മലപ്പുറം: ഭണ്ഡാരം തകര്‍ത്ത് ക്ഷേത്രത്തില്‍ നിന്നും പതിനായിരം രൂപ കവര്‍ന്നു. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഭക്തര്‍ സമര്‍പ്പിച്ച തുകയാണു മോഷണം പോയത്. മഞ്ചേരിയില്‍ ചൊവ്വാഴ്ച രാത്രിയില്‍ രണ്ടിടങ്ങളിലാണു മോഷണം നടന്നത്. തിരുവായപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തുറക്കലില്‍ മലബാര്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന യാഗ്മ കബാബ്സ് റെസ്റ്റോറന്റിലുമാണ് മോഷ്ടാവ് കയറിയത്.

ക്ഷേത്രത്തില്‍ നിന്ന് ഏകദേശം പതിനായിരം രൂപ കവര്‍ന്നു. ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രം തുറക്കാനെത്തിയ മേല്‍ശാന്തിയാണ് ഭണ്ഡാരം തുറന്നുകിടക്കുന്നത് കണ്ടത്. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഭക്തര്‍ സമര്‍പ്പിച്ച തുകയാണ് ഭണ്ഡാരത്തില്‍ ഉണ്ടായിരുന്നത്. ഇതാണ് കവര്‍ന്നത്.

ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരം തകര്‍ത്ത ശേഷം ഓഫീസ് മുറിയിലേക്ക് മോഷ്ടാവ് എത്തിയ വഴിയില്‍ വിലപിടിപ്പുള്ള വിളക്കുകളും ചെമ്പുപാത്രങ്ങളും ഉണ്ടായിരുന്നെങ്കിലും ഇതൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഓഫീസ് മുറിയിലെ രണ്ട് അലമാരകളുടെ പൂട്ട് തകര്‍ത്തു. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തെ പ്രവേശന കവാടം ചാടികടന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് കരുതുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ബിനോയ് ഭാസ്‌കറിന്റെ പരാതിയില്‍ മഞ്ചേരി പൊലിസ് കേസെടുത്തു.

മഞ്ചേരി സി.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പരിസരത്തെ കെട്ടിടങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ പരിശോധനയില്‍ പുലര്‍ച്ചെ 1.15നും 2.20നും ഇടയില്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.25നാണ് തുറക്കല്‍ യാഗ്മ കബാബ്സ് റെസ്റ്റോറന്റില്‍ മോഷ്ടാവ് എത്തിയത്.

രാത്രി 12ന് കടയടച്ച് പോയതായിരുന്നു കടയുടമ. ഇന്നലെ രാവിലെ 10.30ന് റെസ്റ്റോറന്റ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. റെസ്റ്റോറന്റില്‍ നിന്ന് പണം നഷ്ടമായിട്ടില്ല. മോഷ്ടാവ് ടോര്‍ച്ച് തെളിച്ച് സ്ഥാപനത്തിനകത്തെ ഷെല്‍ഫിന്റെ അടുത്തേക്ക് നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മുണ്ടും ടീഷര്‍ട്ടും ധരിച്ച് തലയില്‍ മുണ്ടിട്ടാണ് മോഷ്ടാവ് എത്തിയത്. ഷെല്‍ഫിലെ പേപ്പറുകളും ബില്ലുകളും മറിച്ച് തിരഞ്ഞ നിലയിലായിരുന്നു.

കൂടുതല്‍ ഇടപാടുകളും ഓണ്‍ലൈന്‍ മുഖേന ആയതിനാല്‍ ചെറിയ തുക മാത്രമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ഇത് നഷ്ടപ്പെട്ടിട്ടില്ല. റെസ്റ്റോറന്റ് ഉടമ പി.കെ ഹസന്‍ പൊലിസില്‍ പരാതി നല്‍കി.