പീരുമേട്: കടയിലെ പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ച പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. പീരുമേട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗർ. പൊലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

24ന് പാമ്പനാർ മാർക്കറ്റ് റോഡിലെ കടയിൽ നിന്ന് സാഗർ പണം മോഷ്ടിക്കുകയും കടയുടമ കൈയോടെ പിടികൂടുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫിൽ അംഗമായിരുന്ന സാഗർ ഉൾപ്പെട്ട സംഘം മുമ്പ് പാമ്പനാറിലെ യേശുദാസ് എന്നയാളുടെ കടയിൽ നിന്ന് പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.

ഇതിനു ശേഷം സാഗർ മിക്കപ്പോഴും ഈ കടയിൽ വരാറുണ്ടായിരുന്നു. സൗഹൃദം മുതലെടുത്ത് കടയിൽ എത്തിയാൽ കൗണ്ടറിൽ ഇരിക്കുകയും പതിവായിരുന്നു.  സംഭവ ദിവസം കടയിലെത്തിയ സാഗർ നാരങ്ങാവെള്ളം ആവശ്യപ്പെട്ടു. ഉടമ നാരങ്ങ വെള്ളം എടുക്കുന്നതിനിടെ കടയിലെ പണപ്പെട്ടി പൊലീസുകാരൻ തുറന്നു. മുൻപ് പല തവണ പൊലീസുകാരൻ കടയിൽ എത്തിയപ്പോൾ പെട്ടിയിൽ നിന്ന് പണം നഷ്ടപ്പെട്ടതിനാൽ കടയുടമ ചോദ്യം ചെയ്തു.

ബഹളം കേട്ട് സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളവരുമെത്തി. പൊലീസുകാരനോട് 40,000 രൂപ നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ടു. പൊലീസുകാരൻ ഇത് സമ്മതിക്കുകയും ചെയ്തു. കടയുടമ പരാതി നൽകാത്തതിനാൽ പൊലീസ് ഇതുവരെ കേസെടുത്തില്ല. സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെയാണ് വകുപ്പുതല നടപടിയുണ്ടായിട്ടുള്ളത്.

കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പീരുമേട് ഡിവൈഎസ്‌പി ജെ. കുര്യാക്കോസിനെ എസ്‌പി ചുമതലപ്പെടുത്തി. ഇതിനിടെ സാഗർ കുട്ടിക്കാനത്തെ ഒരു കടയിൽ നിന്ന് പണം തട്ടിയെടുത്തതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.