ഗ്വാളിയോർ : ബലാത്സംഗം ചെയ്ത യുവാവിനോടുള്ള മകളുടെ പ്രണയത്തെ എതിർത്ത അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകളും യുവാവും.മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഞെട്ടിക്കുന്ന കൊലപാതകം.അമ്മയെ കഴുത്ത് ഞെരിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും അറസ്റ്റിലായി.17 കാരിയായ പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

മധ്യപ്രദേശിലെ ഭിന്ദിൽ സ്വദേശിയായ മമ്ത കുശ്വാഹ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. നേരത്തെ, തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ചെറുപ്പക്കാരനുമായി ചേർന്നാണ് ഈ പെൺകുട്ടി അമ്മയെ വധിച്ചത്. ആ സംഭവത്തിൽ ജയിലിലായിരുന്ന ഇയാൾ ഈയടുത്താണ് ജയിൽ മോചിതനായത്.

തുടർന്ന് ഇയാൾ പെൺകുട്ടിയുമായി ഫോൺ വഴി ബന്ധപ്പെട്ടു. അതിനുശേഷം, ഇരുവരും തമ്മിൽ പ്രണയത്തിലായി. തുടർന്നാണ്, അമ്മ എതിർപ്പുമായി രംഗത്തു വന്നതെന്നാണ് പൊലീസ് പറയുന്നത്. അമ്മയുടെ എതിർപ്പ് ്രപശ്നമായതോടെ കാമുകന്റെ സഹായത്തോടെ മകൾ അമ്മയെ കൊല ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മുൻപൊരിക്കൽ ഇവരുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി കഴിഞ്ഞമാസമാണ് ജയിൽ മോചിതനായത് . ജയിലിൽ നിന്നും പുറത്തിറങ്ങിയശേഷം ഇയാൾ വീണ്ടും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

ഇയാളുമായി പ്രണയത്തിലായ പെൺകുട്ടി ഈ വിവരം അമ്മയെ അറിയിച്ചു. എന്നാൽ അമ്മ ആ ബന്ധത്തെ അവർ എതിർത്തു. ഇതിൽ പ്രകോപിതരായാണ് പെൺകുട്ടിയും കാമുകനും ചേർന്ന് അമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഗ്വാളിയോറിലെ വാടകവീട്ടിൽ പെൺകുട്ടിയും അമ്മയും തനിച്ചായിരുന്നു താമസം. ഇതറിയാമായിരുന്ന കാമുകൻ പെൺകുട്ടിയുടെ സമ്മതത്തോടെ അവിടെ എത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് അമ്മയെ ആദ്യം കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കിയെന്ന് പൊലീസ് പറയുന്നു. തുടർന്ന് അവരെ കുത്തി കൊലപ്പെടുത്തി. മമ്തയുടെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റതായാണ് സ്ഥലത്ത് പരിശോധനക്കായി എത്തിയ പൊലീസ് പറഞ്ഞത്.

മരിച്ചു എന്ന് ഉറപ്പാക്കിയതിനു ശേഷം ഇവർ മമ്തയുടെ ശരീരം കട്ടിലിനടിയിൽ ഒളിപ്പിച്ചു. തുടർന്ന് രാത്രി മുഴുവൻ അവർ ഇരുവരും അവിടെ താമസിച്ചു. നേരം പുലർന്നപ്പോൾ ആർക്കും സംശയം തോന്നാത്ത വിധം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. വീടിനു പുറത്ത് ആരെയും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുടമസ്ഥനാണ് പൊലീസിൽ വിവരമറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ നിന്നും മമ്തയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടത്തി വരികയാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം.