- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കാനയിലെ 'ഓപ്പറേഷൻ താമര'യിലെ അന്വേഷണം കൊല്ലത്തേക്കും; തെലുങ്കാന പൊലീസ് സംഘം വള്ളിക്കാവിലെ ആശ്രമത്തിൽ പരിശോധന നടത്തി; ജഗ്ഗു സ്വാമി കൊല്ലത്ത് എത്തിയാൽ താമസിക്കുന്ന മുറിയിൽ പരിശോധന നടത്തി; തുഷാർ വെള്ളാപ്പള്ളിയുടെ പങ്കിലും തെളിവു തേടി അന്വേഷണ സംഘം
കൊല്ലം: തെലങ്കാന ഭരണകക്ഷിയായ ടി.ആർ.എസ്. എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസിൽ കേരളത്തിലെ അന്വേഷണവും ഊർജ്ജിതമാക്കി തെലുങ്കാന പൊലീസ്. കൊച്ചിയിൽ പരിശോധന നടത്തിയതിന് പിന്നാലെ കൊല്ലത്തും തെലുങ്കാന പൊലീസ സംഘം എത്തി. ഇന്നലെ രാത്രിയാണ് തെലുങ്കാന പൊലീസ് പരിശോധനകൾക്കായി എത്തിയത്. വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിലാണ് ഇന്നലെ തെലുങ്കാന പൊലീസ് പരിശോധന നടത്തിയത്. ആശ്രമവുമായി അടുത്ത ബന്ധമുള്ള ഡോ. ജഗ്ഗു സ്വാമിയെ തേടിയായിരുന്നു പൊലീസ് സംഘം എത്തിയത്.
കഴിഞ്ഞ ദിവസം സ്വാമിക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലും തെലുങ്കാന പൊലീസ് എത്തിയിരുന്നു. എന്നാൽ, സ്വാമിയെ കാണാൻ കഴിയാതെ മടങ്ങുകയാണ് ഉണ്ടായത്. ഇതോടെയാണ് സ്വാമി കൊല്ലത്തുണ്ടോ എന്ന് പരിശോധിക്കാനായി കൊല്ലത്തും പ്രത്യേക അന്വേഷണ സംഘം എത്തിയത്. കൊല്ലത്ത് സ്വാമി എത്തിയാൽ താമസിക്കാറുള്ള ആശ്രമത്തിലെ മുറിയാണ് വിശദമായി പൊലീസ് പരിശോധിച്ചത്. സ്വാമിയുമായി അടുപ്പമുള്ള ചിലരെയും പൊലീസ് സംഘം ചോദ്യം ചെയ്തു. സ്വാമി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും തിരക്കി. അതേസമയം കേസ് അന്വേഷണവുമായി സഹകരിക്കുമെന്നാണ് ആശ്രമം വൃത്തങ്ങൾ അറിയിച്ചതും.
സംസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം കേരളത്തിൽ തന്നെ തുടരുകയാണ്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നേരിട്ടാണ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. അതിനാൽ ആരോപണത്തെ ഗൗരവമായാണ് പ്രത്യേക അന്വേഷസംഘം കാണുന്നത്. തുഷാർ വെള്ളാപ്പള്ളി കേസിൽ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായി തന്നെ അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
കേസിലെ മുഖ്യപ്രതി സതീഷ് ശർമ്മയെന്ന രാമചന്ദ്രഭാരതിയാണ്. ഇയാൾ കാസർഗോഡുകാരനായ മലയാളിയാണ്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാൾ ഡൽഹിയും ഉത്തർപ്രദേശും കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഡോ. ജഗ്ഗു സ്വാമിക്ക് രാമചന്ദ്ര ഭാരതിയുമായി അടുത്ത ബന്ധമുണ്ട്. ഈ സുഹൃത് ബന്ധമാണ് പൊലീസ് പരിശോധിക്കുന്നത്. ജഗ്ഗുസ്വാമിയുമായി പരിചയമുള്ളവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
തെലങ്കാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അമൃതാ ആശുപത്രിയിലും പരിശോധന നടത്തിയിരുന്നു. തുടർന്ന് കേരളാ പൊലീസിന്റെ സഹായത്തോടെ സ്വാമിയുടെ മുറി തുറന്ന് പരിശോധിച്ച് മൊബൈൽ ഫോണുകളും ചില രേഖകളും തെലങ്കാന പൊലീസ് സംഘം കണ്ടെടുത്തു. മലയാളിയും നൽഗൊണ്ട പൊലീസ് സൂപ്രണ്ടുമായ രമാ രാജേശ്വരി ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേരളത്തിൽ അന്വേഷണത്തിനായി എത്തിയത്.
ജഗ്ഗുസ്വാമിയാണ് തുഷാർ വെള്ളാപ്പള്ളിയെ രാമചന്ദ്ര ഭാരതിയുമായി പരിചയപ്പെടുത്തിയത്. ഇക്കാര്യത്തിൽ അടക്കം വ്യക്തത തേടിയാണ് തെലുങ്കാന പൊലീസ് എത്തിയിരിക്കുന്ന്ത. തുഷാർ വെള്ളാപ്പള്ളിക്ക് ഓപ്പറേഷൻ കമലത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് തെലുങ്കാന പൊലീസ് ആരോപിക്കുന്നത്. 100 കോടി രൂപയ്ക്ക് ഓപ്പറേഷൻ കമല നടത്താൻ തുഷാറിനൊപ്പം രാമചന്ദ്ര ഭാരതിയും പങ്കാളിയായിരുന്നു.
ഡോ.ജഗ്ഗു സ്വാമി അമൃതാ ആശുപത്രിയിലെ അഡി.ജനറൽ മാനേജറാണ്. കരുനാഗപ്പള്ളിയെ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ഡോ. ജഗ്ഗു പിന്നീട് ആശുപത്രിയുടെ ചുമതലക്കാരനായി മാറുകയുമായിരുന്നു. കേരളത്തിന് അകത്തു പുറത്തുമായി നിരവധി രാഷ്ട്രീയ നേതാക്കളുമായും പ്രശസ്ത വ്യക്തികളുമായി ജഗ്ഗു സ്വാമിക്ക് ബന്ധമുണ്ട്. അങ്ങനെ പരിചയമുള്ള വ്യക്തികളാണ് തുഷാറും രാമചന്ദ്ര ഭാരതിയും. ഓപ്പറേഷൻ കമലയുടെ ഭാഗമായി തുഷാർ വെള്ളാപ്പള്ളി എംഎൽഎ രോഹിത് റെഡ്ഡിയുമായി ഫോണിൽ സംസാരിച്ചതിനും തെളിവുകൾ തെലുങ്കാന പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വാമിയുമായി ബന്ധപ്പെട്ട് എലൂർ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. കാസർകോട് സ്വദേശിയാണ് സതീഷ് ശർമ.
ഞായറാഴ്ച മുതൽ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളിലാണ് കേസന്വേഷിക്കുന്ന തെലങ്കാന എസ്.എ.ടി സംഘം റെയ്ഡ് നടത്തിയത്. ഹരിയാന, കേരളം, കർണാടക, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലായി ഏഴ് ഇടങ്ങളിൽ തെലങ്കാന പൊലീസ് ഒരേസമയമാണ് തിരച്ചിൽ നടത്തിയത് എന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു. ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റി ബിജെപിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ആരോപണം.
കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകൾ തെലങ്കാന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, കേസുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് തന്നെ സമീപിച്ചിട്ടില്ലെന്നാണ് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്. പൊലീസ് തനിക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. എംഎൽഎമാരെ കൂറുമാറ്റാനുള്ള നീക്കത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് തുഷാർ വ്യക്തമാക്കുന്നു. എന്നാൽ, രാമചന്ദ്രഭാരതിയെ തനിക്ക് അറിയാമെന്നും തുഷാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ