- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിയെ നടക്കാവ് പൊലീസ് ചോദ്യം ചെയ്തത് രണ്ട് മണിക്കൂർ; ആക്ഷൻ ഹീറോയെ അറസ്റ്റു ചെയ്യാതെ നോട്ടീസ് നൽകി വിട്ടയച്ചു; മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയ ബിജെപി പ്രവർത്തകരോട് സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് അഭ്യർത്ഥിച്ചു സുരേഷ് ഗോപിയുടെ മടക്കം
കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ശേഷം നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിയെ വിട്ടയച്ചു പൊലീസ്. രണ്ട് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് നടക്കാവ് പൊലീസ് താരത്തെ വിട്ടയച്ചത്. അറസ്റ്റു നടപടികളിലേക്ക് കടക്കാതെ നോട്ടീസ് നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. ഇന്ന് രാവിലെ സുരേഷ് ഗോപി ചോദ്യം ചെയ്യാൻ എത്തിയപ്പോൾ വൻ ജനാവലി തന്നെ സ്‌റ്റേഷൻ പരിസരത്ത് എത്തിയിരുന്നു. സുരേഷ്‌ഗോപിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം.
പ്രതിഷേധം മുറുകുന്ന സാഹചര്യം ഉണ്ടാകുമെന്ന സംശയത്തിലാണ് സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യാതെ നോട്ടീസ് നൽകി വിട്ടയക്കാൻ പൊലീസ് തീരുമാനിച്ചത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ നോട്ടീസ് നൽകി വിട്ടയച്ചു. ചോദ്യം ചെയ്യലിനായി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു സുരേഷ് ഗോപിയെ വിളിച്ചുവരുത്തിയത്. സ്റ്റേഷന് മുന്നിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി ചുറ്റുംകൂടി നിന്ന ഏവരെയും അഭിസംബോധന ചെയ്തു. മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയ ബിജെപി പ്രവർത്തകരോട് സമാധാനപരമായി പിരിഞ്ഞു പോകണമെന്നാണ് സുരേഷ് ഗോപി അഭ്യർത്ഥിച്ചത്. കൂടാതെ ബിജെപി നേതാക്കൾക്കും സുരേഷ്‌ഗോപി നന്ദി പറഞ്ഞു.
ഐപിസിയിലെ 354 (എ ) വകുപ്പ് ഇട്ടതുകൊണ്ട് തന്നെ ഒരു തരത്തിലും സ്റ്റേഷൻ ജാമ്യം കൊടുക്കരുത് എന്ന നിയമോപദേശവും നേരത്തെ ഉയർന്നിരുന്നു. ഐപിസിയിലെ 354 (എ ) വകുപ്പിൽ ആദ്യ കുറ്റകൃത്യത്തിന് സ്റ്റേഷൻ ജാമ്യം നൽകാമെന്നും വ്യവസ്ഥയുണ്ട്. ചിലപ്പോൾ പൊലീസ് ആ വഴിക്കും തീരുമാനം എടുത്തേക്കാം. എന്നാൽ, വിവാദമായ കേസായതിനാൽ ആദ്യ ഘട്ടത്തിൽ അറസ്റ്റിലേക്ക് കടക്കേണ്ടെന്ന് പൊലീസ് തീരുമാനിക്കുകായിയിരുന്നു. സുരേഷ് ഗോപിക്ക് ജാമ്യം നൽകാതെ കോടതിയിൽ കൊണ്ടു പോകുന്നത് താരത്തിന്റെ ജനപ്രീതി ഉയർത്തുമെന്ന വിലയിരുത്തലുമുണ്ട്. കൂടാതെ താരത്തെ അറസ്റ്റു ചെയ്താൽ അതും തിരിച്ചടിയാകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പൊലീസ് നീക്കമെന്നാണ് സൂചന.
ഒരു ക്രിമിനലിനെ പോലെ സുരേഷ് ഗോപിയെ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സിനിമാതാരങ്ങളും നിലപാട് അറിയിച്ചിരുന്നു. മാധ്യമ പ്രവർത്തകയെ അപമാനിക്കുക സുരേഷ് ഗോപിയുടെ ലക്ഷ്യമായിരുന്നില്ലെന്നും അവർ പറയുന്നു. ചുവന്നകാറിലാണ് ,സുരേഷ് ഗോപി സ്റ്റേഷന് മുന്നിലെത്തിയത്. ഡിസൈനുള്ള തൂവെള്ള ഷർട്ടും. കാറിനെ സ്റ്റേഷനിനുള്ളിലേക്ക് കടത്തിയില്ല. സ്റ്റേഷനിൽ കയറും മുമ്പ് പ്രവർത്തകരെ അഭിസംബോധന ചെയ്യാനും അനുവദിച്ചില്ല. പ്രവർത്തകരെ കൈവീശി കാട്ടിയാണ് സുരേഷ് ഗോപി അകത്തേക്ക് പോയത്.
സുരേഷ് ഗോപിയെ വേട്ടയാടാൻ വിട്ടുകൊടുക്കില്ല എന്നുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ബിജെപിക്കാർ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടുകയായിരുന്നു. പദയാത്രക്കുള്ള ശ്രമം പൊലീസ് തടഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ജനക്കൂട്ടം പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ കാറിൽ ആക്ഷൻ ഹീറോ വന്നിറങ്ങുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രമുഖ നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ് , ശോഭ സുരേന്ദ്രൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
സുരേഷ് ഗോപിയുടെ ചിത്രം പതിച്ച ''വേട്ടയാടാൻ വിട്ടുതരില്ല'' എന്ന് വലിയ ആകാശരത്തിൽ എഴുതിയ ബാനറുകൾ പിടിച്ചാണ് ബിജെപിക്കാർ പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയത്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത് എന്നാണ് ആരോപണം.




