ചവറ: ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ കൊല്ലത്തെ തേവലക്കര. തേവലക്കര കളങ്ങര കിഴക്കേതിൽ നാണുവിന്റെയും പരേതയായ ശാന്തയുടെയും മകൻ ദേവദാസ് (37) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തേവലക്കര കളങ്ങര വീട് അജിത്തിനെ (39) തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു.

ഉറ്റ സുഹൃത്തുക്കളും സന്തത സഹചാരികളുമായിരുന്നു ദേവദാസും അജിത്തും. ഇരുവരും മരംവെട്ടു തൊഴിലാളികളാണ്. ദിവസവും ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന കൂട്ടുകാർ. മദ്യ ലഹരിയിൽ തർക്കത്തിലും കയ്യാങ്കളിയിലും ഏർപ്പെടാറുള്ളത് പതിവാണ്. ഭാര്യ ഉപേക്ഷിച്ച് പോയ ദേവദാസ് മിക്ക സമയവും കടത്തിണ്ണയിലാണ് കഴിയുന്നത്. അതേ കടത്തിണ്ണയിൽ വച്ചാണ് ദേവദാസിനെ അജിത്ത് വെട്ടിയത്. സംഭവത്തിനു സാക്ഷിയായ തഴവ പാവുമ്പ സ്വദേശി സുരേന്ദ്രനെയും കസ്റ്റഡിയിലെടുത്തു. എല്ലാം അടിക്കാതെ പോയ ലോട്ടറി ടിക്കറ്റിന്റെ പേരിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 1.15ന് കളങ്ങര ജംക്ഷനിലായിരുന്നു സംഭവം. ദേവസാദും അജിത്തും അപ്പോൾ മദ്യലഹരിയിലായിരുന്നു. ദേവദാസ് ഓണം ബമ്പർ ലോട്ടറി എടുത്തത് അജിത്തിനെ ഏൽപിച്ചിരുന്നു. നറുക്കെടുപ്പിന് ഒരു മണിക്കൂർ മുൻപ് ടിക്കറ്റ് തിരികെ ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ലോട്ടറി തിരികെ തരാത്ത തന്റെ കൈ വെട്ടിക്കൊള്ളാൻ അജിത്ത് ആവശ്യപ്പെട്ടു. ഉടനെ തന്റെ കൈ വെട്ടാൻ ദേവദാസ് പറഞ്ഞു. അജിത്ത് വീട്ടിൽ പോയി വെട്ടുകത്തിയുമായി തിരികെ എത്തി ദേവദാസിന്റെ വലുത് കൈക്കു വെട്ടുകയായിരുന്നു.

വെട്ടേറ്റ ദേവദാസ് തളർന്നു വീഴുകയും രക്തം വാർന്നു പോകുകയുമായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന സുരേന്ദ്രനെയും രക്ഷിക്കാനെത്തിയ നാട്ടുകാരെയും വെട്ടുകത്തിയുമായി വിരട്ടിയോടിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് തെക്കുംഭാഗം പൊലീസ് സ്ഥലത്ത് എത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. ദേവദാസിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

പൊലീസ് പറയുന്നത് ഇങ്ങനെ: മരംവെട്ട് തൊഴിലാളിയായ ദേവദാസും അജിത്തും സുഹൃത്ത് സുരേന്ദ്രനും സ്ഥിരമായി അടച്ചിട്ട കടയുടെ തിണ്ണയിൽ ഇരിക്കുന്നത് പതിവാണ്. ബുധനാഴ്ച ലോട്ടറിയെച്ചൊല്ലി സംസാരം ഉണ്ടായി. ദേവദാസ് എടുത്ത ഓണം ബംബർ ലോട്ടറി അജിത്തിനെ ഏൽപ്പിച്ചിരുന്നു. ഫലം വരുന്നതിനു മുമ്പ് ദേവദാസ് ലോട്ടറി തിരികെ ചോദിച്ചെങ്കിലും കൊടുക്കാൻ അജിത് തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

മദ്യലഹരിയിലായിരുന്ന അജിത് സമീപത്തുള്ള സ്വന്തം വീട്ടിൽനിന്ന് വെട്ടുകത്തിയുമായെത്തി ദേവദാസിനെ ആക്രമിക്കുകയായിരുന്നു. വെട്ടുകൊണ്ട് ദേവദാസിന്റെ വലതുകൈ അറ്റുതൂങ്ങി. നിലത്തുവീണ ദേവദാസിനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അജിത് ആരെയും അടുക്കാൻ സമ്മതിച്ചില്ല. അപ്പോഴേക്കും രക്തംവാർന്ന് ദേവദാസ് അവശനിലയിലായിരുന്നു.

സംഭവമറിഞ്ഞ് ചവറ തെക്കുംഭാഗം സിഐ ദിനേശ്കുമാർ, എസ്‌ഐമാരായ ഗോപകുമാർ, ക്രിസ്റ്റിൻ ആന്റണി, എസ്സിപിഒമാരായ ദിനേസ്, സിബി, സിപിഒ രാജീവ് എന്നിവരുടെ സംഘം നാട്ടുകാരുടെ സഹായത്തോടെ അജിത്തിനെ കീഴ്പ്പെടുത്തി ദേവദാസിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.