- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമുഖത്തിനിടെ ചീത്ത വിളിച്ച് പോകുമ്പോൾ തന്നെ ഇതൊരു 'ഫൺ ഇന്റർവ്യൂ' ആണെന്ന് നിർമ്മാതാവ്; നിന്റെ തന്തയുടെ...... എന്ന് പറഞ്ഞ് സിനിമ സ്‌റ്റൈലിൽ പോയത് അണിയറക്കാരേയും ഞെട്ടിച്ചു; ക്രൗൺ പ്ലാസയിൽ സിനിമാക്കാർ മാപ്പു പറഞ്ഞെങ്കിലും കേസായി; മാധ്യമ പ്രവർത്തകയുടെ മൊഴിയിലുള്ളതും ഗുരുതര ആരോപണങ്ങൾ; ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്യുമോ?
കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ അധിക്ഷേപത്തിൽ മരട് പൊലീസ് പരാതിക്കാരിയുടെ മൊഴി എടുത്തു. അതിരുവിട്ട തരത്തിലെ തെളിവിളിയാണ് നടൻ നടത്തിയത്. ഈ സാഹചര്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഗുരുതര ആരോപണമാണ് മാധ്യമ പ്രവർത്തക ഉയർത്തുന്നത്. കേട്ട ചീത്തകൾക്ക് മാപ്പു പറയണമെന്ന മാധ്യമ പ്രവർത്തകയുടെ ആവശ്യം പോലും ശ്രീനാഥ് ഭാസി കേട്ടില്ല. അതിനിടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതുന്നത് ഒഴിവാക്കാൻ ശ്രീനാഥ് ഭാസിക്ക് വേണ്ടി ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇടതുപക്ഷവുമായി ബന്ധപ്പെട്ട ചില സിനിമാ കേന്ദ്രങ്ങളാണ് ഇതിന് പിന്നിൽ.
ചട്ടമ്പി സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെയാണ് ചീത്തവിളി നടന്നത്. ഒരു ചോദ്യത്തിന് ശേഷം ഇംഗ്ലീഷിൽ പച്ച തെറി വിളിച്ചു കൊണ്ട് പൊട്ടിതെറിക്കുകയായിരുന്നു നടൻ. സ്ത്രീയുടെ മുഖത്ത് നോക്കി പറയാൻ പാടില്ലാത്തതാണ് വിളിച്ചത്. അതിന് ശേഷം ക്യാമറാമാനെ കൊണ്ട് നിർബന്ധിച്ച് ക്യാമറ ഓഫാക്കി. പിന്നെ വലിയ തെളി വിളിയും നടത്തി. മൂന്ന് ക്യാമറകളും ഓഫ് ചെയ്തുവെന്ന് ഉറപ്പാക്കിയായിരുന്നു ഇത്. എന്നാൽ പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നു തന്നെ അനാവശ്യ പ്രകോപനമാണ് നടൻ നടത്തിയതെന്ന് വ്യക്തമാണ്. അതിൽ നിന്ന് തന്നെ പിന്നീട് നടന്ന ചീത്ത വിളിയുടെ തീവ്രതയും വ്യക്തമാകും. വെറും മൂന്നാംകിട കുടിയന്മാർ വിളിക്കുന്നതിന് സമാനമായ പദപ്രയോഗമാണ് ശ്രീനാഥ് ഭാസിയിൽ നിന്നുണ്ടായത്.
അഭിമുഖത്തിൽ നിന്ന് നടൻ ഇറങ്ങിപോയപ്പോൾ തന്നെ അഭിമുഖം നടത്താനെത്തിയവർ പ്രതിഷേധിച്ചു. ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞാലേ പോകൂവെന്നും പറഞ്ഞു. അഭിമുഖത്തിനിടെ ഇറങ്ങി പോകുമ്പോൾ തന്നെ അതൊരു 'ഫൺ ഇന്റർവ്യൂ' ആണെന്ന് നിർമ്മാതാവും പറഞ്ഞുവത്രേ. നിന്റെ തന്തയുടെ...... എന്ന് പറഞ്ഞാണ് അവിടെ നിന്നും ശ്രീനാഥ് ഭാസി പോയതെന്ന് പരാതിക്കാരി പറയുന്നു. ഇതിന് ശേഷം സിനിമയുടെ പി ആർ ഒ എത്തി. അവർ ആറര മിനിറ്റ് ഷൂട്ട് ചെയതതു കണ്ടു. അതിന് ശേഷം അവരും അഭിമുഖത്തിൽ തെറ്റില്ലെന്ന് പറഞ്ഞു. ശ്രീനാഥ് മാപ്പു പറഞ്ഞാലോ പോകൂവെന്നതായിരുന്നു അഭിമുഖത്തിന് എത്തിയവരുടെ നിലപാട്. ഇതോടെ സിനിമയുടെ അണിയറ പ്രവർത്തകർ വെട്ടിലായി. അവർ ശ്രീനാഥ് ഭാസിയെ കൊണ്ടു വന്നു ചർച്ചയ്ക്ക് ശ്രമിച്ചു. എന്നാൽ പരിഹാസത്തിലായിരുന്നു ഇടപെടൽ. ഇതോടെയാണ് കേസിലേക്ക് കാര്യങ്ങളെത്തുന്നത്. ഈ കേസിൽ സിനിമയിലെ 'ബുദ്ധി ജീവി' സംഘങ്ങൾ ശ്രീനാഥ് ഭാസിക്ക് പിന്തുണ നൽകുന്നുണ്ട്. എന്നാൽ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്‌ക്കേണ്ട ഗുരുതര ചീത്ത വിളിയാണ് സ്ത്രീയ്‌ക്കെതിരെ ഇയാൾ നടത്തുന്നത്.
അതിന് ശേഷം കേസ് കൊടുക്കാതിരിക്കാൻ അണിയറ പ്രവർത്തകർ മാധ്യമ പ്രവർത്തകയെ സമീപിച്ചു. ഞങ്ങൾ മാപ്പു പറയുന്നുവെന്ന് അറിയിച്ചു. എന്നാൽ ശ്രീനാഥ് ഭാസി മാപ്പു പറയാൻ തയ്യാറായില്ലെന്നും അണിയറയിലുള്ളവർ വിശദീകരിക്കുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് ഇമെയിലായി മരട് പൊലീസിന് പരാതി കൊടുത്തത്. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നത് കൃത്യമായി വിശദീകരിച്ചു. രാവിലെ മാധ്യമ പ്രവർത്തകയുടെ മൊഴിയും എടുത്തു. കേസ് ചാർജ്ജ് ചെയ്യുകയും ചെയ്യും. അതിനിടെയാണ് ദുർബല വകുപ്പുകൾ ഇടാതിരിക്കാൻ ചിലരുടെ സമ്മർദ്ദം. ശ്രീനാഥ് ഭാസിയുടെ അടുത്ത സിനിമകളുടെ നിർമ്മാതാക്കളിൽ ചിലരും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. നടൻ പരസ്യമായി അപമാനിച്ചെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. അഭിമുഖത്തിനിടെ ആണ് ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തത് എന്നാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നത്.
ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന നടനുമായുള്ള അഭിമുഖം നടന്നിരുന്നു. ഇതിനിടെയാണ് സംഭവം. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശംഭാഷപ്രയോഗങ്ങൾ നടത്തിയതെന്നും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ഇടപ്പെട്ട സിനിമ നിർമ്മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണം എന്ന് മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു. മരട് പൊലീസിന് ആണ് പരാതി നൽകിയത്. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്.
പരാതിയിൽ പറയുന്നത്: ആദ്യത്തെ ചോദ്യത്തിന് ടിയാൻ വ്യക്തമായ ഉത്തരം തന്നില്ലെങ്കിലും രണ്ടാമത്തെ ചോദ്യമായ വീട്ടിലാരാണ് ചട്ടമ്പി എന്നതിന് മറുപടിയായി ഉത്തരം തന്നെങ്കിലും നിങ്ങൾ പ്ലാസ്റ്റിക് ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഇത്തരത്തിൽ ഇന്റർവ്യൂവിന് ഇരിക്കാൻ താൽപ്പര്യമില്ലെന്ന് പറയുകയുണ്ടായി. ഇപ്രകാരമുള്ള മറുപടി അന്ധാളിപ്പുണ്ടാക്കി എങ്കിലും ഞാനും എന്റെ സഹപ്രവർതകരും തുടർന്നു. അടുത്ത ചോദ്യത്തോടുകൂടെ ടിയാൻ യാതൊരു പ്രകോപനവും മര്യാദയും പാലിക്കാതെ ഞാൻ സ്ത്രീയാണെന്നും ടി ഇന്റർവ്യൂ ആണ് നടക്കുന്നതെന്നും പരിഗണിക്കാതെ ഇതുപോലുള്ള ...... ചോദ്യങ്ങൾ ചോദിക്കരുതെന്നും പറഞ്ഞ് ആക്രോശിക്കുകയും
ക്യാമറ ഓൺ ആണെന്നുള്ള ബോധ്യം വന്നതിനാൽ അതിനു മുതിരാതെ ഞങ്ങളുടെ ക്യാമറാമാനോട് ക്യാമറ ഓഫ് ചെയ്യാൻ ആക്രോശിച്ചു. അതിനു ശേഷം ക്യാമറ ഓഫ് ചെയ്യടാ .... എന്നും പറഞ്ഞ് ക്യാമറ നിർബന്ധപൂർവ്വം ഓഫ് ചെയ്തിപ്പിക്കുകയായിരുന്നു. ക്യാമറ ഓഫ് ചെയ്തതിനുശേഷം ടിയാൻ യാതൊരു മാന്യതയും കൂടാതെ കേട്ടാൽ അറപ്പുളവാക്കുന്ന സഭ്യമല്ലാത്ത രീതിയിൽ തെറിവിളിക്കുകയും ചെയ്തു. ഇതുകണ്ട് പ്രൊഡ്യൂസർ അദ്ദേഹത്തെ മാറ്റിനിർത്തി സർ, ഇതൊരു ഫൺ ഇന്റർവ്യൂ ആണ്.. സഹകരിക്കണം എന്ന് പറഞ്ഞപ്പോൾ നിന്റെ ...... എന്നായിരുന്നു മറുപടി.
ടിയാൻ മനോനില തെറ്റിയതുപോലെ കൂടുതൽ അക്രമാസക്തനാവുകയാണ് ചെയ്തത്. കൂടാതെ ഞങ്ങളെ ടിയാൻ ....... എന്ന് വിളിക്കുകയും ഉണ്ടായി. യാതൊരു മാന്യതയും ഇല്ലാതെ പിന്നെയും ....... തുടങ്ങിയ തെറികൾ എന്റേയും എന്റെ സഹപ്രവർത്തകരേയും വിളിച്ചുകൊണ്ടിരുന്നതിനാൽ അപമാനം സഹിക്ക വയ്യാതെയാണ് ഞങ്ങൾ ഹോട്ടലിൽ നിന്നും തിരികെ പോന്നത്.
ഈ സംഭവം ഒരു സ്ത്രീയെന്ന നിലയിൽ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാൽ എന്നേയും എന്റെ മെമ്പേഴ്സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തിൽ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാൻ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാൻ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്നത്തിന് ഒരു തീർപ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ