തളിപ്പറമ്പ്: തളിപ്പറമ്പിൽ നടന്ന ജൂവലറി മോഷണം കേസിൽ യഥാർത്ഥ പ്രതികൾ ആന്ധ്ര സ്വദേശികൾ ആയിരുന്നു എങ്കിലും അറസ്റ്റ് ചെയ്തത് തമിഴ്‌നാട് സ്വദേശികളെ. ചെന്നൈ സ്വദേശിനികളായ സുധ, സംഗീത സ്ത്രീകളെയാണ് പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലയിൽ വച്ച് യഥാർത്ഥ പ്രതികൾ ഇവർ ആണ് എന്ന് പറഞ്ഞാണ് പൊലീസ് ആളുമാറി ഇവരെ പിടികൂടിയത് തളിപ്പറമ്പിലെ ഒരു ജൂവലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ആന്ധ്ര സ്വദേശികളായ ആനന്ദി, കനിമൊഴി എന്നിവരെയാണ് യഥാർത്ഥത്തിൽ അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ പൊലീസ് ആളുമാറി സുധയെയും സംഗീതയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ തങ്ങളുടെ നിരപരാധിത്വം കോടതിയിൽ തെളിയിച്ച് ഇരുവരും ഇന്നലെ ഉച്ചയോടെ ജയിൽമോചിതരായി. പൊലീസിന്റെയും ജയിൽ വകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയിലാണ് ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടത്. കണ്ണൂർ ജില്ലയിലെ വക്കീൽ മിഥുൻ മുഖേനയാണ് ഇരുവരും കോടതിയിൽ സമീപിച്ചത്.

കോടതിയിൽ ഇരുവരുടെയും ആധാർ കാർഡ് ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയാണ് അഭിഭാഷകൻ വാദിച്ചത്. ആദ്യഘട്ടത്തിൽ ഇരുവരെയും ജാമ്യം നൽകി കോടതിയിൽ നിന്നും പുറത്തിറക്കാൻ ഉത്തരവിട്ടു. എന്നാൽ ജാമ്യാപേക്ഷയുമായി ചെന്ന അഭിഭാഷകന് മുന്നിൽ സുധ, സംഗീത എന്നീ പേരുകളിൽ രണ്ടുപേർ ഇവിടെ തടവിലില്ലെന്നായിരുന്നു കണ്ണൂർ വനിത ജയിലിൽ നിന്നുള്ള മറുപടി. തുടർന്ന് അഭിഭാഷകൻ മുഖേന വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നലെ ജയിൽ മോദിജീവിതരായ ഇരുവരും സ്വന്തം നാടായ തമിഴ്‌നാട്ടിലേക്ക് മടങ്ങി.

ചെയ്യാത്ത കുറ്റത്തിന് 35 ദിവസത്തോളമാണ് ഇരുവരും ജയിലിൽ കിടക്കേണ്ടി വന്നത്. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്ത് കേസ് മുന്നോട്ട് നീങ്ങവെ ഇന്നലെ കേസ് പരിഗണനക്ക് എടുക്കുന്നതിന് തൊട്ട് മുമ്പായി ജയിലധികൃതർ ഇരുവരെയും വിട്ടയക്കുകയായിരുന്നു. ഈ കേസിൽ യഥാർത്ഥ പ്രതികളായ ആന്ധ്ര സ്വദേശിനികളായ ആനന്ദി കനിമൊഴി എന്നിവരെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഇരുവകുപ്പുകൾക്കും ഉണ്ടായത് എന്ന് വക്കീൽ മിഥുൻ മറുനാടൻ മലയാളിയുടെ അടുത്ത് പറഞ്ഞു.

സാധാരണക്കാരായ ആളുകൾ ആയിരുന്നു തമിഴ്‌നാട് സ്വദേശികളായ ഇരുവരും എന്നതിനാൽ ഇരുവരെയും പുറത്തു വിടാനായി 35 ദിവസത്തോളം സമയം എടുക്കേണ്ടി വന്നു. പൊലീസിൽ നല്ലവരായ ആളുകൾ ഉണ്ട് എങ്കിലും ചില ആളുകളുടെ ഇത്തരത്തിലുള്ള പ്രവർത്തി പൊലീസിന് ഒന്നാകെ അപമാനം ഉണ്ടാക്കുന്നതാണ്. ഈ നടപടിക്കെതിരെ നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് മുന്നോട്ടുള്ള നീക്കം നടത്തുമെന്ന് വക്കീൽ പറഞ്ഞു.