- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിയെ പൊലീസിനും വിശ്വാസം! പൊതുപ്രവർത്തകനും മുൻ എംപിയുമെന്ന നിലയിൽ വിശ്വാസത്തിലെടുത്താണ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതെന്ന സൂചനകളുമായി വാർത്തകൾ; ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
കോഴിക്കോട്: ചലച്ചിത്രനടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ പൊലീസ് നിയമോപദേശം തേടുന്നത് പരാതികൾ ഒഴിവാക്കാൻ. കഴിഞ്ഞ ദിവസം നടന്ന മൊഴിയെടുക്കലിൽ സുരേഷ് ഗോപി പരാതിയിലെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചിട്ടുണ്ട്. സംഭവത്തിനിടയാക്കിയ കാരണങ്ങളും വിശദീകരിച്ചു. പരാതിക്ക് പിന്നിൽ മാധ്യമ ഗൂഢാലോചനയാണെന്നും വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്.
നേരിട്ടുള്ള ലൈംഗിക അതിക്രമത്തിന് എതിരെയുള്ള 354 എ വകുപ്പ് പ്രകാരം നിലവിൽ എടുത്തിരിക്കുന്ന കേസ് തള്ളിപ്പോവാൻ സാധ്യതയുണ്ടെന്നു നിർദ്ദേശങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്. ചില വാട്സാപ്പ് ഗ്രൂപ്പുകളിലെ ചർച്ചകളുടെ വിശദാംശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ വശവും പരിശോധിക്കും. കോടതിയിൽ തിരിച്ചടിയുണ്ടാകാതിരിക്കാനാണ് ശ്രമം. സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടിസ് അയയ്‌ക്കേണ്ട എന്നാണ് പൊലീസ് തീരുമാനം. അന്വേഷണ റിപ്പോർട്ടും കുറ്റപത്രവും ഉടൻ കോടതിയിൽ സമർപ്പിക്കും.
നിയമോപദേശത്തിന് ശേഷമാകും പുതിയ വകുപ്പുകൾ ചേർക്കണോ എന്നതു സംബന്ധിച്ച് തീരുമാനം എടുക്കുക. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു. പൊതുപ്രവർത്തകനും മുൻ എംപിയുമെന്ന നിലയിൽ വിശ്വാസത്തിലെടുത്താണ് നിബന്ധനകളോടെ വിട്ടയച്ചത് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. അതായത് ബിജെപിയുടെ മുഖമായ സുരേഷ് ഗോപിയെ പിണറായി സർക്കാരിന്റെ പൊലീസിനും വിശ്വാസമാണെന്ന് സാരം. മാധ്യമ ഗ്രൂപ്പുകളിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാത്തത് വലിയ ചർച്ചയാണ്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യാത്തതിൽ പൊലീസ് കരുതലോടെ വിശദീകരണം നൽകുന്നത്.
സൂപ്പർതാര ഇടപെടലാണ് സുരേഷ് ഗോപിയുടെ അറസ്റ്റ് ഒഴിവാക്കിയത്. സുരേഷ്‌ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടും അറസ്റ്റു ചെയ്യാത്തതിന് കാരണം സനിമാ ഇടപെടൽ. രണ്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം നോട്ടിസ് നൽകി വിട്ടയക്കുകയായിരുന്നുു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകണമെന്നാണ് നോട്ടിസ്. സുരേഷ് ഗോപിക്കെതിരായ കേസിൽ സിപിഎം നേതൃത്വത്തെ മുതിർന്ന സിനിമാക്കാർ തന്നെ അതൃപ്തി അറിയിച്ചിരുന്നു. സുരേഷ് ഗോപിക്കെതിരെ പീഡന വകുപ്പ് ചേർത്തത് രാഷ്ട്രീയ പ്രതികാരമാണെന്ന് സിനിമാക്കാരും നിലപാട് എടുത്തിരുന്നു. ഒരു സൂപ്പർ താരം തന്നെ ഇക്കാര്യത്തിലെ അതൃപ്തി സർക്കാരിലെ ഉന്നതരെ വാക്കാൽ അറിയിച്ചു. താര സംഘടനയും ഇതിനോട് ഒട്ടും യോജിച്ചില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യാത്തത്.
സുരേഷ്ഗോപിയെ ചോദ്യംചെയ്തത് ആധുനിക സാങ്കേതിക ഉപകരണങ്ങളുള്ള 'അന്തർമുഖ' ചോദ്യം ചെയ്യൽ മുറിയിലാണ്. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സ്റ്റോർ ചെയ്യാനുമുള്ള സൗകര്യം ഈ അന്വേഷണ മുറിയിലുണ്ട്. പ്രതിപട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാകും മുറിയിൽ ഉണ്ട്. എന്നാൽ കാര്യമാത്ര പ്രസക്തമായ ചോദ്യം ചെയ്യലൊന്നും ഉണ്ടായില്ല. കുറ്റാരോപണം സുരേഷ് ഗോപി നിഷേധിച്ചു. ചില വാട്സാപ്പ് ഗ്രൂപ്പുകളിലെ ചർച്ചകളാണ് കേസിന് ആധാരമെന്നതായിരുന്നു സൂപ്പർ താരത്തിന്റെ നിലപാട്. എല്ലാം കേട്ട ശേഷം വിട്ടയ്ക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്താൽ ജാമ്യം എടുക്കില്ലെന്നും ജയിൽ പോകുമെന്നും സുരേഷ് ഗോപി നിലപാട് എടുത്തിരുന്നു. ഇത് അറിയാവുന്ന സൂപ്പർതാരമാണ് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്താൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്തിയത്. അത് മനസ്സിലാക്കിയാണ് പൊലീസ് ഇടപെടലുകൾ നടത്തിയത്. ബിജെപി രാഷ്ട്രീയ നേട്ടമായി സുരേഷ് ഗോപിയുടെ അറസ്റ്റ് മാറ്റുമെന്ന വിലയിരുത്തലും സിപിഎമ്മിനുണ്ടായിരുന്നു. ഇതെല്ലാം കൂടി പരിഗണിച്ചാണ് സൈബർ സഖാക്കളെ നിരാശപ്പെടുത്തി സുരേഷ് ഗോപിയെ നോട്ടീസ് നൽകി വിട്ടയച്ചത്. ഇനി കേസിൽ പരാതിക്കാരെ വേദനിപ്പിക്കാതിരിക്കാൻ പൊലീസ് കുറ്റപത്രം നൽകും. ഇതിനാണ് നീക്കമെന്നാണ് സൂചന. ഇതൊരു പെറ്റിക്കേസായി മാറാനും സാധ്യതയുണ്ട്.
സുരേഷ് ഗോപിക്കെതിരായ പരാതിയിൽ കഴമ്പില്ല എന്ന വിലയിരുത്തലിൽ പൊലീസ് എത്തിയതായും സൂചനയുണ്ട്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ല എന്ന് പൊലീസ് തീരുമാനിച്ചതായാണ് വിവരം. 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് അംഗീകരിച്ചാൽ അത് സർക്കാരിന് തിരിച്ചടിയാകും. അതുകൊണ്ട് കൂടിയാണ് വീണ്ടും നിയമോപദേശം തേടുന്നത്.
മാധ്യമപ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ 354 എ (ലൈംഗികാതിക്രമം) എന്ന വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അത്തരത്തിലുള്ള ഒരു കുറ്റം സുരേഷ് ഗോപി ചെയ്തിട്ടില്ല എന്ന വിലയിരുത്തലിൽ പൊലീസ് എത്തിച്ചേർന്നതായാണ് റിപ്പോർട്ട്. ബുധനാഴ്ച കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കും. മറ്റു കാര്യങ്ങൾ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.
ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.




