- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണ കേസിൽ പരാതി നൽകിയപ്പോൾ അനങ്ങാതെ പൊലീസ്; ഒരാഴ്ച്ച കാവൽ നിന്ന് മോഷ്ടാവിനെ കൈയോടെ പിടികൂടി തൊടുപുഴയിലെ ഗ്യാരേജ് ഉടമ; മോഷണ മുതലും കണ്ടെടുത്തു പൊലീസിലേൽപ്പിച്ചു; മൽപ്പിടുത്തത്തിൽ മോഷ്ടാവിനും പരിക്കേറ്റു; കള്ളനെ പിടിച്ചു താരമായി ന്യൂമാൻ ഓട്ടോ ഗ്യാരേജ് ഉടമ ബിനു
ഇടുക്കി: മോഷണം സംബന്ധിച്ച് പരാതി പറഞ്ഞിട്ടും പൊലീസിന് അനങ്ങാപ്പാറ നയം. ഒരാഴ്ചയിലേറെ നീണ്ട രാത്രി കാവലിനൊടുവിൽ മോഷ്ടാവിനെ കുടുക്കി വർക്ക്ഷോപ്പുടമ. മൽപ്പിടുത്തിൽ ഏറ്റ പരിക്ക് ഗുരുതരമല്ലന്ന് ബോധ്യപ്പെട്ടപ്പോൾ അറസ്റ്റും നടപടികളുമായി പൊലീസ് ഇടപെടലും. ഇടുക്കി തൊടുപുഴയിൽ നിന്നാണ് ഈ അസാധാരണ സംഭവം പുറത്തുവന്നത്.
തൊടുപുഴ ആശീർവാദ് തീയറ്ററിന് സമീപം പ്രവർത്തിച്ചുവന്നിരുന്ന ന്യൂമാൻ ഓട്ടോ ഗ്യാരേജിൽ കവർച്ചയ്ക്കെത്തിയ അടിമാലി ഇരൂനൂറ് ഏക്കർ പാറപ്പിള്ളി അജയ ദാസി(27)നെയാണ് സ്ഥാപന ഉടമ മണക്കാട് കൊമ്പിക്കര ബിനു പതിയിരുന്ന പിടികൂടിയത്. ഈ മാസം 9 നും സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. അന്ന് 75000 ത്തോളം രൂപയുടെ സാധന-സാമഗ്രികളാണ് മോഷണം പോയത്. ഇത് സംബന്ധിച്ച് സ്ഥാപന ഉടമ ബിനു തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ഈ പരാതിയിൽ പൊലീസ് കേസെടുക്കാതെ ഉഴപ്പിക്കളിക്കുകയാണ് ഉണ്ടായത്. മോഷ്ടാവ് വീണ്ടും എത്താൻ ഇടയുണ്ടെന്നുള്ള സംശയത്തെത്തുടർന്ന് ബിനു സ്ഥാപനത്തിന് രാത്രി കാവൽ നിന്നിരുന്നു. തുടർച്ചയായി 9 ദിവസം രാത്രി വീട്ടിൽ പോകാതെ ബിനു സ്ഥാപനത്തിന് കാവൽ നിൽക്കുകയായിരുന്നു. 18-ന് പുലർച്ചെ വീണ്ടും കാറുമായി അയ്യപ്പദാസ് വർക്ക് ഷോപ്പിലെത്തി. സ്ഥാപനത്തിൽ കടന്ന് 100 കിലോയോളം സാധനങ്ങൾ കാറിൽ കയറ്റി.
ഈ സമയം സമീപത്ത് നിലയുറപ്പിച്ചിരുന്ന ബിനു അയ്യപ്പദാസിനെ പിടികൂടി കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ മൽപ്പിടുത്തമായി. ഒടുവിൽ ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ അജയ് ദാസിന്റെ തലയ്ക്ക് പരിക്കേറ്റു. തുടർന്ന് ഇയാളെ ബിനു തൊടുപുഴയിലെ ജില്ല ആശുപത്രിയിൽ എത്തിച്ചു. പരിക്ക് തലയ്ക്കായിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് വിശദമായ പരിശോധനയും നടത്തി.
പുറമെ ചെറിയ മുറിവ് മാത്രമാണ് ഉള്ളതെന്നും മറ്റ് പ്രശ്നങ്ങളില്ലന്നും ഇവിടുത്തെ പരിശോധനയിൽ വ്യക്തമായി. ഇതേത്തുടർന്ന് അജയ് ദാസിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ പട്ടയം കവല അറയ്ക്കപ്പറമ്പിൽ അബ്ദുൾ റസാഖി(50)ന്റെ ആക്രിക്കടയിൽ നിന്നും മോഷണ മുതൽ കണ്ടെടുത്തു.
ഇതെത്തുടർന്ന് ഇയാളെയും കേസിൽ പ്രതി ചേർത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിലും സംഭവത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നെന്നും ഇതിനിടയിൽ സ്ഥാപനത്തിന് കാവൽ ഏർപ്പെടുത്തിയതായും ബിനു അറിയിച്ചിരുന്നെന്നുമാണ് സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം.
മൽപ്പിടുത്തത്തിൽ ബിനുവിനും പരിക്കേറ്റിരുന്നു. മോഷ്ടാവിന്റെ പരിക്ക് 4 തുന്നിക്കെട്ടലിൽ ഒതുങ്ങിയതോടെയാണ് ബിനുവിന് ശ്വാസം നേരെ വീണത്. പരിക്ക് ഗുരുതരമായിരുന്നെങ്കിൽ ബിനു നിയമനടപടി നേരിടേണ്ടിവരുമായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.