ന്യൂഡൽഹി: ഡൽഹിയിൽ സ്വിസ് വനിതയുടെ കൊലപാതകത്തിൽ മനുഷ്യക്കടത്ത് ബന്ധവും സംശയിച്ച് പൊലീസ്. സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി ഗുർപ്രീത് സിങ്ങിന് മനുഷ്യക്കടത്ത് റാക്കറ്റുകളുമായും ബന്ധമുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. കൊല്ലപ്പെട്ട യുവതിക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഈ നിലയിലേക്ക് കൂടി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കയാണ് പൊലീസ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വിറ്റ്സർലൻഡ് സ്വദേശിനിയായ ലെന ബെർജറി(30)നെ ഡൽഹി തിലക് നഗറിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ഗുർപ്രീത് സിങ്ങിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. സ്വിറ്റ്സർലൻഡിൽവെച്ച് പരിചയത്തിലായ ലെനയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ, ലെനയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നുമാണ് ഇയാൾ മൊഴി നൽകിയിരുന്നത്. ഇതിനായി യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുകയും ഡൽഹിയിൽ താമസിപ്പിക്കുകയുമായിരുന്നു.

അതേസമയം, ഗുർപ്രീതിന്റെ കാറിൽനിന്ന് കണക്കിൽപ്പെടാത്ത രണ്ടേകാൽ കോടിയോളം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിനുപുറമേ കാറിൽനിന്ന് നാല് തോക്കുകളും അമ്പതോളം വെടിയുണ്ടകളും കണ്ടെടുത്തു. മാത്രമല്ല, മറ്റ് വിദേശ വനിതകളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലപ്പെട്ട യുവതിക്ക് പുറമേ 12-ഓളം വിദേശ വനിതകളുമായി ഗുർപ്രീതിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, തന്റെയും പിതാവിന്റെയും രത്ന ബിസിനസുമായി ബന്ധപ്പെട്ടാണ് വിദേശ വനിതകളെ പരിചയമുള്ളതെന്നാണ് ഗുർപ്രീത് സിങ്ങിന്റെ മൊഴി. ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

ഗുർപ്രീതിൽനിന്ന് കണക്കിൽപ്പെടാതെ പണം പിടിച്ചെടുത്തതോടെ ഡൽഹി പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും വിവരം കൈമാറിയിട്ടുണ്ട്. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗവും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കണ്ടെത്തുകയും ചെയ്തതോടെയാണ് മനുഷ്യക്കടത്ത് സംശയം ശക്തമായതും.

കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ടായിരുന്നതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൊള്ളലേറ്റ പാടുകളും മുറിവുകളുമാണ് ശരീരത്തിലുണ്ടായിരുന്നത്. കൊല്ലപ്പെടുന്നതിന് മുൻപ് യുവതി ക്രൂരമായ ഉപദ്രവം നേരിട്ടതിന്റെ തെളിവാണിത്. മമനുഷ്യക്കടത്ത് സംഘം ഇരകളെ ഉപദ്രവിക്കുന്നതിന് സമാനമായരീതിയിലാണ് സ്വിസ് വനിതയും ഉപദ്രവം നേരിട്ടതെന്നും പൊലീസ് പറയുന്നു.

യുവതിയുടെ മൃതദേഹം കൊണ്ടുപോയ സാൻട്രോ കാർ ലൈംഗികത്തൊഴിലാളിയായ മറ്റൊരു യുവതിയുടെ പേരിലാണ് താൻ വാങ്ങിയതെന്ന് ഗുർപ്രീത് സിങ് സമ്മതിച്ചിട്ടുണ്ട്. അതേസമയം, ഇയാൾ ഉപയോഗിച്ചിരുന്ന നാനോ കാറിന്റെ രജിസ്ട്രേഷനും മറ്റൊരാളുടെ പേരിലാണ്. ഗുർപ്രീതുമായി നിരന്തരം സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നയാളാണ് നാനോ കാറിന്റെ ഉടമ. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ലെന ബെർജർ ആദ്യമായിട്ടില്ല ഇന്ത്യയിൽ വരുന്നതെന്നാണ് കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ രണ്ടുതവണ ലെന ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള അവരുടെ മൂന്നാമത്തെ യാത്രയാണിത്. താൻ ഇതുവരെ എട്ടുതവണ സ്വിറ്റ്സർലാൻഡിൽ പോയിട്ടുണ്ടെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഗുർമീതിന്റെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴും നിരവധി കോടികളാണ് കണ്ടെത്തിയത്. ഇതെല്ലാം ദേശസാത്കൃത ബാങ്കിന്റെ അക്കൗണ്ടുകളായതിനാൽ കള്ളപ്പണമാകാൻ വഴിയില്ലെന്നും പൊലീസ് പറയുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്താൻ ആദായ നികുതി ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഗുർപ്രീത് സിങ് ജനക്പുരി സ്വദേശിയാണ്. 2021 ൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് തന്റെ ബന്ധുക്കളെ കാണാൻ പോകുന്നതിനിടെ ഒരു ഡേറ്റിങ് ആപ്പിൽ ലീന ബെർഗറിനെ കണ്ടുമുട്ടിയത്. ലീനയോട് ഇയാൾ നിരവധി തവണ വിവാഹാഭ്യർഥന നടത്തി. ഡേറ്റിങ് തുടർന്നിട്ടും ഗുർപ്രീത് സിങ്ങിന്റെ വിവാഹാഭ്യർഥന നീന സ്വകരിച്ചില്ല. തുടർന്ന് ലീനക്ക് അവിഹിത ബന്ധമുണ്ടെന്ന് ഗുർപ്രീത് സിങ് സംശയിച്ചു. അങ്ങനെയാണ് ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി കൊല്ലാൻ പദ്ധതിയിട്ടത്.

ഒക്ടോബർ 18ന് പടിഞ്ഞാറൻ ഡൽഹിയിലെ എം.സി.ഡി സ്‌കൂളിന് സമീപമാണ് സ്വിസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപം തലപ്പാവ് ധരിച്ചയാളും വെളുത്ത നിറത്തിലുള്ള കാറും ഉള്ളത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എന്നാൽ പ്രതി ഓരോ തവണയും ചോദ്യം ചെയ്യുന്നതിനിടെ മൊഴിമാറ്റിക്കൊണ്ടിരിക്കുന്നത് പൊലീസിനെ വലക്കുന്നുണ്ട്.

കേസിൽ അറസ്റ്റിലായ ഗുർപ്രീത് സിങ് നിലവിൽ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. അതിനിടെ, ഇന്ത്യയിലെ സ്വിസ് എംബസി അധികൃതർ കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാഗങ്ങളെ ബന്ധപ്പെടാനായി ഡൽഹി പൊലീസും എംബസിയുടെ സഹായം തേടിയിട്ടുണ്ട്.