മലപ്പുറം: താനൂരിൽ എം.ഡി.എം.എ കേസിലെ പ്രതിയായ 29കാരനായ താമിർ ജിഫ്രി തങ്ങൾ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം വെറും മയക്കുമരുന്ന് കേസാക്കി ചെറുതാക്കി കാണരുതെന്നും പിന്നിൽ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായും താമിർ ജിഫ്രി തങ്ങളുടെ സഹോദരൻ ഹാരിസ് ജിഫ്രി തങ്ങൾ. മരണപ്പെട്ട ശേഷം പൊലീസ് ഇപ്പോഴും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മരണകാരണം എന്താണു പറഞ്ഞിട്ടില്ലെന്നും സഹോദരൻ പറയുന്നു.

അറസ്റ്റ് ചെയ്ത കാര്യങ്ങളൊക്കെ തന്നെ ഒളിച്ചുവെക്കുകയായിരുന്നു. ഇനി ലഹരിയുമായി ബന്ധപ്പെട്ട കേസുകളെല്ലാം മരിച്ച സഹോദരന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമുണ്ടാകുമെന്നു ഞങ്ങൾ ഭയക്കുന്നു. പൊലീസ് പറയുന്ന പ്രകാരമുള്ള ഇത്രവലിയ തുകയുടെ മയക്കുമരുന്നുകളൊന്നും കൊണ്ടുനടക്കാനുള്ള കഴിവും സാമ്പത്തികമൊന്നും അവനില്ല. അനിയനെ ബലിയാടക്കി പലരുടേയും മുഖം രക്ഷിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു സംശയിക്കുന്നതായും സഹോദരൻ പറഞ്ഞു.

അതേ സമയം മരിച്ച സംഭവത്തിൽ മരിച്ച താമിർ ജിഫ്രി തങ്ങളുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ 20 പാടുകളുള്ളതായി റിപ്പോർട്ടു വന്നിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റതായും മുതുകിൽ അഞ്ചും കാലിന്റെ പിൻഭാഗത്ത് മൂന്ന് പാടുകളുള്ളതായും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനു റിപ്പോർട്ട് നൽകി. ഇതിനു പുറമെ മൃതദേഹത്തിന്റെ ആമാശയത്തിൽനിന്നും എം.ഡി.എം.എ എന്നു സംശയിക്കുന്ന രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരുകവർ പൊട്ടിയിട്ടുണ്ട്. പൊട്ടാത്തതിലുള്ള മഞ്ഞദ്രാവകം രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പൊലീസ് പിടികൂടാനെത്തിയപ്പോൾ ഒളിപ്പിക്കാനായി എം.ഡി.എം.എ വിഴുങ്ങിയതാകുമെന്നാണു പൊലീസ് സംശയിക്കുന്നത്. എന്നാൽ രാസപരിശോധന ഫലം ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നു അന്വേഷണ സംഘം പറഞ്ഞു.

അതേ സമയം കേസിൽ പൊലീസിന്റെ ഭാഗത്തുവീഴ്‌ച്ച സംഭവിച്ചതായ റിപ്പോർട്ടിനെ തുടർന്നു താനൂർ എസ്‌ഐ അടക്കം എട്ട് പൊലീസുകാരെ തൃശൂർ ഡി.ഐ.ജി സസ്പെന്റ് ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിവരം. താനൂർ എസ്‌ഐ ആർ.ഡി.കൃഷ്ണലാൽ, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, സ്പെഷൽ ടീമംഗങ്ങളായ കൽപ്പകഞ്ചേരി സ്റ്റേഷനിലെ വിപിൻ, പരപ്പനങ്ങാടി സ്റ്റേഷനിലെ ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

നിഷ്പക്ഷ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസുകാരെ സസ്പെന്റ് ചെയ്തതെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അന്വേഷണത്തിൽ ഇതുവരെ നടപടിക്രമങ്ങളെല്ലാം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു. അന്വേഷണം ജില്ലാ പൊലീസിൽ നിന്നും സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി റജി.എം.കുന്നിപ്പറമ്പനാണ് കേസിന്റെ അന്വേഷണ ചുമതല. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പി കുഞ്ഞിമൊയ്തീൻക്കുട്ടി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

മഞ്ചേരി മെഡിക്കൽ കോളേജിൽ നാല് മണിക്കൂറെടുത്താണ് പൊലീസ് സർജൻ ഡോ.ഹിതേഷ് ശങ്കർ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. പൊലീസിനെ കണ്ടതോടെ കൈവശമുണ്ടായിരുന്ന എം.ഡി.എം.എ കവറോടെ താമിർ വിഴുങ്ങിയതായും, അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നുമാണു താനൂർ പൊലീസിന്റെ റിപ്പോർട്ട്. താനൂർ ദേവദാർ പാലത്തിന് താഴെ കാറിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ആർ.ഡി.കൃഷ്ണലാലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് 18.4 ഗ്രാം എം.ഡി.എം.എയുമായി താമിർ ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്. താമിർ നേരത്തേ മയക്കുമരുന്നടക്കം മൂന്ന് കേസുകളിൽക്കൂടി ഉൾപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു.

ചെമ്മാട് സി കെ നഗറിലായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്് പിന്നീട് അഞ്ചു വർഷത്തോളമായി മമ്പുറം മൂഴിക്കൽ ഭാഗത്ത് താമസം തുടങ്ങിയിട്ട്. അവിവാഹിതനായ താമിർ ജിഫ്രി തങ്ങൾ കഴിഞ്ഞ ഒരു വർഷമായി ചേളാരി ബെഡ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു. താമസവും അവിടെ തന്നെയാണ്. ഇതിനാൽ തന്നെ മകന്റെ ഈ ലഹരി ബന്ധം വീട്ടുകാർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ ഇടയ്ക്കു മാത്രം വീട്ടിൽ വരാറുണ്ടെന്നല്ലാതെ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും വീട്ടുകാർ അറിഞ്ഞതുമില്ല.

മമ്പുറത്തുള്ള വീട്ടിൽ ചൊവ്വാഴ്ച രാവിലെ പത്തര മണിക്ക് രണ്ട് പേര് ബൈക്കിൽ വന്ന് മമ്പുറം മൂഴിക്കലിലെ വീട്ടിലെത്തി താമിർ ജിഫ്രി ആശുപത്രിയിൽ ആണ് എന്നും പറയുമ്പോഴാണു മകനു അപകടം സംഭവിച്ചതായി വീട്ടുകാർ അറിയുന്നത്. ഇതിന് പിന്നാലെ താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസിനെ വീട്ടുകാർ ഫോൺ വിളിച്ചു വിവരം അറിയിക്കുകയും ജോലി സ്ഥലത്തു നിന്ന് താനുരിലേക്ക് പോയപ്പോഴാണ് മരണ വിവരം വീട്ടുകാർ അറിയുന്നത്. 18 ഗ്രാം എം.ഡി.എം.എ യുമായാണ് ഇവരെ പിടികൂടിയതെന്നും ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. 4.30 തോടെ ഇയാളെ മരിച്ചനിലയിൽ താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.