ന്യൂഡൽഹി: ഒരു മാസത്തോളം നിന്നു് സ്റ്റേഷനിൽ വരുന്ന തീവണ്ടികളുടെ എണ്ണമെടുത്തപ്പോഴാണ് ഉദ്യോഗാർത്ഥികളിൽ പലർക്കും സംശയങ്ങൾ തോന്നിത്തുടങ്ങിയത്.പിന്നിട് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കോടികളുടെ തട്ടിപ്പും.തമിഴ്‌നാട്ടിലെ അഭ്യസ്തവിദ്യരായ നിരവധി പേരാണ് ഡൽഹിയിൽ റെയിൽവേയുടെ പേരിലുള്ള തട്ടിപ്പിന് ഇരയായത്.

സംഭവം ഇങ്ങനെ..എന്താ ജോലി? റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്ന ട്രെയിനുകളുടെയും കോച്ചുകളുടെയും എണ്ണം എടുക്കൽ. ഇങ്ങനെയാണ് അവരോടു പറഞ്ഞത്. ദിവസവും 8 മണിക്കൂർ പണിയെടുക്കണം.ഇത് ആദ്യഘട്ട പരിശീലനത്തിന്റെ ഭാഗമാണെന്നും ഓർമിപ്പിച്ചു. ട്രെയിൻ എണ്ണിയെണ്ണി ഒരു മാസത്തിനു ശേഷമാണു സംഭവം തട്ടിപ്പാണെന്ന് ഉദ്യോഗാർഥികൾ മനസ്സിലാക്കിയത്.

തമിഴ്‌നാട്ടിലെ മികച്ച വിദ്യാഭ്യാസമുള്ള 28 യുവാക്കളെയാണ് ഈ 'ജോലി' ഏൽപ്പിച്ചത്. ഡൽഹിയിലെ വമ്പൻ ജോലിതട്ടിപ്പിൽ 2 ലക്ഷം മുതൽ 24 ലക്ഷംവരെ നൽകിയവരാണ് ഇവർ. ഏകദേശം 2.67 കോടിയുടെ തട്ടിപ്പാണു നടന്നിരിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ പരാതി നൽകിയതോടെയാണു തട്ടിപ്പുവിവരം പുറത്തറിയുന്നത്.

ടിടിഇ, ട്രാഫിക് അസിസ്റ്റന്റ്, ക്ലർക്ക് പോസ്റ്റുകളിലേക്കുള്ള പരിശീലനം എന്നു പറഞ്ഞ് യുവാക്കളെ ട്രെയിൻ എണ്ണാൻ വിടുകയായിരുന്നു. മുൻ സൈനികനായ സുബ്ബസ്വാമിയെ (78) മുൻനിർത്തിയാണു തട്ടിപ്പുകാർ യുവാക്കളെ വലയിലാക്കിയത്. -

റെയിൽവേ ജോലിക്കായി പണം വാങ്ങിയശേഷം യുവാക്കളെ ട്രെയിൻ എണ്ണാൻ സ്റ്റേഷനിലെത്തിച്ചു. തനിക്ക് ഈ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും വികാസ് റാണ എന്നയാൾക്കാണു പണം നൽകിയതെന്നും പരാതി നൽകിയ സുബ്ബസ്വാമി പറയുന്നു.

എൻജിനീയറിങ് അടക്കമുള്ള കോഴ്‌സുകൾ പൂർത്തിയാക്കിയവരാണു തട്ടിപ്പിന് ഇരയായത്. മെഡിക്കൽ പരിശോധന, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, അഭിമുഖം എന്നിവ നടത്തി യുവാക്കളുടെ വിശ്വാസം നേടിയായിരുന്നു തട്ടിപ്പ്.

ഉദ്യോഗാർഥികൾക്കു നൽകിയ ട്രെയിനിങ് ഉത്തരവ്, ഐഡി കാർഡുകൾ, ട്രെയിനിങ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്, അപ്പോയിന്റ്‌മെന്റ് ലെറ്റർ തുടങ്ങിയവ വ്യാജമാണെന്നു കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.