- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ തണ്ടർബോൾട്ട് - മാവോയിസ്റ്റ് ഏറ്റുമുട്ടൽ; അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിലെ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് വെടിയേറ്റതായി സംശയം; സ്ഥലത്ത് രക്തക്കറ; മൂന്ന് തോക്കുകൾ കണ്ടെടുത്തു; കൂടുതൽ പൊലീസ് സ്ഥലത്തെത്തി
കണ്ണൂർ: കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ. കണ്ണൂർ അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിലാണ് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി സംശയം. സ്ഥലത്തുനിന്ന് മൂന്ന് തോക്കുകളും കണ്ടെടുത്തു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.
ഇന്ന് രാവിലെ ഏഴരയോടെയാണ് അയ്യൻകുന്ന് ഉരുപ്പുകുറ്റിയിൽ വനമേഖലയിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വനത്തിൽ പതിവ് പട്രോളിങ് നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് തണ്ടർബോൾട്ട് മാവോയിസ്റ്റുകൾക്ക് നേരെയും വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി സംശയമുണ്ട്. ഏകദേശം പത്ത് മിനിറ്റ് നേരം വെടിയൊച്ച ശബ്ദം കേട്ടതായി നാട്ടുകാരും പറയുന്നു. വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്. പരിശോധനയിൽ വെടിവെയ്‌പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകൾ കണ്ടെടുത്തു.
സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവർത്തിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വെടിവെയ്‌പ്പിൽ പൊലീസിന് പരിക്കേറ്റിട്ടില്ല. സ്ഥലത്ത് രക്തതുള്ളികൾ ഉൾപ്പെടെ കണ്ടെത്തിയതിനാലാണ് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിണ്ടുണ്ടാകാമെന്നും തോക്ക് ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞതാവാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.




