കോഴിക്കോട്: സുരേഷ് ഗോപിയെ കേരളാ പൊലീസ് ചോദ്യം ചെയ്യുക കൊടു കുറ്റവാളിയെ പോലെ. മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കാത്ത് നടക്കാവ് പൊലീസ് സ്റ്റേഷനിലെ അത്യാധുനിക ചോദ്യം ചെയ്ൽ സംവിധാനങ്ങൾ. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഇവിടെയുണ്ട്.

കൊടും ക്രിമിനലുകളെ ചോദ്യം ചെയ്യാനാണ് ഈ സംവിധാനങ്ങൾ സാധാരണ ഉപയോഗിക്കാറുള്ളത്. ഏതായാലും ചോദ്യം ചെയ്യൽ മുഴുവൻ റിക്കോർഡ് ചെയ്യും. സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്യാനും സാധ്യത ഏറെയാണ്. എന്നാൽ ജാമ്യത്തിൽ വിടും. മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കി ജാമ്യം അനുവദിക്കാനാകും നീക്കം. ഏതായാലും സിനിമയിലെ ചോദ്യം ചെയ്യലിനെ വെല്ലുന്ന തരത്തിൽ സുരേഷ് ഗോപിക്ക് പൊലീസ് സ്‌റ്റേഷനിൽ സംവിധാനങ്ങളൊരുക്കുന്നു. പല സിനിമകളിലും പൊലീസ് ഉദ്യോഗസ്ഥനായി കത്തികയറിയ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യൽ ശൈലിയും പ്രേക്ഷക കൈയടി നേടിയിട്ടുണ്ട്.

അത്തരത്തിലൊരു താരത്തിന് മുന്നിലാണ് അത്യാധുനിക സംവിധാനങ്ങളുമായി കേരളാ പൊലീസ് എത്തുന്നത്. 180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങൾ, റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ സജ്ജീകരിച്ചിട്ടുള്ളത്. സീനിയർ പൊലീസ് ഓഫിസർക്കാണ് ഓപ്പറേറ്റിങ്ങ് ചുമതല. പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണു മുറിക്കുള്ളിലുണ്ടാവുക. മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ട്. എന്നാൽ അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാകില്ല. കമ്മീഷണർ പോലെ സൂപ്പർ ഹിറ്റ് സനിമകളിലെ പൊലീസ് നായകനാണ് സുരേഷ് ഗോപി.

വിവാദ സംഭവങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പൊലീസ് സംവിധാനമാണിത്. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധിൽ നടക്കാവ് സ്റ്റേഷനിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. വന്ദേ ഭാരത് ട്രെയിനിൽ കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തുടർന്ന് സ്റ്റേഷനിൽ എത്തുമെന്നാണു വിവരം. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ചാണു സുരേഷ് ഗോപിക്കു നോട്ടിസ് നൽകിയിരുന്നത്. വലിയ സ്വീകരണം ബിജെപിക്കാർ സുരേഷ് ഗോപി് നൽകും. അതിന് ശേഷം പദയാത്രയായി നടക്കാവിലേക്ക് പോകുമെന്നാണ് സൂചന.

സുരേഷ് ഗോപി ബുധനാഴ്ച നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി ബിജെപി പ്രവർത്തകർ വലിയ ആരവം ഉയർത്തുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ തുടങ്ങിയ നേതാക്കളുമൊത്ത് റാലിയായിട്ടാണ് അദ്ദേഹം സ്റ്റേഷനിലെത്തുന്നത്.

ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് റാലി ആരംഭിക്കും. 'കോഴിക്കോട് എസ്.ജിയ്‌ക്കൊപ്പം' എന്ന പ്ലക്കാർഡുമായി സ്ത്രീകൾ ഉൾപ്പടെ 500-ഓളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. രാവിലെ 10.30-ന് സ്റ്റേഷനിൽ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പൊലീസ് നൽകിയ നിർദ്ദേശം. തുടർന്ന്, സ്റ്റേഷൻ പരിസരത്ത് കനത്തസുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട്ടെ മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. സ്വകാര്യ ഹോട്ടലിൽ വെച്ച് മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സംസാരിച്ചതാണ് പരാതിക്കാധാരം.