- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാലു വയസുകാരന്റെ അരുംകൊലയിൽ എത്തിയത് മാതാപിതാക്കൾ തമ്മിലുള്ള തർക്കം
ബെംഗളൂരു: ഗോവയിലെ ഹോട്ടൽ മുറിയിൽ വെച്ചു നാലു വയസുകാരനെ അരുംകൊല ചെയ്ത കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നിർമ്മിത ബുദ്ധി കൺസൽറ്റിങ് കമ്പനി സിഇഒ സൂചന സേത്താണ് സ്വന്തം മകനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. കുട്ടിയുടെ പിതാവിനോടുള്ള വാശിയാണ് അരുംകൊലയിൽ കലാശിക്കാൻ ഇടയാക്കിയത്. മാതാപിതാക്കൾക്കിടയിൽ തർക്കങ്ങൾ രൂക്ഷമായിരുന്നു.
മകനെ കൊല്ലുന്നതിനു തലേന്ന് കുട്ടിയുടെ അച്ഛനോട് അവനെ വന്നുകാണാൻ സൂചന സേത്ത് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് സൂചനയും ഭർത്താവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. കൊലപാതകത്തിൽ സൂചന യാതൊരുവിധത്തിലുള്ള പശ്ചാത്താപവും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണത്തെപ്പറ്റിയോ അതിലെ പങ്കിനെപ്പറ്റിയോ ചോദിക്കുമ്പോഴൊക്കെ നിർവികാരമായും നിസ്സാരമായുമാണു പ്രതിയുടെ മറുപടി.
കുട്ടിയെ തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചു കൊന്നുവെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിന് ശേഷം ഇവർ കൈഞരമ്പ് മുറിച്ചു ആത്മഹത്യാ ശ്രമം നടത്തിയെന്നും വ്യക്തമാണ്. ബംഗാൾ സ്വദേശിയായ സൂചന ഗോവയിൽ ഹോട്ടൽ മുറിയെടുത്തു താമസിക്കുന്നതിനിടെ കുഞ്ഞിനെ കൊല്ലുകയായിരുന്നു. സംഭവത്തിനു പിന്നാലെ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും അതിന്റെ കാരണമെന്തെന്നു സൂചന വ്യക്തമാക്കിയിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കയ്യിലെ മുറിപ്പാട് കണ്ടു തിരക്കിയപ്പോഴാണ് ആത്മഹത്യാശ്രമത്തെപ്പറ്റി അറിഞ്ഞത്.
മലയാളിയായ ഭർത്താവ് പി.ആർ.വെങ്കട്ടരാമനെതിരെ സൂചന ഗാർഹിക പീഡന പരാതി നൽകിയിരുന്നു. വിവാഹമോചന കേസിന്റെ വിചാരണയ്ക്കിടെ കഴിഞ്ഞവർഷം ഓഗസ്റ്റിലാണു ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. കുട്ടിയെയും തന്നെയും ശാരീരികമായി പീഡിപ്പിക്കുന്നെന്നായിരുന്നു പരാതി. ഒരു കോടിയിലധികം രൂപ വാർഷിക വരുമാനമുള്ള വെങ്കട്ടരാമൻ പ്രതിമാസം 2.5 ലക്ഷം രൂപ ജീവനാംശം നൽകണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾക്കിടെ ഭർത്താവിനോടുള്ള പ്രതികാരമായാണു കുട്ടിയെ ഇല്ലാതാക്കിയതെന്നു കരുതുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.
തനിക്കെതിരായുള്ള സൂചനയുടെ ആരോപണങ്ങൾ വെങ്കട്ടരാമൻ നിഷേധിച്ചു. വീട്ടിൽ വരുന്നതിനും സൂചനയുമായും കുട്ടിയുമായും സംസാരിക്കുന്നതിനും വിലക്കുണ്ട്. സൂചന താമസിച്ച ഹോട്ടലിലെ മുറിയിൽനിന്നു ചുമയ്ക്കുള്ള സിറപ്പുകൾ കണ്ടെത്തി. ഉയർന്ന ഡോസിൽ കുട്ടിക്ക് കഫ് സിറപ്പ് നൽകി മയക്കി കിടത്തിയശേഷം തലയിണ കൊണ്ട് ശ്വാസംമുട്ടിച്ചെന്നാണു സംശയം.
ഭർത്താവിൽനിന്നു വേർപിരിഞ്ഞു താമസിക്കുന്ന സൂചന, വിവാഹ മോചന നടപടികൾക്കിടെയാണു കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. 2020 മുതൽ വെങ്കിട്ട് രാമനുമായി വേർപിരിഞ്ഞു താമസിക്കുകയാണ് ഇവർ. സംഭവം നടക്കുമ്പോൾ ഇദ്ദേഹം ഇന്തൊനീഷ്യയിലായിരുന്നു. ബംഗാൾ സ്വദേശിയായ സൂചന ഭർത്താവുമായുള്ള ബന്ധത്തിൽ തൃപ്തയായിരുന്നില്ലെന്നാണു പൊലീസ് ഭാഷ്യം. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം. വർഷങ്ങൾക്കു ശേഷം 2019ലാണു മകൻ ജനിച്ചത്. ഇതിനു പിന്നാലെ ദമ്പതികൾക്കിടയിൽ അസ്വാരസ്യം കൂടിയെന്നും 2020ൽ വിവാഹമോചനത്തിനു ശ്രമം ആരംഭിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.
കൊലപാതകം നടത്തിയ ശേഷം രക്ഷപെടാൻ ഒരുങ്ങിയപ്പോഴാണ് സൂചന സേത്ത് പിടിയിലായത്. പൊലീസിനോടും ഇവർ കള്ളം പറഞ്ഞിരുന്നു. ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ, എവിടെ എത്തിയെന്നു ചോദിച്ചപ്പോൾ കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണെന്നു മറുപടി പറഞ്ഞു. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയുംകൊണ്ട് എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ കയറാൻ ഗോവ പൊലീസ് നിർദ്ദേശം നൽകി. ഇതനുസരിച്ചു ഡ്രൈവർ ചിത്രദുർഗയിലെ ഐമംഗല സ്റ്റേഷനിലേക്കു വാഹനം എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണു വാഹനത്തിലെ ബാഗിനുള്ളിൽ നാലു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്.
നിർമ്മിത ബുദ്ധിയുടെ പുതിയ സാധ്യതകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ദ് മൈൻഡ്ഫുൾ എഐ ലാബ്' എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമാണു സൂചന. നാലു വർഷമായി കമ്പനിയെ നയിക്കുന്നു. ഭൗതികശാസ്ത്രത്തിൽ (പ്ലാസ്മ ഫിസിക്സ് വിത്ത് ആസ്ട്രോ ഫിസിക്സ്) ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. രാമകൃഷ്ണമിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽനിന്ന് സംസ്കൃതത്തിൽ പിജി ഡിപ്ലോമ ഒന്നാം റാങ്കോടെയും പാസായിട്ടുള്ളയാളാണു സൂചനയെന്നു പൊലീസ് വ്യക്തമാക്കി.