- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമയത്ത് കേസെടുക്കാതെ ഉറക്കം നടിച്ചു; തളിപ്പറമ്പിലെ വിസ തട്ടിപ്പിൽ കഴിഞ്ഞ വർഷം കേസ് എടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നത് അനൂപ് ടോമിയുട ആത്മഹത്യ; അനൂപിന്റെ മരണത്തോടെ ഉണർന്ന പൊലീസ് തട്ടിപ്പുകാരൻ കിഷോർ കുമാറിന് എതിരെ എടുത്തത് നാലുകേസ് കൂടി; തട്ടിപ്പ് നടന്നത് സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിയുടെ മറവിൽ
കണ്ണൂർ: അനൂപ് ടോമിയുടെ ആത്മഹത്യയോടെയാണ് വിസ തട്ടിപ്പ് കേസിൽ പൊലീസ് ഉഷാറായത്. ഇതുവരെ ഉറങ്ങുകയായിരുന്നോ, ഉറക്കം നടിക്കുകയായിരുന്നോ എന്ന് വ്യക്തമല്ല. സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി നടത്തിപ്പുകാർക്കെതിരെ തളിപ്പറമ്പിൽ 6 കേസുകളെടുത്തു. തളിപ്പറമ്പ് പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അലംഭാവം ഉണ്ടായെന്ന് മേലധികാരികാരികൾക്കും ബോധ്യമായിട്ടുണ്ട്. തങ്ങളുടെ വീടും സ്വർണാഭരണങ്ങളും പണയം വെച്ച് കാശുണ്ടാക്കി വിസയ്ക്കായി നൽകിയ ആളുകളും ഈ കൂട്ടത്തിൽ ഉണ്ട്. കഴിഞ്ഞവർഷം തന്നെ കേസെടുത്തിരുന്നുവെങ്കിൽ അനൂപ് ടോമിയുടെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു എന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്.
പി പി കിഷോർകുമാർ, കിരൺകുമാർ എന്നിവർക്കെതിരെ തളിപ്പറമ്പ് പൊലീസ് ഇപ്പോൾ കേസെടുത്തിട്ടുണ്ട്. ഉദയഗിരി അരിവിളഞ്ഞ പൊയിലിലെ വെണ്ണായപള്ളി വീട്ടിൽ ഡാനി തോമസിന് യുകെയിൽ ട്രക്ക് ഡ്രൈവറുടെ വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞവർഷം മെയ് 24 മുതൽ സെപ്റ്റംബർ എട്ടുവരെയുള്ള കാലയളവിൽ 6.50 ലക്ഷം രൂപ കൈപ്പറ്റിയിട്ടും വിസയോ പണമോ തിരിച്ചു നൽകിയില്ലെന്നാണ് പരാതികളിൽ ഒന്ന്. പകുതി തുക ബാങ്ക് വഴിയും പകുതി തുക നേരിട്ട് പണമായും ആണ് കിഷോർ കുമാർ സ്വീകരിച്ചത്.
കണ്ണൂർ ജില്ലയിലെ കേളകം അടക്കാത്തോടിലെ പള്ളിവാതുക്കൽ എബി എബ്രഹാമിനോട് 2021 ഡിസംബർ മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ യുകെയിൽ വെയർഹൗസ് ഹാൻഡലർ തസ്തിക വാഗ്ദാനം ചെയ്ത് 5.75 ലക്ഷം രൂപയും കൂത്തുപറമ്പ് ആമ്പിലോട്ടെ പാറയിൽ വീട്ടിൽ പ്രശാന്തിൽ നിന്നും യുകെയിൽ വെയർഹൗസ് ഹാൻഡലർ ആയി ജോലി വാഗ്ദാനം ചെയ്ത് 2022 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 6 ലക്ഷം രൂപയും ഇവർ തട്ടിച്ചു.
കാസർകോട് പാലാവയൽ നിരത്തുംതട്ടിലെ ജോയറ്റ് ജോസഫിന്റെ കയ്യിൽ നിന്നും ബെൽജിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് 2021 ഡിസംബർ മുതൽ 2022 ഓഗസ്റ്റ് വരെ 5.70 ലക്ഷം രൂപ വരെ കൈപ്പറ്റി എന്നും ചെറുപുഴ പുളിങ്ങോത്ത് എടവരമ്പ് ഓലിക്കൽ വീട്ടിൽ റിജു വർഗീസിൽ നിന്നും ബെൽജിയം വിസ വാഗ്ദാനം ചെയ്ത് 2021 ജനുവരി മുതൽ 2022 ഓഗസ്റ്റ് വരെയുള്ള സമയത്ത് 5.80 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചതായി പരാതി ഇപ്പോൾ നിലവിലുണ്ട്.
പേരാവൂർ തെറ്റുവഴിയിലെ പൂത്തേട്ടുകുന്നിൽ ആൽബിൻ ജോർജിനോട് ബെൽജിയം വിസ വാഗ്ദാനം ചെയ്ത് 2021 ഒക്ടോബർ 22 മുതൽ 2022 സെപ്റ്റംബർ വരെ 5.75 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തു. കിഷോറും അനുജനായ കിരൺകുമാറും മറ്റു രണ്ടുപേരുമാണ് ഇത്തരത്തിലുള്ള വിവിധ കേസിലെ പ്രതികൾ. ഇവരുടെ തട്ടിപ്പിനിരയായ പുൽപ്പള്ളിയിലെ മുത്തേടത്ത് അനൂപ് ടോമി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് വാർത്ത പുറത്തറിഞ്ഞത്.
തളിപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഇവർ പലരിൽ നിന്നും പണം തട്ടിയെടുത്തിരിക്കുന്നത്. നൂറോളം പേരിൽ നിന്നും ഇത്തരത്തിൽ അഞ്ചുമാറും ലക്ഷം രൂപയായി പിരിച്ചെടുത്തിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരം. പല രാജ്യങ്ങളുടെയും വിസ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് എല്ലാവരെയും വഞ്ചിച്ചിരിക്കുന്നത്.
ഇന്നലെ വിവാദം കൊഴുത്തതോടെ, പയ്യന്നൂരിലും പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഒക്ടോബറിൽ തന്നെ ഈ സ്ഥാപനത്തിനെതിരെ പരാതിയുമായി ആളുകൾ രംഗത്ത് വന്നെങ്കിലും പൊലീസ് വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല എന്ന പരാതി വ്യാപകമാവുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്