- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലന്തൂർ നരബലി ഇരയുടെ മകളുടെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കട്ടപ്പന വട്ടോളി വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വാടക വീട്ടിൽ; മൂന്ന് ദിവസം മുമ്പ് ഏറ്റുവാങ്ങിയ റോസിലിന്റെ മൃതദേഹം സംസ്ക്കരിച്ചതിന് പിന്നാലെ ദുരൂഹ മരണം; പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി
വടക്കാഞ്ചേരി: നാടിനെ നടുക്കിയ ഇലന്തൂർ നരബലി കേസിലെ ദുരൂഹതകൾ ഇനിയും അവശേഷിക്കുകയാണ്. മനുഷ്യക്കുരുതിയിലേക്ക് നയിച്ച സംഭവങ്ങളിലെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നു. ഇതിനിടെ മറ്റൊരു ദുരൂഹ മരണവാർത്ത കൂടി പുറത്തുവരുന്നത് എല്ലാവരെയും നടുക്കുകയാണ്. ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി.
എങ്കക്കാടുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടപ്പന വട്ടോളി വീട്ടിൽ ബിജു (44) നെയാണ് നമ്പീശൻ റോഡിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മഞ്ജു വർഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയിരുന്നതിനാൽ ബിജു വീട്ടിൽ തനിച്ചായിരുന്നു. ട്രസ്സ് വർക്ക് തൊഴിലാളിയാണ്. വടക്കാഞ്ചേരി പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
നരബലിക്ക് ഇരയായ റോസ്ലിന്റെ മൃതദേഹം മൂന്ന് ദിവസം മുമ്പാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കൾക്ക് കൈമാറിയത്. മക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വടക്കഞ്ചേരിയിലെ വാടകവീട്ടിൽ എത്തിച്ചശേഷമാണ് സംസ്കരിച്ചത്. അതിന് പിന്നാലെയാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കൈമാറിയത്.
റോസ്ലിന്റെ ക്കളായ മഞ്ജുവും, സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. റോസ്ലിൻ വാടകയ്ക്ക് താമസിച്ചിരുന്ന കാലടിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഡി എൻ എ പരിശോധനയ്ക്കായി മൃതദേഹം രണ്ടു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബിജുവിന്റെ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹ അവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് നവംബർ 20 ന് കൈമാറിയിരുന്നു. പത്മയുടെ ഡിഎൻഎ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണ് മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് ബന്ധുക്കൾക്ക് കൈമാറിയത്. പത്മയുടെ മകൻ ശെൽവരാജും സഹോദരിയും ചേർന്ന് മൃതദേഹം തമിഴ്നാട്ടിലെ ധർമപുരിയിലേക്ക് കൊണ്ടുപോവുകയും ആചാരപ്രകാരം സംസ്കരിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ