കൊല്ലം: ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് സുരക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്നു ചാടി മരിച്ചതിന് പിന്നിൽ പൊലീസിന്റെ ജാഗ്രത കുറവെന്ന് വിലയിരുത്തൽ. മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലക്കേസിലെ പ്രതി ആനക്കൂട്ടിൽ ശ്രീമഹേഷാണ് (38) മരിച്ചത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു സമീപം കൊല്ലം പാസഞ്ചറിൽ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയാണ് സംഭവം. മുമ്പും ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ശ്രീമഹേഷിന്റെ കാര്യത്തിൽ എടുക്കേണ്ട ജാഗ്രത പൊലീസിന്റെ ഭാഗത്തുണ്ടായില്ലെന്നാണ് വിലയിരുത്തൽ. പ്രതികളുമായുള്ള പൊലീസ് യാത്രയിൽ കൂടുതൽ ജാഗ്രത വേണ്ടതിന്റെ ആവശ്യമാണ് ഈ സംഭവം ചർച്ചയാക്കുന്നത്.

ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ കൊണ്ടുവന്ന ശേഷം ശ്രീമഹേഷിനെ തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു. തിരുവനന്തപുരം എആർ ക്യാംപിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു. സ്റ്റേഷനിൽ നിന്നു ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ശ്രീമഹേഷ് ആവശ്യപ്പെട്ടു. ഇത് അനുവദിച്ചപ്പോൾ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാതിലിന്റെ ഭാഗത്ത് നിന്നു പുറത്തേക്ക് ചാടുകയായിരുന്നു. ഉദ്യോഗസ്ഥർ പെട്ടെന്നു ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. ഗുരുതരമായി പരുക്കേറ്റ ശ്രീമഹേഷിനെ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2023 ജൂൺ ഏഴിനു രാത്രിയിലാണ് മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും ഇയാൾ വെട്ടിപ്പരുക്കേൽപിച്ചു. ശ്രീമഹേഷ് ജൂൺ 8ന് വൈകിട്ടു 6.45ന് ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. അടുത്തമാസം സാക്ഷിവിസ്താരം തുടങ്ങാനിരിക്കെയാണ് ആത്മഹത്യ. ജോലി തടസ്സപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചതിനും അസ്വാഭാവിക മരണത്തിനും കേസെടുത്തതായി ശാസ്താംകോട്ട ഡിവൈഎസ്‌പി: എസ്.ഷെരീഫ് പറഞ്ഞു.

ശ്രീ മഹേഷ് മകളോട് പെരുമാറിയതും സൈക്കോയെ പോലെ

പുന്നമൂട് ആനക്കൂട്ടിൽ മഹേഷിന്റെ ക്രൂരകൃത്യം പൊതു സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു. നക്ഷത്രയുടെ അമ്മ വീട്ടുകാരെ കാണാനോ സംസാരിക്കാനോ കുഞ്ഞിനെ അനുവദിച്ചിരുന്നില്ല. അമ്മുമ്മയുടെയും അപ്പുപ്പന്റെയും വീട്ടിൽ പോകാനും മഹേഷ് അനുവദിച്ചിരുന്നില്ല. പത്തിയൂരിലെ അമ്മവീട്ടിലേക്ക് നക്ഷത്രയെ കൊണ്ടുവരാത്തതിനെതിരെ വീട്ടുകാർ നേരത്തെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ മകളെയും കൂട്ടി താൻ ജീവനൊടുക്കുമെന്ന് ശ്രീമഹേഷ് ഭാര്യ വീട്ടിലെത്തിഭീഷണി മുഴക്കിയതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വീട്ടുകാർ ഈ പരാതി പിൻവലിക്കുകയായിരുന്നു.

വിദ്യയുടെ മരണത്തിനു ശേഷം ഒന്നര വർഷം നക്ഷത്ര പത്തിയൂരിലെ വീട്ടിൽ കഴിഞ്ഞിരുന്നു. പിന്നീട് ശ്രീമഹേഷ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.സ്‌കൂൾ തുറക്കുന്നതിന് മുൻപ്എതിർപ്പ് ഉണ്ടായിരുന്നെങ്കിലും മുത്തശ്ശി രാജശ്രീ പുന്നമൂട്ടിലെ വീട്ടിലെത്തി ഏറ്റവും ഒടുവിൽ നക്ഷത്രയെ കണ്ടിരുന്നു. നക്ഷത്രയുടെ അമ്മ വിദ്യ മുൻപ് ശ്രീ മഹേഷിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത തോന്നുന്നുണ്ടെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും വിദ്യയുടെ മാതാപിതാക്കളായ പത്തിയൂർ തൃക്കാർത്തികയിൽ ലക്ഷ്മണനും രാജശ്രീയും പറഞ്ഞിരുന്നു. ശ്രീമഹേഷ് മകൾ നക്ഷത്രയെ നിഷ്‌കരുണം കൊലപ്പെടുത്തിയതോടെയാണ് വീട്ടുകാർക്ക് സംശയം ബലപ്പെട്ടത്.

2019 ജൂൺ നാലിനാണ് ശ്രീമഹേഷിന്റെ പുന്നമൂട്ടിലെ ആനക്കൂട്ടിൽ വീട്ടിൽ വിദ്യ തൂങ്ങി മരിച്ചത്. മഹേഷിന്റെ കൊടിയ പീഡനം സഹിക്ക വയ്യാതെയാണ് വിദ്യ ജീവനൊടുക്കിയെന്നാണ് സൂചന. മരണ കാരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നും അന്ന് തോന്നാതിരുന്നതിനാൽ പരാതി നൽകിയില്ല. എന്നാൽ, സ്വന്തം മകളായ നക്ഷത്രയെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയതോടെയാണ് വിദ്യയുടെ മരണത്തിലും സംശയം ഉയർന്നിരിക്കുന്നത്.

മകൾക്കൊപ്പം ശ്രീമഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നുപേരെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മകൾ നക്ഷത്രക്ക് പുറമെ അമ്മ സുനന്ദയെയും വിവാഹത്തിൽ നിന്ന് പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥയെയും കൊല്ലാൻ പദ്ധതിയിട്ടെന്നാണ് വിവരം. മരം വെട്ടാനെന്ന് പറഞ്ഞ് മാവേലിക്കര പുന്നമൂടുള്ള ആളുടെ പക്കലാണ് കൊലയ്ക്ക് ഉപയോഗിച്ച മഴു നിർമ്മിച്ചത്. മൂന്നുപേരെയും കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. വിവാഹത്തിൽ നിന്ന് യുവതി പിന്മാറിയതിന് ശേഷം ശ്രീമഹേഷ് കടുത്ത നിരാശയിലായിരുന്നു.

ശ്രീമഹേഷ് വിദേശത്തായിരുന്നു. അച്ഛൻ ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചതിനുശേഷമാണു നാട്ടിലെത്തിയത്. ശ്രീമഹേഷിന്റെ രണ്ടാംവിവാഹം പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു. എന്നാൽ, ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ചറിഞ്ഞ പെൺവീട്ടുകാർ അതിൽനിന്നു പിന്മാറിയിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. മുള്ളിക്കുളങ്ങര ഗവ. എൽ.പി.എസ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നക്ഷത്ര.

അമ്മയില്ലാതെ ജീവിച്ചിരുന്ന കുഞ്ഞുമായി എപ്പോഴും നടന്നിരുന്ന മഹേഷ് ക്രൂരമായാണ് മകളോട് പെരുമാറിയത്. സിറ്റൗട്ടിൽ ടാബിൽ ഗെയിം കണ്ട് കിടന്ന കുഞ്ഞിനെയാണ് ഇയാൾ വീട്ടികൊലപ്പെടുത്തിയത്.