- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വിതുരയിൽ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഭർത്താവും കുഞ്ഞുമുള്ള യുവതിയുടെ മൃതദേഹം. ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയാണ് കൊല്ലപ്പെട്ട്. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനില(22)യുടെ മൃതദേഹമാണ് കല്ലൻകുടി ഊറാന്മൂട്ടിലെ വീട്ടിൽ കണ്ടത്. സംഭവത്തിൽ കാമുകൻ അച്ചു (24)വിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തിങ്കളാഴ്ച പുലർച്ചയോടെയാണ് സുനില വീട്ടിൽ നിന്നും പുറപ്പെട്ടത്. കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്നു പറഞ്ഞാണ് യുവതി വീട്ടിൽ നിന്നും പോയതെന്ന് ഭർത്താവ് പറഞ്ഞു. കുഞ്ഞിനെ വീട്ടുകാരെ ഏൽപ്പിച്ചായിരുന്നു പോയത്. എന്നാൽ തിങ്കളാഴ്ച വൈകുന്നേരമായിട്ടും യുവതി വീട്ടിൽ മടങ്ങി വന്നില്ല. ഇതേത്തുടർന്ന് സുനിലയുടെ മാതാപിതാക്കളും ഭർത്താവും പൊലീസിൽ പരാതി നൽകി.
തുടർന്ന് മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാമുകൻ അച്ചു നെടുമങ്ങാട് പനയമുട്ടത്ത് നിന്ന് പാലോട് പൊലീസിന്റെ പിടിയിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രണയ വിവരം അടക്കം പുറത്തുവന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് സുനിലയെ കൊന്ന കാര്യം അച്ചു പൊലീസിനോട് പറഞ്ഞത്.
സുനിലയുമായി ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചുവെന്നും തുടർന്ന് ആദ്യം സുനിലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പനയമുട്ടത്ത് പോയി മരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു പ്രതിയുടെ മൊഴി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കല്ലൻകുടിയിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നു കണ്ടെത്തിയത്. സുനിലയ്ക്ക് മൂന്നു വയസ്സുള്ള മകനുണ്ട്. നെടുമങ്ങാട് ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതിയെ വിതുര പൊലീസിന് കൈമാറി.