്ഞു. ഇതു പ്രകാരം പൊലീസ് നൽകി മുക്കുപണ്ട മാലയുമായി യുവാവ് പോകുകയും പൊലീസ് പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നു.
പ്രതി അബ്ദുൽ മുനീർ ഈ ഹോട്ടലിലെ ഫ്രണ്ട് ഓഫീസിലായിരുന്നു ജോലിചെയ്തിരുന്നത്. തുടർന്നു രണ്ടുലക്ഷത്തിന്റെ ക്രമക്കേടുനടത്തിയതിന്റെ പേരിൽ കഴിഞ്ഞ മെയ് അഞ്ചിനു ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇയാളുടെ ലാപ്പ്ടോപ്പ് ഉൾപ്പെടെയുള്ളവ പരിശോധിച്ചതിൽനിന്നും സമാനമായ പല ഒളിക്യാമറ ദൃശ്യങ്ങളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കൂടുതൽ പേർ പരാതിയുമായി വരാൻ സാധ്യതയുണ്ടെന്ന സൂചനയാണു പൊലീസിൽനിന്നും ലഭിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്