വടകര: തിരുവള്ളൂർ മഹാശിവക്ഷേത്രത്തിനു സമീപം യുവതിയെയും രണ്ടുമക്കളെയും വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹ തുടരുന്നു. മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്തലക്ഷ്മി (അഖില-24), മക്കളായ കശ്യപ് (ആറ്), വൈഭവ് (ആറുമാസം) എന്നിവരാണ് മരിച്ചത്. മക്കളെയുംകൊണ്ട് അഖില കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ആത്മഹത്യക്കുറിപ്പ് കിണറ്റിൻകരയിൽനിന്ന് കണ്ടെടുത്തു.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിധീഷിനോട് ഇഷ്ടമാണെന്നും അടുത്തജന്മത്തിൽ ഒന്നിച്ചുജീവിക്കാമെന്നും അച്ഛനെയും അമ്മയെയും നോക്കണമെന്നും കത്തിലുണ്ട്. ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ലെന്നും കത്തിൽ പറയുന്നു. ഈ കത്താണ് ദുരൂഹത കൂട്ടുന്നത്. എന്തിനായിരുന്നു ആത്മഹത്യയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തും. അഖിലയുടെ ഫോൺ അടക്കം പരിശോധിക്കും.

'നിധീഷേട്ടാ ഞാൻ പോവുന്നു... മക്കളെയും കൂടെ കൂട്ടുന്നു... ഇനി വയ്യ... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വീണ്ടും കാണാം.... അച്ഛനെയും അമ്മയെയും നല്ലണം നോക്കണം' ഇങ്ങനെയാണ് അഖിലെയെന്ന അനന്ത ലക്ഷ്മിയുടെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ശാന്തി കർമ്മ ജോലി ചെയ്യുന്ന നിധീഷ് ഇന്നലെ വീട്ടിലുണ്ടായിരുന്നില്ല. കണ്ണൂർ പാനൂർ ഭാഗത്തെ വീട്ടിലായിരുന്നു പൂജാ കർമ്മങ്ങൾ നടത്താൻ നിധീഷ് ഉണ്ടായിരുന്നത്.

ഭർത്താവ് നിധീഷ് ശനിയാഴ്ച രാത്രി പാനൂരിൽ പൂജയ്ക്കായി പോയി. ഞായറാഴ്ച രാവിലെ അഖിലയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഉച്ചയ്ക്ക് 12.30-ഓടെയാണ് നിധീഷ് വീട്ടിലെത്തിയത്. ഭാര്യയെയും മക്കളെയും കാണാത്തതിനെത്തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് ഒരു കുട്ടിയെ കണ്ടത്. നിധീഷ് ഒച്ചവെച്ച് പരിസരവാസികളെ കൂട്ടി. തുടർന്ന് നാട്ടുകാർ ഇറങ്ങി ഇളയകുട്ടി വൈഭവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

വടകരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് അഖിലയെയും മൂത്തമകൻ കശ്യപിനെയും പുറത്തെടുത്തത്. കശ്യപിനെ അഖിലയുടെ ശരീരത്തോട് തുണികൊണ്ട് കൂട്ടിക്കെട്ടിയനിലയിലായിരുന്നു. നിധീഷിന്റെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഇരുവരും അസുഖബാധിതരായതിനാൽ ഒന്നുമറിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ തന്നെ വീട്ടിലെത്തണമെന്ന് പുലർച്ചെ ഒരു മണിക്ക് അയച്ച അഖിലയുടെ വാട്‌സ് ആപ്പ് മെസേജ് കണ്ട് രാവിലെ ഫോണിൽ വിളിച്ചിട്ടും ഭാര്യയെ കിട്ടാത്തതിനാലാണ് നിധീഷ് തിരികെ വീട്ടിലെത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് മുറികൾ പൂട്ടിയിട്ട നിലയിൽ കണ്ടു. തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ഇളയ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

മൂന്നുപേരുടെയും മൃതദേഹം വടകര ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ സുധീർകുമാറിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് നെന്മാറ അയിലൂർ തേർഡ് സ്ട്രീറ്റിലെ പരേതനായ ശ്രീരാമ അയ്യരുടെയും സത്യവതിയുടെയും മകളാണ് അഖില. സഹോദരൻ: സുന്ദരം.