- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളില്ലാത്ത വീടുകളുടെ മുകളിൽ കിടന്നുറങ്ങും, പാതിരാത്രി മോഷണം നടത്തും; മതിൽ ചാടാനും അതിവേഗത്തിൽ ഓടിമറയാനും വിദഗ്ദ്ധൻ; 40 വർഷത്തിനിടെ നാനൂറിലധികം വീടുകളും കടകളും കുത്തിത്തുറന്നു; 20 വർഷത്തിലധികം ജയിൽവാസം; തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് തട്ടകം മാറ്റിയ മരിയാർ പൂതം കേരള പൊലീസിന് തലവേദന; സിനിമയെ വെല്ലുന്ന മരിയാർ പൂതത്തിന്റെ കഥ
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം വീണ്ടും കേരള പൊലീസിന് തലവേദനയാകുകയാണ്. കവർച്ചാ ശ്രമം തടഞ്ഞ ഗൃഹനാഥനെ വാക്കത്തിക്ക് വെട്ടിയ കേസിലാണ് കഴിഞ്ഞ ദിവസം പിടിവീണത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കലൂർ കതൃക്കടവ് കാട്ടാക്കര റോഡിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് വെള്ളൂർ മേട്ടുപ്പാളയം സ്വദേശി കന്തസ്വാമിക്കാണ് (45) വെട്ടേറ്റത്. തലയ്ക്കും കൈയ്ക്കും മുറിവേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടു.
തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയാണ് നാടകീയ സംഭവങ്ങൾ. കന്തസ്വാമിയുടെ അലർച്ചകേട്ട് ഓടിക്കൂടിയ അയൽവാസികൾ മരിയാർ പൂതത്തെ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. ഭിത്തിതുരന്ന് വീടിന്റെ അകത്ത് കയറിയ മരിയാർപൂതം കവർച്ചയ്ക്ക് ശ്രമിക്കുന്നതിനിടെ താമസക്കാരന്റെ മുന്നിൽപ്പെട്ടു. പിടിത്തം വീണതോടെ മരിയാർ പൂതം കന്തസ്വാമിയെ കൈയിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് രണ്ടും കൈയിൽ മൂന്നും തുന്നിക്കെട്ടുണ്ട്.
കലൂരിലെ മോഷണക്കേസിൽ അറസറ്റിലായ മരിയാർ പൂതം അടുത്തിടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസത്തെ ബൈക്ക് മോഷണക്കേസിൽ നോർത്ത് പൊലീസ് കലൂരിലെ സി.സി.ടിവികൾ പരിശോധിക്കുന്നതിനിടെ മരിയാർ പൂതത്തെ കണ്ട് നിരീക്ഷണം ശക്തമാക്കിയിരുന്നു.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്‌നാട് കുളച്ചൽ സ്വദേശി ജോൺസണെ (54) മരിയാർ പൂതത്തിന്റേത് സിനിമയെ വെല്ലുന്ന കഥയാണ്. തമിഴ്‌നാട്ടിൽ നിന്ന് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെയാണ് മരിയാർ പൂതം എറണാകുളത്ത് എത്തുന്നത്.
മതിൽ ചാടാനും അതിവേഗത്തിൽ ഓടിമറയാനും വിദഗ്ദ്ധനാണ്. വെറും കൈയോടെ എത്തി വീട്ടുവളപ്പിൽ നിന്ന് ശേഖരിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചാണ് കവർച്ച നടത്തുന്നത്. ആറ് വർഷം മുമ്പ് നോർത്ത് പൊലീസ് മരിയാർ പൂതത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പൊലീസുകാർക്ക് ഒരു മുന്നറിയിപ്പ് മരിയാർ പൂതം മുന്നറിയിപ്പ് നൽകിയിരുന്നു. സാറേ.. ഇത് നിങ്ങൾക്ക് വല്യ പ്രശ്നമാകും.... പിന്നീട് തുടർച്ചയായി നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മരിയാർപൂതം വിളയാടി. 2018ലാണ് അവസാനമായി മരിയാർ പൂതത്തെ നോർത്ത് പൊലീസ് പിടികൂടിയത്. 2008, 2012, 2017 വർഷങ്ങളിലും കുടുങ്ങി.
2008ൽ മൂന്നരവർഷത്തെ ജയിൽവാസത്തിനശേഷം 2011 നവംബറിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു മോഷണം കൂടുതലും സജീവമാക്കിയത്. ആളില്ലാത്ത വീടുകളുടെ മുകളിൽ കിടന്നുറങ്ങി പാതിരാത്രി മോഷണം നടത്തുകയാണ് പതിവ്. മോഷണം കഴിഞ്ഞാൽ ട്രെയിനിൽ കയറി നാട് വിടുന്നതാണ് രീതി. 40 വർഷമായി കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവടങ്ങളിലായ 400ലധികം വീടുകളും കടകളുമാണ് മരിയാർ പൂതം കുത്തിത്തുറന്ന് മോഷണം നടത്തിയത്. 20 വർഷത്തിലധികം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ അഞ്ചു പ്രാവശ്യം ഗുണ്ടാ ആക്ട് പ്രകാരവും പിടിയിലായി.
2018 നവംബറിൽ പോണ്ടിച്ചേരി ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മരിയാർ പൂതം തട്ടകം കേരളത്തിലേക്ക് മാറ്റി. തിരുവനന്തപുരം , എറണാകുളം , തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി ഒളിവിൽ കഴിയവെ പാലാരിവട്ടം പൊലീസിന്റെ പിടി വീണു. ചെന്നൈ പുരസരവാക്കം പൊലീസ് സ്റ്റേഷനിലെകേസിൽ അന്വേഷണം ഊർജിതമാക്കിയതോടെയാണ് അന്ന് കൊച്ചിയിലേക്ക് വീണ്ടുമെത്തിയത്.