- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും സ്വന്തമായി വീട് വെക്കാനാണ് പണം സ്വരൂപിച്ചതെന്നും മൊഴി; എന്തും കൈക്കൂലിയായി വാങ്ങുന്ന സ്വഭാവക്കാരൻ എല്ലാം ലോഡ്ജ് മുറിയിൽ തള്ളി; റൂം വൃത്തിയാക്കുന്ന ശീലവുമില്ല; ഊരൂട്ടമ്പലത്തെ വീടും കാടു കയറി; സുരേഷ് കൈക്കൂലിക്കാരിൽ വ്യത്യസ്തൻ! രണ്ടാഴ്ച ഇനി ജ്യുഡീഷ്യൽ കസ്റ്റഡി
മണ്ണാർക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്കുമാറിനെ ജൂൺ ഏഴുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തൃശ്ശൂർ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. വിജിലൻസ് ഇതുവരെ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. സംഭവത്തെ കുറിച്ച് വകുപ്പുതല പ്രാഥമികാന്വേഷണം നടത്തിയ തഹസിൽദാർ റിപ്പോർട്ട് പാലക്കാട് ജില്ല കലക്ടർക്ക് കൈമാറി. സുരേഷിനെ സസ്പെന്റ് ചെയ്യും.
ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ നിരവധി സാധനങ്ങളും സുരേഷിന്റെ മുറിയിൽനിന്ന് കണ്ടെടുത്തു. കൈയിൽകിട്ടുന്ന എന്തും ഇയാൾ കൈക്കൂലിയായി സ്വീകരിക്കുമായിരുന്നു. കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കം, കെട്ടു കണക്കിന് പേന എന്നിവയാണ് പണത്തിന് പുറമെ കണ്ടെടുത്തത്. കൈക്കൂലി വാങ്ങുന്ന സ്വഭാവക്കാരനാണെന്ന് ഓഫീസിലുള്ളവർക്കും അറിയാമായിരുന്നു. എന്നാൽ ഈ പണമെല്ലാം മുറിയിൽ സൂക്ഷിക്കുന്നത് ആർക്കും അറിയില്ലായിരുന്നു.
അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും സ്വന്തമായി വീട് വെക്കാനാണ് പണംസ്വരൂപിച്ചതെന്നും സുരേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ലാത്ത പ്രതി ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ ഒന്നര പതിറ്റാണ്ടായി മണ്ണാർക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായാണ് ജോലി ചെയ്തിരുന്നത്. നഗരമധ്യത്തിൽ മണ്ണാർക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജി.ആർ. ഷോപ്പിങ് കോംപ്ലക്സിലെ മുകൾനിലയിൽ 2500 രൂപ മാസവാടകയുള്ള ഒറ്റമുറിയിലാണ് കഴിഞ്ഞ പത്ത് വർഷമായി ഇയാൾ താമസിക്കുന്നത്. ലോഡ്ജിലെ സമീപമുറികളിൽ താമസിച്ചിരുന്നവരുമായി അടുപ്പമുണ്ടായിരുന്നില്ല.
തിരുവനന്തപുരം ജില്ലയിൽ മലയിൻകീഴ് പഞ്ചായത്തിലെ ഗോവിന്ദമംഗലം സ്വദേശിയാണ് സുരേഷ്. ഊരുട്ടമ്പലം ഗോവിന്ദമംഗലം കുഞ്ചുവീട് ആണ് ഇയാളുടെ കുടുംബവീട്. അവിവാഹിതനായ ഇയാൾക്ക് ഇപ്പോൾ നാടുമായി പറയത്തക്ക ബന്ധമൊന്നുമില്ല. ഇടയ്ക്കു വന്നുപോകാറുണ്ടെങ്കിലും ബന്ധുക്കളെ സന്ദർശിക്കാറില്ലെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. കുടുംബ ഓഹരിയായി കിട്ടിയ ഗോവിന്ദമംഗലത്തുള്ള വീടും വസ്തുവും കാട് കയറിയ നിലയിലാണ്. പാലക്കാട് ജില്ലയിൽ വില്ലേജ് ഓഫീസിൽ ജോലി കിട്ടിയ ശേഷം അവിടെത്തന്നെ സ്ഥിരതാമസമാക്കിയിരുന്നു. ചിറയിൻകീഴിലും ഇയാൾക്ക് വീടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതടക്കം വിജിലൻസ് പരിശോധിക്കും.
ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യമാണ് സുരേഷിന്റെ താമസമുറിയിൽനിന്ന് കണ്ടെടുത്തത്. 500ന്റെയും 2000ന്റെയും നോട്ടുകെട്ടുകൾ മുറിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു. ആരോടും അടുപ്പമില്ലാതെ ഒതുങ്ങിക്കൂടുന്ന സ്വഭാവമായിരുന്നു. പൊടിയും മാറാലയുംപിടിച്ച് ആൾതാമസമുണ്ടെന്ന് തന്നെ സംശയിക്കുന്ന മുറിയിലാണ് ഇത്രയും സമ്പാദ്യം സൂക്ഷിച്ചിരുന്നത്. മുറി വൃത്തിയാക്കുന്ന ശീലമുണ്ടായിരുന്നില്ല. സമാനമായി കാടുംപടലവും പിടിച്ച മലയിൻകീഴിലെ വീടും. ഇതും വ്ൃത്തിയാക്കാൻ ഇയാൾ ഒന്നും ചെയ്തിട്ടില്ല.
ചൊവ്വാഴ്ച നടന്ന വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് അനധികൃതമായി പിടികൂടുന്ന ഏറ്റവും വലിയ സമ്പാദ്യമായിരുന്നു. നേരത്തെ അട്ടപ്പാടി പാടവയൽ വില്ലേജിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. 2009 മുതൽ 2022 വരെ മണ്ണാർക്കാടായിരുന്നു. ഏകദേശം ഒരുവർഷത്തോളമായി പാലക്കയം വില്ലേജിലാണ് ജോലി ചെയ്തുവരുന്നത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ്കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസ സ്ഥലത്തുനിന്ന് അനധികൃതസമ്പാദ്യം എന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്.
മുറിയിൽനിന്ന് 35 ലക്ഷം രൂപയുടെ കറൻസിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രശീതിയും കണ്ടെത്തി. കൂടാതെ 17 കിലോഗ്രാം നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. റെയ്ഡിൽ ആകെ 1,06,00,000 രൂപയുടെ പണവും നിക്ഷേപവുമാണ് കണ്ടെത്തിയതെന്ന് വിജിലൻസ് ഡിവൈ.എസ്പി ഷംസുദ്ദീൻ പറഞ്ഞു. റെയ്ഡ് രാത്രി 8.30നാണ് അവസാനിച്ചത്. അടുത്തുള്ള സ്ഥാപനങ്ങളിൽനിന്ന് പണം എണ്ണുന്ന മെഷീൻ എത്തിച്ചാണ് എണ്ണി തിട്ടപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ