മലപ്പുറം: സ്റ്റോക്ക് മാർക്കറ്റിങ് ട്രേഡിംഗിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. വഴിക്കടവ് മുണ്ടയിൽ നാഫി അസോസിയേറ്റ്‌സ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന പൂവത്തിപ്പൊയിൽ കാട്ടുമഠത്തിൽ നിസാബുദീൻ (32), ബാർബർമുക്ക് ചക്കിപ്പറമ്പൻ മുഹമ്മദ് ഫഹദ് വട്ടപ്പാടം, വടക്കൻ ഇല്യാസ് എടക്കര എന്നിവരെയാണ് വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതികൾ ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പൊലീസ് പിടിയിലായത്. ഓഹരി വിപണിയിൽ ലക്ഷങ്ങൾ മുടക്കിയാൽ കോടികൾ കൊയ്യാൻ സാധിക്കുമെന്ന് ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകിയാണ് സംഘം നിക്ഷേപങ്ങൾ സ്വീകരിച്ചത്. ഈ കേസിൽ 10 ലക്ഷം രൂപ വഴിക്കടവ് സ്വദേശിയെ കബളിപ്പിച്ച് തട്ടിയെടുത്ത സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പണം നിക്ഷേപിച്ച ശേഷം തുടക്കത്തിൽ ലാഭവിഹിതം എന്ന പേരിൽ തുച്ഛമായ പണം മാത്രമാണ് ഇയാൾക്ക് ലഭിച്ചത്. നിരവധി പേർ തട്ടിപ്പിനിരയായിരുന്നെങ്കിലും പ്രതികളുടെ ഭീഷണി മൂലം ആരും പരാതിയുമായി എത്തിയിരുന്നില്ല.

കയ്യിൽ പണമില്ലാത്തവരിൽ നിന്നും പ്രതികൾ നിക്ഷേപകരുടെ പേരിലുള്ള ഭൂമി വരെയും നിക്ഷേപങ്ങളായി സ്വീകരിച്ചിരുന്നു. ഈ ഭൂമി പ്രതികളുടെ ബിനാമികളുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഷെയറിൽ നിക്ഷേപിക്കുകയും, പിന്നീട് പ്രതികൾ സ്വന്തം പേരിലേക്ക് മാറ്റുകയുമായിരുന്നു. വില്ലാ പ്രൊജക്ട് എന്ന പേരിലും നിലമ്പൂർ കൺവെൻഷൻ സെന്റർ എന്ന പേരിലും കോടികൾ തട്ടിപ്പ് നടത്തിയ ഇവർ ഓഡിറ്റോറിയം പ്രൊജക്ട് എന്നി പേരിൽ പുതിയ തട്ടിപ്പും ആരംഭിച്ചിരുന്നു. അറസ്റ്റിലായ പ്രതികളിൽ നിന്ന് നിരവധി പ്രമാണങ്ങളും വ്യാജ എഗ്രിമന്റ്കളും പൊലീസ് പിടിച്ചെടുത്തു.

പ്രതികളുടെ വഴിക്കടവിലെ ഓഫീസിൽ നിന്നും നിരവധി ബാങ്ക് അക്കൗണ്ടുകളും, ചെക്ക് ബുക്കും കൂടാതെ നിരവധി മുദ്ര പേപ്പറുകളും കമ്പ്യൂട്ടറുകളും, പ്രതികളുടെ കാറും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫീസ് പൊലീസ് പൂട്ടി സീൽ ചെയ്തു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധി പേർ പരാതിയുമായി വഴിക്കടവ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. പണം നഷ്ടപ്പെട്ടവർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്.ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർഡി.വൈ.എസ്‌പി. സാജു.കെ.ഏബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്ന് വഴിക്കടവ് ഇൻസ്‌പെക്ടർ മനോജ് പറയറ്റയുടെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ് ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എഎസ്ഐ കെ മനോജ്, സി.പി.ഒമാരായ റിയാസ് ചീനി, എസ് പ്രശാന്ത് കുമാർ, ഇ.ജി പ്രദീപ്, കെ അബ്ദുൾ നാസർ, എസ് ശ്രീകാന്ത, കെ നിജേഷ്, കെ.സി ഗീത എന്നിവരുമുണ്ടായിരുന്നു.