കോഴിക്കോട്: രാത്രി ടെറസിന് മുകളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ കാണാതായി. പയ്യോളി അയനിക്കാട് സ്വദേശി മുസ്തഫയുടെ മകൻ അയ്മിൻ മുസ്തഫയെയാണ് കാണാതായത്. കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. രാത്രി വൈകി വീടിന്റെ ടെറസിന് മുകളിൽ അയ്മിൻ ഫോണുമായി നിൽക്കുന്നത് കണ്ടിരുന്നെന്നും തിരക്കിയപ്പോൾ പഠിക്കുകയാണെന്നാണ് പ്രതികരിച്ചതെന്നും അയൽവാസികൾ പറയുന്നു.

പുലർച്ചെ 12.15 -ഓടെ ടെറസിന് മുകളിൽ എത്തി നോക്കിയപ്പോൾ അയ്മിനെ കണ്ടില്ലന്നും വീട്ടിൽ നിന്നും സഹോദരന്റെ സൈക്കിൾ കാണാതായിട്ടുണ്ടെന്നുമാണ് സംഭവം സംബന്ധിച്ച് വീട്ടുകാർ പൊലീസിൽ നൽകിയിട്ടുള്ള വിവരം. രാത്രി തന്നെ നാട്ടുകാരും വീട്ടുകാരും പയ്യോളി പൊലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന് പുലർച്ചെ 5.30 മണിയൂർ തുറശ്ശേരി കടവ് പാലത്തിന് സമീപത്തുനിന്നും സൈക്കിളും, പേഴ്സും, വാച്ചും കണ്ടുകിട്ടിയിട്ടുണ്ട്. ഇതുവഴി പ്രഭാത സവാരിക്ക് ഇറങ്ങിയവരിൽ ഒരാളാണ് ഇവ കണ്ടെത്തിയത്. ഇയാൾ നാട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് ഉടൻ പയ്യോളി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.അയ്മിനെ കാണാതായ വിവരം നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സൈക്കിളും പേഴ്സും മറ്റും കണ്ടുകിട്ടിയ വിവരം പുലർച്ചെ പുറത്തുവരുന്നത്. വിവരം അറിഞ്ഞ് നാട്ടുകാർ അതിരാവിലെ തന്നെ തുറശേരിക്കടവ് പാലത്തിലേയ്ക്കെത്തിയിരുന്നു.താസിയാതെ ഡെപ്യൂട്ടി തഹസിൽദാരും പയ്യോളി നഗരസഭ ചെയർമാനുമുൾപ്പെടെയുള്ളവരും സ്ഥലത്തെത്തി.

സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘവും പ്രദേശവാസികളും ചേർന്ന് രാവിലെ പുഴയിൽ പലഭാഗങ്ങളിലായി തിരച്ചിൽ ആരംഭിച്ചിരുന്നു.ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.പയ്യോളി സി ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീപത്തെ വീടുകളിലെ സിസി ടിവ ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു.ഇതിൽ നിന്നും സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് സംഘത്തിന്റെ കണക്കുകൂട്ടൽ.