- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബി രൂപവത്കരിച്ചതു മുതൽ 17 അംഗ ഡയറക്ടർ ബോർഡ്; ചെയർമാൻ മുഖ്യമന്ത്രി; എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായി; മസാല ബോണ്ടിൽ തനിക്കു മാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുൻ ധനകാര്യമന്ത്രി പറയുമ്പോൾ പ്രതിക്കൂട്ടിലേക്ക് പിണറായി; തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
തിരുവനന്തപുരം: മസാല ബോണ്ടിൽ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുൻ ധനകാര്യമന്ത്രി തോമസ് ഐസകിന്റെ വാദം മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കിയേക്കും. മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡി.ക്ക് നൽകിയ മറുപടിയിൽ പറയുന്നു. ഫലത്തിൽ രേഖാമൂലം എല്ലാം ചെയ്തത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് പറഞ്ഞു വയ്ക്കുകയാണ് തോമസ് ഐസക്. സിപിഎമ്മിനോടും മുഖ്യമന്ത്രിയോടും ആലോചിക്കാതെയാണ് ഈ മറുപടി നൽകിയത് എന്നാണ് സൂചന.
കഴിഞ്ഞദിവസമായിരുന്നു ഇ.ഡി.ക്ക് മുമ്പിൽ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാൽ, അദ്ദേഹം കഴിഞ്ഞദിവസവും ഹാജരായിരുന്നില്ല. തുടർന്നാണ് ഇ.ഡി.യ്ക്ക് മറുപടി നൽകിയത്. ഈ മറുപടിയിലാണ് തന്നോടല്ല ചോദിക്കേണ്ടത് എന്ന സൂചന തോമസ് ഐസക് നൽകുകയാണ്. 'കിഫ്ബി മസാലബോണ്ടിൽ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല', തോമസ് ഐസക് നൽകിയ ഏഴുപേജുള്ള മറുപടിയിൽ പറയുന്നു.
'കിഫ്ബിയുടെ വൈസ് ചെയർമാൻ, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ മന്ത്രി എന്ന നിലയിൽ വഹിക്കേണ്ടിവന്നചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല' എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിൽ വ്യക്തത വരുത്തിയാണ് ഇപ്പോൾ മുഖ്യമന്ത്രി ചെയർമാനായ ബോർഡ് അംഗം കൂട്ടായാണ് തീരുമാനം എടുത്തിരുന്നതെന്നും ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമായിരുന്നു തനിക്കെന്നും തോമസ് ഐസക് കത്തിൽ പറയുന്നത്. ഇതോടെ കിഫ്ബി ഇടപാടിൽ തെളിവുണ്ടെങ്കിൽ മുഖ്യമന്ത്രിയെ കേസിൽ പ്രതിചേർക്കേണ്ട സാഹചര്യം ഉണ്ടാകും. ഇഡിയുടെ തുടർ നടപടികൾ ഇനി ശ്രദ്ധേയമാണ്.
കിഫ്ബി മസാലബോണ്ട് സംബന്ധിച്ചും അതിലൂടെ ലഭിച്ച ധനത്തിന്റെ വിനിയോഗം സംബന്ധിച്ചുമുള്ള കാര്യങ്ങളിൽ മൊഴിനൽകാനാണ് തോമസ് ഐസക്കിനോട് ഇ.ഡി. അന്വേഷണസംഘംഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ജനുവരി 12-ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നും തോമസ് ഐസക് ഹാജരായിരുന്നില്ല. ഇതുസംബന്ധിച്ച് ഒന്നരവർഷത്തിനുശേഷമാണ് നോട്ടീസ് അയച്ചത്. ആദ്യം നൽകിയ രണ്ടുസമൻസുകൾ ഹൈക്കോടതിയിൽ തോമസ് ഐസക് ചോദ്യംചെയ്തിരുന്നു. ഹർജിയിൽ തുടർനടപടികൾ ഹൈക്കോടതി കഴിഞ്ഞമാസം അവസാനിപ്പിച്ചിരുന്നു.
ചുറ്റിത്തിരിയുന്ന അന്വേഷണമോ (റോവിങ് എൻക്വയറി) പരാതി സ്ഥാപിച്ചെടുക്കാനായുള്ള അന്വേഷണമോ നടത്തരുതെന്ന് ഇ.ഡി.യോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ ഇ.ഡി. നൽകിയ സമൻസ് കോടതിവിധിയുടെ അന്തസ്സത്തയെ മാനിക്കാത്തതാണെന്നാണ് തോമസ് ഐസക്കിന്റെ വാദം. തോമസ് ഐസക്കിനെതിരെ ഇ.ഡി. ഹൈക്കോടതിയിലേക്ക് പോകുമെന്നാണ് സൂചന. തോമസ് ഐസക് കോടതിയെ സമീപിക്കാനുള്ള സാധ്യത മനസ്സിലാക്കിയാണ് ഇത്. തോമസ് ഐസക് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാകും ഇ.ഡി കോടതിയിൽ എത്തുക. ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇ.ഡി. അറസ്റ്റ് ചെയ്യില്ല. മറിച്ച് കോടതിയെ സമീപിക്കും.
കേസിൽ ഇ.ഡിക്ക് ആവശ്യമായ വിവരങ്ങൾ ചോദിച്ചറിയാൻ 4 തവണ തോമസ് ഐസക്കിനു സമൻസ് അയച്ചിട്ടും അദ്ദേഹം ഹാജരായില്ല. ഈ സാഹചര്യത്തിൽ കിഫ്ബി മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ പക്കലുള്ള തെളിവുകൾ കോടതി മുൻപാകെ ഹാജരാക്കിയ ശേഷം തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. ഇത് നിർണ്ണായകമാകും. രാഷ്ട്രീയ വിമർശനങ്ങളും ഇതിലൂടെ ഒഴിവാക്കാം. ഐസകിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യം കിട്ടിയാൽ അത് തിരിച്ചടിയാകും ഇഡിക്ക്. അതുകൊണ്ടാണ് പുതിയ നീക്കം.
തെളിവുകൾ കോടതിയിൽ ഹാജരാക്കി പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നു കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം തോമസ് ഐസക്കിനെതിരെ കടുത്ത നടപടികളിലേക്ക് ഇ.ഡി. കടന്നേക്കും. ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ചട്ട ലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണു തോമസ് ഐസക്കിനോട് നേരിട്ടു ഹാജരാകാൻ ഇ.ഡി. തുടർച്ചയായി ആവശ്യപ്പെടുന്നത്. ശക്തമായ തെളിവുകൾ ഇ.ഡിക്കു ഹാജരാക്കാൻ കഴിഞ്ഞാൽ തുടർ നടപടികളിൽ കോടതിയും ഇടപെടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനായി കേരള അടിസ്ഥാനസൗകര്യ നിക്ഷേപഫണ്ട് നിയമപ്രകാരം സ്ഥാപിതമായ ധനകാര്യ ബോർഡ് കോർപറേറ്റാണ് കിഫ്ബി. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ 2019 മെയ് 17-ന് മസാല ബോണ്ടുകൾ വിതരണംചെയ്തു. 7.23 ശതമാനം പലിശയ്ക്ക് 2,150 കോടി രൂപയാണ് ഇങ്ങനെ സമാഹരിച്ചത്. ഇതിൽ സി.എ.ജി. ക്രമക്കേട് കണ്ടെത്തിയതോടെ മസാലബോണ്ട് വിവാദത്തിലായി. പിന്നാലെയാണ് ഇ.ഡി. കേസെടുത്തത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട തുകയുടെ മൂന്നിരട്ടിവരെ പിഴയായി ഈടാക്കാമെന്നാണ് ഫെമ നിയമത്തിലെ സെക്ഷൻ 13-ൽ വ്യവസ്ഥ ചെയ്യുന്നത്. അങ്ങനെയെങ്കിൽ ചുമത്താവുന്ന പരമാവധി പിഴത്തുക 6,450 കോടിരൂപയാണ്.
വിദേശ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. രാജ്യത്തിനുള്ളിൽനിന്നു മാത്രമേ സഞ്ചിതനിധി സെക്യൂരിറ്റിയായി നൽകി വായ്പയെടുക്കാനാകൂ. ഇതിനുവേണ്ടി സംസ്ഥാനം നിയമം നിർമ്മിക്കണം. കിഫ്ബിപോലുള്ള കോർപറേറ്റ് സംവിധാനത്തിലൂടെയും ഇപ്രകാരം വിദേശവായ്പ എടുക്കാനാകില്ലെന്ന് സി.എ.ജി. കണ്ടെത്തിരുന്നു. ഇതും ഇ.ഡി.യുടെ കേസിന്റെ അടിസ്ഥാനമാവും.
മറുനാടന് മലയാളി ബ്യൂറോ