മലപ്പുറം: കൈക്കൂലിപ്പണവുമയി തിരൂർ സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അറ്റൻഡർ വിജിലൻസ് പിടിയിൽ. ഇയാളിൽനിന്നും 1000 രൂപ കൈക്കൂലിപ്പണം പിടികൂടി. കുടുങ്ങിയത് അടുത്ത മെയ്‌ മാസം വിരമിക്കാനിരിക്കുന്ന ജീവനക്കാരൻ. ചെറിയമുണ്ടം വാണിയന്നൂർ സ്വദേശി ഗിരീഷ്‌കുമാറിന്റെ പരാതി പ്രകാരമാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്‌പി ഫിറോസ് എം ഷഫീക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തിയത്.

പരാതിക്കാരൻ വിജിലൻസ് നൽകിയ 1000 രൂപ കൈമാറിയതിന് പിന്നാലെ വിജിലൻസ് സംഘം ഓഫീസ് അസിസ്റ്റന്റ് കോഴിക്കോട് മേപ്പയൂർ സ്വദേശി ബാബു രാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭൂമിയുടെ ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പി ക്കാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു മാസം മുമ്പ് ഓൺലൈനാ യാ ണ് ഗിരീഷ് അപേക്ഷ സമർപ്പിച്ചത്. വിജിലൻസ് സിഐമാരായ ജ്യോതീന്ദ്രകുമാർ,വിനോദ്, ജിം സ്റ്റൽ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

അതേ സമയം മഞ്ചേരി മുനിസിപ്പൽ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്ന് മഞ്ചേരി നഗരസഭയിൽ കഴിഞ്ഞ ദിവസം വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. ചട്ടം ലംഘിച്ച് സെക്രട്ടറി ഫണ്ട് കൈമാറ്റം ചെയ്തതായി കണ്ടെത്തിയതായാണ് വിവരം. എഞ്ചിനിയറിങ് വിഭാഗത്തിലാണ് മലപ്പുറം വിജിലൻസ് സിഐ പി.ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പരിശോധന നടത്തിയത്.

കഴിഞ്ഞ മാസം സ്ഥലം മാറിപ്പോയ സെക്രട്ടറി പി.സുഗധകുമാറിനെതിരെ കരാറുകാരനായ മലപ്പുറം മേൽമുറി സ്വദേശി നൂറേങ്ങൽ അഷ്‌റഫ് നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം എത്തിയത്. 2019 മുതൽ 2022 വരെ ആറ് റോഡുകളുടെ പ്രവൃത്തിയാണ് കരാറുകാരൻ ഏറ്റെടുത്ത് പൂർത്തീകരിച്ചത്. 19 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ലഭിക്കാനുള്ളത്. ഇത് ആവശ്യപ്പെട്ടപ്പോൾ കിട്ടാനുള്ള തുകയുടെ അഞ്ച് ശതമാനം നൽകാൻ തയാറാണെങ്കിൽ ബില്ല് വേഗത്തിൽ പാസാക്കാമെന്ന് സെക്രട്ടറി പറഞ്ഞതായി കരാറുകാരൻ വിജിലൻസിന് മൊഴി നൽകി. സീനിയോരിറ്റി അനുസരിച്ച് കരാറുകാർക്ക് ബില്ലുകൾ മാറി നൽകണമെന്നാണ് ചട്ടം.

എന്നാൽ 2019ലെ ബില്ലുകൾ നൽകാതെ ഈ വർഷത്തെ ബില്ല് പാസാക്കിയതായി തെളിഞ്ഞു. ഇറിഗേഷൻ ഡിവിഷണൽ അകൗണ്ട്‌സ് ഓഫീസർ പി.ജെ അനുമോൾ, വിജിലൻസ് എസ് ഐ എം.കെ ധനേഷ്, എം പ്രശോഭ്, ഷിഹാബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൂന്ന് മാസത്തിനകം മുഴുവൻ തുകയും കരാറുകാരൻ കൈമാറണമെന്ന് നവംബർ മൂന്നിന് കോടതി വിധിയുണ്ട്.