- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ കവർച്ച ഫോർട്ട് സ്റ്റേഷൻ പരിധിയിൽ; ഇടപ്പഴിഞ്ഞിയിൽ സംശയം തോന്നി താക്കോൽ ഊരിയെടുത്ത യുവാവിനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി; ബൈക്ക് തള്ളി സ്റ്റാർട്ടാക്കി എത്തിയത് ശ്രീകണ്ഠേശ്വരത്ത്; 'തോക്കിനെ' മറന്ന വയർലസ് സന്ദേശം പൊലീസുകാരന്റെ ജീവനെടുത്തേനെ; ആ മോഷ്ടാക്കളെ രക്ഷപ്പെടുത്തിയത് കൺട്രോൾ റൂമിന്റെ അലംഭാവം
തിരുവനന്തപുരം : നഗരമധ്യത്തിൽ തോക്കുമായി പട്ടാപ്പകൽ കവർച്ചക്കിറങ്ങിയ പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് സംഭവിച്ചത് വൻ വീഴ്ച. കൺട്രോൾ റൂമിൽ നിന്ന് കൃത്യമായ വിവരം നൽകാത്തതാണ് സേനയക്ക് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചത്. അതാണ് പ്രതികളെ കൺമുന്നിൽ കിട്ടിയിട്ടും പൊലീസുകാരന് ഒന്നും ചെയ്യാനാകാതെ നോക്കിനിൽക്കേണ്ടി വന്നത്. തോക്കുമായാണ് പ്രതികൾ കവർച്ചയ്ക്ക് ഇറങ്ങിയതെന്ന കാര്യം കൺട്രോൾ റൂമിൽ നിന്നുള്ള അറിയിപ്പിൽ ഉണ്ടായിരുന്നില്ല.
സാധാരണ കവർച്ചയെന്ന തരത്തിലായിരുന്നു അറിയിപ്പ് അത് അനുസരിച്ചായിരുന്നു പൊലീസിന്റെ പ്രവർത്തനവും. തോക്കുണ്ടെന്ന് അറിയാതെയാണ് ശ്രീകണ്ഠേശ്വരത്ത് വച്ച് പൊലീസുകാരൻ ഒറ്റയ്ക്ക് പ്രതികളുമായി ഏറ്റുമുട്ടിയതും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും. ഇന്നലെ ഈ സംഘം ആദ്യം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മേടമുക്ക് കാർത്തിക നഗറിൽ സുരേഷ് കുമാറിന്റെ വീട്ടിലായിരുന്നു. സ്വർണവും പണവും ഉ്ൾപ്പെടെ ഒന്നര ലക്ഷത്തോളം രൂപയുടെ കവർച്ച നടത്തി. ആളില്ലാതിരുന്ന വീട്ടിൽ ഉടമസ്ഥർ എത്തി മോഷണം നടന്ന വിവരം ഫോർട്ട് പൊലീസ് സ്റ്റേഷനെ അറിയിച്ചു.
തുടർന്ന് പരിശോധനയും എഫ്.ഐ.ആർ തയ്യാറാക്കലും നടക്കുന്നതിനിടെയാണ് ഇടപ്പഴിഞ്ഞിൽ നിന്നുള്ള സംഭവം പൊലീസിന്റെ വയർലെസിലൂടെ സന്ദേശമായെത്തിയത്. 12മണിയോടെയായിരുന്നു സംഭവം. ഇടപ്പഴഞ്ഞി സി.എസ്.എം നഗറിൽ മലയിൻകീഴ് ഗവ. ഹയർസസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സിന്ധുവിന്റെ വീട്ടിലായിരുന്നു കവർച്ചാ ശ്രമം. സിന്ധു സ്കൂളിലും മക്കൾ ജോലിസ്ഥലത്തുമായതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ഗേറ്റിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വീടിന്റെ മുൻവശത്തെ കതക് കുത്തി തുറക്കുന്നതിനിടെ വീടിന്റെ എതിർവശത്തെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീൺ ഇത് കണ്ടു. സ്ഥാപനത്തിൽ നിന്ന് ബാങ്കിൽ പണം അടയ്ക്കാൻ പോകാനായി സ്കൂട്ടർ എടുക്കുന്നതിനിടെയാണ് പ്രവീൺ അയൽവീട്ടിൽ അപരിചിതരെ കണ്ടത്. സിന്ധു സ്കൂളിലാണെന്ന് അറിയാമായിരുന്ന പ്രവീൺ വീടിന്റെ മുൻവാതിലിൽ നിന്നവരോട് ആരാണെന്ന് അന്വേഷിച്ചു. ഇവിടെ ആളില്ലെന്ന് ഹിന്ദിയിൽ പറഞ്ഞവർ വന്ന ആക്ടീവ സ്ക്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു.
കെഎൽ.22 എഫ് 3094 എന്ന നമ്പർ മഞ്ഞ ഹോണ്ടാ ആക്ടീവ സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രവീൺ തടഞ്ഞു. സ്കൂട്ടറിന്റെ താക്കോൽ പ്രവീൺ ഊരിയെടുത്തതോടെയാണ് പിൻസീറ്റിലിരുന്നയാൾ ബാഗിൽ ഒളിപ്പിച്ചിരുന്ന തോക്ക് ചൂണ്ടി താക്കോൽ തിരികെ ആവശ്യപ്പെട്ടത്. ഈ സമയത്ത് റോഡിൽ ആരുമുണ്ടായിരുന്നില്ല. താക്കോൽ തിരികെ നൽകാൻ വിസമ്മതിച്ച പ്രവീൺ സ്കൂട്ടറിൽ അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമയെ വിവരം അറിയിച്ചു. സ്ഥാപന ഉടമ ഇക്കാര്യം പൊലീസിനെ അറിയിച്ചു.
പൊലീസെത്തുമ്പോഴേക്കും താക്കോലില്ലാത്ത സ്കൂട്ടർ തള്ളി സ്റ്റാർട്ടാക്കി ഇരുവരും അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. വാഹന നമ്പർ സഹിതം പൊലീസ് നഗരത്തിലും റൂറൽ പൊലീസിലും അറിയിച്ചെങ്കിലും തോക്ക് ചൂണ്ടിയെന്ന വസ്തുത പൊലീസ് മറച്ചു വച്ചു. ഇതോടെ നഗരത്തിലെ പൊലീസുകാർ സാധാരണ കവർച്ച കേസിൽ പ്രതിയെ പിടികൂടുന്ന ലാഘവത്തോടെയാണ് കേസിനെ സമീപിച്ചത്. അതിനിടെയാണ് മൂന്ന് മണിയോടെ വഞ്ചിയൂർ ശ്രീകണ്ഠേശ്വരത്തെ ജ്യൂസ് കടയുടെ സമീപം സ്കൂട്ടർ കണ്ട ബീറ്റ് ഡ്യൂട്ടിയിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു വാഹനം തടയാൻ ശ്രമിച്ചത്. ഇയാൾക്ക് നേരെയും തോക്ക് ചൂണ്ടിയ സംഘം ഈഞ്ചയ്ക്കൽ ബൈപ്പാസിലേക്ക് പാഞ്ഞു.
ബാബു അറിയിച്ചതനുസരിച്ച് പൊലീസ് ഇവർക്കായി നഗരമാകെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതേസമയം സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴക്കൂട്ടം ചന്തവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിന്റെ നമ്പരാണിത്. അതേ നിറത്തിലുള്ള സ്കൂട്ടറാണ് ഇവരും ഉപയോഗിച്ചിരിക്കുന്നത്. പകൽ ആളില്ലെന്ന് മനസിലാക്കി വീടുകളിൽ കവർച്ച നടത്തുന്ന സംഘമാണിതെന്നാണ് വിവരം.
സിന്ധുവിന്റെ വീടിന്റെ സമീപത്തും ശ്രീകണ്ഠേശ്വരത്തും നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്